Team India;സിംബാബ്‌വെയെ പത്തുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യ; കളിക്കളത്തിൽ നിറഞ്ഞാടി ഗില്ലും ധവാനും

സിംബാബ്വെയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് പത്തു വിക്കറ്റ് വിജയം. അർധശതകവുമായി ഓപ്പണർമാരായ ശിഖർ ധവാനും ശുഭ്മാൻ ഗില്ലും നിറഞ്ഞാടിയതോടെയാണ് ടീം ഇന്ത്യ അനായാസ ജയം നേടിയത്. ധവാൻ 113 പന്തിൽ 81 റൺസും ഗിൽ 72 പന്തിൽ 82 റൺസുമാണ് നേടിയത്. 30.5 ഓവറിൽ ഇന്ത്യ 192 റൺസ് കണ്ടെത്തി. മത്സരത്തിലെ പ്രകടനത്തിലൂടെ ഏകദിനത്തിൽ 6500 റൺസെന്ന നാഴികക്കല്ല് ധവാൻ പിന്നിട്ടു.

ശുഭ്മാന്‍ ഗില്‍ 72 പന്തുകളില്‍ നിന്ന് 10 ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 82 റണ്‍സ് നേടിയും ശിഖര്‍ ധവാന്‍ 113 പന്തുകളില്‍ നിന്ന് ഒന്‍പത്‌ ബൗണ്ടറിയുടെ അകമ്പടിയോടെ 81 റണ്‍സെടുത്തും പുറത്താവാതെ നിന്നു. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചിട്ടും ഗില്‍-ധവാന്‍ കൂട്ടുകെട്ട് പൊളിക്കാന്‍ സിംബാബ്‌വെയ്ക്ക് സാധിച്ചില്ല. ഇരുവരും ആദ്യ വിക്കറ്റില്‍ 192 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 30-ാം ഓവറിലെ അഞ്ചാം പന്തില്‍ ബൗണ്ടറി നേടിക്കൊണ്ട് ധവാന്‍ ഇന്ത്യയുടെ വിജയറണ്‍ കുറിച്ചു.

ആദ്യം ബാറ്റുചെയ്ത സിംബാബ്‌വെ 40.2 ഓവറില്‍ 189 റണ്‍സിന് ഔള്‍ ഔട്ടായി. 35 റണ്‍സെടുത്ത നായകന്‍ റെഗിസ് ചക്കാബ്വയാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത നായകന്‍ കെ.എല്‍.രാഹുലിന്റെ തീരുമാനം ശരിവെയ്ക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്. സിംബാബ്‌വെ ബാറ്റിങ് നിരയെ മത്സരത്തിന്റെ ഒരു ഘട്ടത്തില്‍പ്പോലും നിലയുറപ്പിക്കാന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. ടീം സ്‌കോര്‍ 25-ല്‍ നില്‍ക്കേ ഓപ്പണര്‍ ഇന്നസെന്റ് കായിയയെ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ കൈയ്യിലെത്തിച്ച് ദീപക് ചാഹര്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. വെറും നാല് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News