പി പി ഷൈജലിനെ പുറത്താക്കിയ നടപടി; നഷ്ടപ്പെടുന്നത് വലിയൊരു പാർട്ടിയുടെ ക്രെഡിബിലിറ്റി, ലത്തീഫ് തുറയൂർ

എംഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന പി പി ഷൈജലിനെ മൂന്നാം തവണയും പുറത്താക്കിയത്തിൽ വിമർശനവുമായി പുറത്താക്കപ്പെട്ട എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ. പി പി ഷൈജലിനെ പുറത്താക്കി എന്ന വാർത്തയിൽ നഷ്ടപ്പെടുന്നത് വലിയൊരു പാർട്ടിയുടെ ക്രെഡിബിലിറ്റിയാണെന്ന് അദ്ദേഹം വിമർശിച്ചു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ

പി പി ഷൈജലിനെ മൂന്നാമതും പുറത്താക്കി എന്ന വാർത്തയിൽ നഷ്ടപ്പെടുന്നത് വലിയൊരു പാർട്ടിയുടെ ക്രെഡിബിലിറ്റിയാണെന്ന യാഥാർത്ഥ്യം തിരിച്ചറിയാതെ പോകരുത്.
2021 ഡിസമ്പർ മാസം രണ്ടാം തീയതി പുറത്താക്കിയ പി പി ഷൈജലിനോട് 2022 ഫെബ്രുവരി 28ന്ന് വിശദീകരണം ചോദിച്ചു 2022 ജൂലൈ 18ന്ന് പുറത്താക്കിയപ്പോൾ പരാജയപ്പെട്ടത് കാലങ്ങളായി പാർട്ടി ഉയർത്തിപ്പിടിച്ച വിശ്വാസ്യതയായിരുന്നു.

ഒരുപക്ഷേ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു എംഎൽഎ സീറ്റ് പി എം എ ക്ക് കൊടുത്തിരുന്നെങ്കിൽ ഇന്ന് മുസ്ലിം ലീഗ് പാർട്ടി നേരിട്ടുകൊണ്ടിരിക്കുന്ന ഈ ദുരിതങ്ങളൊന്നും കാണേണ്ടിവരില്ലായിരുന്നു.
പക്ഷേ എവിടെ മത്സരിപ്പിക്കുമെന്ന ആശങ്കയാണ് അന്ന് സീറ്റ് നിഷേധിച്ചത്. തിരൂരങ്ങാടിയിൽ പരാജയമുറപ്പാണെന്ന പാർട്ടി അവസാനഘട്ട സർവ്വേയിൽ അവിടെ മജീദ് സാഹിബിന് മത്സരിക്കേണ്ടി വന്നു. മലപ്പുറത്തും വേങ്ങരയിലും കുഞ്ഞാലിക്കുട്ടി സാഹിബിന് താല്പര്യമുള്ളതുകൊണ്ട് പി എം എ യുടെ സീറ്റ് നിഷേധിക്കപ്പെട്ടു.

പ്രശ്നങ്ങളും മധ്യസ്ഥങ്ങൾക്കുമൊടുവിൽ ഒരു ജൂനിയർ മാൺട്രാക്ക് പോലെ മുസ്ലിംലീഗിന് ഒരു സംസ്ഥാന സെക്രട്ടറി ഇന്‍ചാർജിനെ ലഭിച്ചു. അനീതിക്ക് കൂട്ടുനിൽക്കുന്നവർക്ക് പദവികളും അനീതിക്കെതിരെ ശബ്ദിക്കുന്നവർക്ക് പ്രതികാര നടപടികളും കൊടുക്കുന്ന ഒരു സെക്രട്ടറി ഇൻ ചാർജ്.

തങ്ങളുടെ ആത്മാഭിമാനത്തെ കളങ്കപ്പെടുത്തിയ കാരണത്താൽ പത്ത് പെൺകുട്ടികൾ നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ കാലങ്ങളിൽ നീതി നിർവ്വഹണത്തിന്റെ പ്രതീകമായ മുസ്ലിം ലീഗ് പാർട്ടിയുടെ സെക്രട്ടറിയെ സമീപിച്ച സമയത്ത് അവരോട് ഏതു രൂപത്തിലാണ് സെക്രട്ടറി പെരുമാറിയതെന്നും എന്തൊക്കെയാണ് പറഞ്ഞതെന്നും അവർക്കും പാർട്ടി പ്രവർത്തകർക്കും കേരളത്തിനും ബോധ്യപ്പെട്ടതാണ്.

യൂത്ത് ലീഗ് തെരഞ്ഞെടുപ്പ് കാലത്ത് റിട്ടേണിംഗ് ഓഫീസറായി കടന്നുവന്നു യൂത്ത് ലീഗ് ഭരണഘടനയുടെ പേര് പറഞ്ഞു പ്രഗൽഭരായ പല യൂത്ത്ലീഗുകാരുടെയും മരണഘടനയാക്കി യൂത്ത് ലീഗ് ഭരണഘടനയെ മാറ്റിയതും സെക്രട്ടറി ഇൻചാർജ് ആയിരുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം.

