Karipur; സ്വര്‍ണക്കടത്തുകാര്‍ക്ക് ഒത്താശ; കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍

സ്വര്‍ണക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ടിനെ പൊലീസ് പിടികൂടി. കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ട് പി മുനിയപ്പയാണ് പിടിയിലായത്. സ്വര്‍ണം കടത്തിയ കാരിയറിനെ സഹായിക്കുന്നതിനിടയിലായിരുന്നു ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്ന് പാസ്പോട്ടുകളും സ്വര്‍ണവും പണവും  പൊലീസ് കണ്ടെത്തി.

വിമാനത്താവളത്തിന് പുറത്ത് വെച്ച് കള്ളകടത്ത് സ്വര്‍ണം കൈമാറാനായി കാത്തുനിന്ന കസ്റ്റംസ് സുപ്രണ്ട് മുനിയപ്പയെയാണ് തെളിവ് സഹിതം കരിപ്പൂര്‍ പൊലീസ് പിടികൂടിയത്. രണ്ട് കാസര്‍കോട് സ്വദേശികള്‍ കടത്തികൊണ്ട് വന്ന 320 ഗ്രാം സ്വര്‍ണ്ണമാണ് മുനിയപ്പ വിമാനത്താവളത്തിന് പുറത്ത് എത്തിച്ചത്. ശേഷം കടത്തികൊണ്ട് വന്ന യാത്രക്കാര്‍ക്ക് 25000 രൂപ പ്രതിഫലം കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

640 ഗ്രാം സ്വര്‍ണവുമായി എത്തിയ യാത്രക്കാരില്‍ നിന്ന് 320ഗ്രാം സ്വര്‍ണം മാത്രം പിടികൂടിയതായി രേഖയില്‍ കാണിച്ചു ബാക്കി വരുന്ന 320 ഗ്രാം സ്വര്‍ണമാണ് പുറത്ത് എത്തിച്ചു തരാമെന്ന രഹസ്യ ധാരണ ഉണ്ടാക്കിയത്. ഡ്യൂട്ടി കഴിഞ്ഞ് പോയശേഷം വിളിക്കാനായി നിര്‍ദേശിച്ച് ഫോണ്‍ നമ്പറും യാത്രക്കാര്‍ക്ക് മുനിയപ്പ കൈമാറിയിരുന്നു. മുനിയപ്പ താമസിക്കുന്ന വിമാനത്താവള പരിസരത്തെ ലോഡ്ജിന് അടുത്ത് വെച്ച് കൈമാറാനായിരുന്നു പദ്ധതി. രഹസ്യമായി പിന്തുടര്‍ന്ന പൊലീസ് മുനിയപ്പയെയും യാത്രക്കാരേയും പിടികൂടുകയായിരുന്നു.

നാല് മാസം മുമ്പാണ് ഇയാള്‍ കസ്റ്റംസ് സൂപ്രണ്ടായി ചുമതലയേറ്റത്. മുനിയപ്പയില്‍ നിന്ന് 4 പാസ്‌പോട്ടുകളും 320 ഗ്രാം സ്വര്‍ണവും 442980 രൂപയും 500 യുഎഇ ദിര്‍ഹവും ആഡംബര വസ്തുക്കളും പൊലീസ് പിടികൂടി. തുടര്‍ നടപടികള്‍ക്കായി സിബിഐ, ഡിആര്‍ഐ ഏജന്‍സികള്‍ക്ക് പൊലീസ് റിപ്പോര്‍ട്ട് നല്‍കും. മുനിയപ്പക്ക് എതിരെ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് സ്വര്‍ണക്കടത്തിന്റെ പേരില്‍ കരിപ്പൂരില്‍ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here