Bilkis Bano; ബിൽക്കിസ് ബാനുവും പ്രതികളുടെ മോചനവും

ആസാദി കാ അമൃത് മഹോത്സവ് രാജ്യമെങ്ങും ആഘോഷിച്ചപ്പോൾ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് ബിൽക്കിസ് ബാനു കൂട്ട ബലാൽസംഗ കേസ്. ഗുജറാത്ത് കലാപത്തിൻ്റെ നിഷ്ഠൂരമായ സംഭവങ്ങളിൽ ഒന്നായ ഈ കേസിൽ സുപ്രീംകോടതി ശിക്ഷിച്ച 11 പ്രതികളെയും ഗുജറാത്ത് സർക്കാർ ജയിൽ മോചിതരാക്കി. 15 വർഷത്തിലേറെയായി ജയിലിൽ കിടന്നു എന്നാണ് ഗുജറാത്തിലെ ബിജെപി സർക്കാരിൻ്റെ ന്യായീകരണം.

ഗുജറാത്ത് കലാപത്തിൻ്റെ ജീവിക്കുന്ന രക്തസാക്ഷിയായി അതിജീവനത്തിൻ്റെ പേരായി മാറിയ സ്ത്രീയാണ് ബിൽ കീസ് ബാനു. കലാപത്തിൽ ഏറ്റവും ക്രൂരമായി ആക്രമിക്കപ്പെട്ട ആളാണ് ബിൽക്കിസ് ബാനുവും അവളുടെ കുടുംബവും.

2002 മാർച്ച് മൂന്നിന് ഗുജറാത്ത് കലാപം കൊടുമ്പിരി കൊണ്ടിരിക്കെ സ്വന്തം ഗ്രാമം സുരക്ഷിതമല്ലെന്ന് മനസ്സിലാക്കിയ ബാനുവും കുടുംബവും രക്ഷപെടാൻ തീരുമാനിക്കുന്നു. അന്ന് ബാനുവിന് പ്രായം 19 , രണ്ടു വയസുകാരിയുടെ അമ്മയും അഞ്ചു മാസം ഗർഭിണിയുമായിരുന്നു. പക്ഷേ ദഹോടിലെ രന്ധിക്പൂരിൽ വച്ച് മുപ്പതോളം ഹിന്ദു കലാപകാരികൾ ബാനുവിനെയും 17 അംഗ കുടുംബത്തെയും പിടികൂടി. ജീവൻ മാത്രം ആഗ്രഹിച്ചു നാടുവിടാൻ തീരുമാനിച്ച ബാനുവിൻ്റെ കുടുംബത്തിലെ പുരുഷന്മാരെ അക്രമി സംഘം കൊന്നു തള്ളി. രണ്ടു വയസുകാരിയായ മകൾ സലീഹയെ കൺമുന്നിൽ വച്ച് ഹിന്ദുത്വ തീവ്രവാദികൾ തലക്കടിച്ച് കൊന്നു. 17 അംഗ കുടുംബത്തിലെ 14 പേരെയും കലാപകാരികൾ വധിച്ചു. ബിൽക്കിസ് ബാനുവിനെ മൃഗീയമായി പീഡിപ്പിച്ചു, മരിച്ചെന്ന് കരുതി ഉപേക്ഷിച്ച ബാനുവിനെ ഒരു ആദിവാസി സ്ത്രീയാണ് രക്ഷിച്ചത്.

ജീവിതത്തിലേക്ക് തിരിച്ചു വന്ന ബാനു മനസ്സിലാക്കി തന്നെപ്പോലെ നൂറുകണക്കിനു പെൺകുട്ടികളെയാണ് ഹിന്ദുത്വ കലാപകാരികൾ നിഷ്ഠൂരമായി പീഡിപ്പിച്ചതെന്ന്. അവർ അതിനെതിരെ പോരാടാൻ തീരുമാനിച്ചു. സ്വന്തം കുടുംബത്തെ കൊന്നൊടുക്കിയവരുടെ പേരുകൾ തുറന്നുപറഞ്ഞിട്ടും പരാതി നൽകിയിട്ടും ഗുജറാത്ത് പൊലീസ് കേസെടുത്തില്ലന്ന് മാത്രമല്ല പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തി. ഇല്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തി. ഭീഷണി മുഖവിലയ്ക്ക് എടുക്കാതെ ബാനു ദേശീയ മനുഷ്യാവകാശ കമ്മീഷനെയും സുപ്രീംകോടതിയെയും സമീപിച്ചു. ഒടുവിൽ സുപ്രീംകോടതിയിൽ നിന്ന് കേസ് സിബിഐയ്ക്ക് കൈമാറാൻ ഉത്തരവായി. ഗുജറാത്തിൽ നിന്ന് തുടരെ ഭീഷണികൾ ഉണ്ടായതിനാൽ കേസ് വിചാരണ ഗുജറാത്തിൽ നിന്ന് 2004 ഓഗസ്റ്റിൽ മുംബൈയിലേക്ക് മാറ്റി. 2008 ജനുവരി 21-ന് പ്രത്യേക കോടതി കേസിലെ പ്രതികളായ 11 പേരെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു. 2019 ൽ സുപ്രീംകോടതി 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി.

അഭയാർത്ഥി ക്യാമ്പിൽ ബാനുവിൻ്റെ അഭിമുഖം എടുത്ത ടീസ്റ്റ സെദൽവാദാണ് ക്രൂരകൃത്യം പുറത്തെത്തിച്ചത്. മോദി സർക്കാറിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ടീസ്റ്റ ഇപ്പോഴും ജയിലിൽ കഴിയുമ്പോഴാണ് ബലാത്സംഗ കേസിൽ ഉൾപ്പെട്ടവരെ മോചിപ്പിക്കരുത് എന്ന കേന്ദ്ര സർക്കാരിൻ്റെ നിർദേശം കാറ്റിൽപറത്തി പിഞ്ചു കുഞ്ഞിനെ കൊന്ന സൈലേഷ് ഭട്ട് ഉൾപ്പടെ സ്വാതന്ത്ര്യത്തിൻ്റെ വാർഷികത്തിൽ പുറത്തിറങ്ങിയത്. സ്വാതന്ത്ര ദിനത്തിൽ മോദിയുടെ നാരീ ശക്തിയെ പ്രകീർത്തിച്ചുള്ള പ്രസംഗത്തിന് മണിക്കൂറുകൾക്ക് ഉള്ളിലാണ് ഇത് സംഭവിച്ചത് എന്നും ശ്രദ്ധേയം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷത്തിൻ്റെ ഭാഗത്തും നിന്നും ഉണ്ടാവുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News