Rohingya:ദില്ലിയിലെ കുപ്പക്കൂനകള്‍ക്കിടയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ദുരിത ജീവിതം…

ഐക്യരാഷ്ട്രസഭയുടെ കാര്‍ഡ് ഉണ്ടായിട്ടും കുപ്പക്കൂനകള്‍ക്കിടയിലാണ് ദില്ലിയില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ(Rohingyan Refugees) ജീവിതം. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഫ്‌ളാറ്റ് നല്‍കുമെന്നും ഇല്ലെന്നുമൊക്കെയുള്ള പ്രഖ്യാപനവും തിരുത്തലുമൊക്കെ വലിയ ചര്‍ച്ചയാണ്. ഫ്‌ളാറ്റ് നല്‍കിയാലും ഇല്ലെങ്കിലും നാടുകടത്തരുതെന്ന അപേക്ഷ മാത്രമെ ഇവര്‍ക്കുള്ളു.

ഇന്ത്യയില്‍ അഭയം തേടിയെത്തിയ നാല്പതിനായിരത്തോളം റോഹിങ്ക്യകളാണ് രാജ്യത്തെ വിവിധ നഗരങ്ങളിലായി ജീവിക്കുന്നത്. ഇവരെ ഫ്‌ളാറ്റുകളിലേക്ക് മാറ്റുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പ്രഖ്യാപിച്ചിരുന്നു. ഈ ദയനീയാവസ്ഥക്കിടയില്‍ എല്ലാവര്‍ക്കും വലിയ ആശ്വാസമായിരുന്നു ആ പ്രഖ്യാപനം. എന്നാല്‍ ആഹ്‌ളാദത്തിന് അധികം ആയുസുണ്ടായില്ല. കേന്ദ്ര നഗരവികസന മന്ത്രിയുടെ പ്രഖ്യാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളി. റോഹിങ്ക്യകള്‍ രാജ്യം വിടുക തന്നെ വേണം. അതുവരെ ഇവരെ തടവറകളിലേക്ക് മാറ്റും ഇതായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന. മ്യാന്‍മറിലെ വംശീയ കൂട്ടക്കുരുതി ഭയന്ന് എല്ലാ സ്വത്തുക്കളും ഉപേക്ഷിച്ച് ജീവനും കൊണ്ട് രക്ഷപ്പെട്ടാണ് ഇവരെല്ലാം. മ്യാന്‍മര്‍ ഇവര്‍ക്കിന്ന് പേടിസ്വപ്നമാണ്.

മാലിന്യങ്ങള്‍ പെറുക്കി വിറ്റാണ് ഭൂരിഭാഗം പേരും ജീവിക്കുന്നത്. തകരവും തുണിയും കൊണ്ട് മറച്ച കുടിലുകളില്‍ പുഴുക്കളെ പോലെയാണ് ഇവരുടെ ജീവിതം. അടിസ്ഥാന സൗകര്യങ്ങള്‍പോലും ഇവര്‍ക്കില്ല. ഇവരില്‍ തീവ്രവാദികളുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞത്. സര്‍ക്കാരിനെ മാത്രമല്ല, മാധ്യമങ്ങളെയും ഇന്നിവര്‍ക്ക് ഭയമാണ്. മാധ്യമങ്ങളോട് എന്തെങ്കിലും പറഞ്ഞാല്‍ ബുള്‍ഡോസറുകള്‍ കൊണ്ടുവന്ന് കുടിലുകള്‍ ഇടിക്കുമെന്നാണ് സര്‍ക്കാരില്‍ നിന്നുള്ള ഭീഷണി. അതിനാല്‍ ക്യാമറക്ക് മുമ്പിലേക്ക് വരാന്‍ പലരും ഭയപ്പെടുന്നു. രാഷ്ട്രീയത്തിനപ്പുറത്ത് മനുഷ്യത്വപരമായ ഇടപെടലാണ് റോഹിങ്ക്യകളുടെ കാര്യത്തില്‍ ഉണ്ടാകേണ്ടത്. എത്രകാലം അതിനായി കാത്തിരിക്കണമെന്ന് അറിയില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News