msf കാലത്ത് തങ്ങളുടെ ഉത്തരവാദിത്വം ഏറ്റവും മനോഹരമായി നിർവഹിച്ച ടി പി അഷ്‌റഫലി യുൾപ്പെടെ പ്രഗൽഭരായ യൂത്ത് ലീഗ് നേതാക്കന്മാർ മാറ്റിനിർത്തപ്പെട്ടത് ഭരണഘടനയുടെ പേര് പറഞ്ഞു കൊണ്ടായിരുന്നു എന്നതും എന്നാൽ ഭരണഘടനയുടെ എല്ലാ അന്തസത്തയും കാറ്റിൽ പറത്തിക്കൊണ്ടാണ് സെക്രട്ടറിയുടെ പ്രവർത്തനങ്ങളെന്നും പി പി ഷൈജലിന്റെ നടപടിക്രമങ്ങൾ പരിശോധിച്ചാൽ ബോധ്യമാകും.
തെരഞ്ഞെടുപ്പു കാലത്ത് പാർട്ടി മത്സരിച്ച പല സീറ്റുകളിലും വോട്ട് ചോർച്ചയും പരാജയവും സംഭവിച്ചിട്ടുണ്ടെങ്കിലും കോഴിക്കോട് സൗത്ത് മണ്ഡലം മാത്രം പിരിച്ചുവിട്ടു അത്ഭുതം സൃഷ്ടിച്ചതിന്റെ നീതിബോധവും പാർട്ടീ സ്നേഹവും ബഹു സെക്രട്ടറി ഇൻ ചാർജിന്റെ “അവരെ ഞാൻ വിടില്ല” എന്ന ശബ്ദ സന്ദേശത്തിൽ നിന്ന് കേരളം കേട്ടതാണ്.

കണ്ണൂർ എയർപോർട്ടിൽ കോഫി ഷോപ്പും തലശ്ശേരിയിലെ ചായക്കടയും ബാംഗ്ലൂരിലെ റസ്റ്റോറന്റും അങ്ങനെ പലതരത്തിലുള്ള ഗിമ്മിപ്പുകൾ അവതരിപ്പിച്ചു പ്രവാസികളെയും സ്വദേശികളെയും കൂടെ നടന്നവരെയും പറഞ്ഞു പറ്റിച്ചു പണം കൈക്കലാക്കിയവൻ കണ്ണൂരിലെ തളിപ്പറമ്പിലെ ഹബീബ് റഹ്മാന്റെ പിന്മുറക്കാരനാകാൻ യോഗ്യനല്ലെന്ന് പറഞ്ഞ കാരണത്താൽ പല എംഎസ്എഫ് കാരെയും മാറ്റിനിർത്തുകയും തട്ടിപ്പും വെട്ടിപ്പും നടത്തിയവനെ എല്ലാ എതിർപ്പുകളെയും ഭരണഘടനയെയും ലംഘിച്ചുകൊണ്ട് സെക്രട്ടറിയായി അവതരിപ്പിച്ചതും സാഹിബിന്റെ സമത്വ സുന്ദര കിനാശ്ശേരി ആശയങ്ങളാണ്.
വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് കൊടുക്കുമെന്ന് പറഞ്ഞ് ഡാറ്റാ തട്ടിപ്പ് നടത്തിയത് ചോദ്യം ചെയ്ത തലസ്ഥാന നഗരിയിൽ എം എസ് എഫിന് നേതൃത്വം കൊടുത്ത ഒരു എംഎസ്എഫ് കാരനെ മാറ്റി നിർത്തിയതും നീതിബോധത്തിന്റെ നിറമുള്ള ഓർമ്മകളായി ചരിത്രത്തിൽ രേഖപ്പെടുത്തി വെക്കും.

മുസ്ലിം ലീഗ് പാർട്ടിയിൽ നിലനിൽക്കണമെങ്കിൽ ഹരിത വിവാദവുമായി ബന്ധപ്പെട്ട മിനുട്സ് തിരുത്താൻ തയ്യാറാക്കണമെന്ന് പറഞ്ഞപ്പോൾ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കാൻ നിയമമനുവദിക്കാത്ത കാരണത്താൽ ഒരു കിലോമീറ്ററീനടുത്ത് നടന്നു നിയമം പാലിച്ച ഖാഇദേ മില്ലത്തിന്റെ പാർട്ടിയുടെ സെക്രട്ടറിയാകാൻ ഇദ്ദേഹം യോഗ്യനല്ലെന്ന് എനിക്ക് ബോധ്യപ്പെട്ടതാണ്.
മുസ്ലിം ലീഗ് പാർട്ടിയുടെ ഭരണഘടനക്ക് വിരുദ്ധമായി നടപടിക്രമങ്ങൾ പാലിക്കാതെ സ്വാർത്ഥ താല്പര്യങ്ങളും പ്രതികാര നടപടികൾക്കും വേണ്ടി വ്യാജ രേഖകകളും തെളിവുകളുമുണ്ടാക്കി സെക്രട്ടറി ഇൻ ചാർജ് മുന്നോട്ടുപോകുന്ന സമയം,

ഭാവിയിൽ ലഭിച്ചേക്കാവുന്ന പദവികൾക്ക് വേണ്ടി മൗനം പാലിക്കുകയും, അധികാര ലബ്ദിക്ക് വേണ്ടി അനീതിക്ക് കുഴലൂത്ത് നടത്തുകയും ചെയ്യുന്നവരാണ് യഥാർത്ഥ കുറ്റവാളികൾ.
ഒരു സ്ഥലത്ത് പോലും പേരുച്ചരിക്കപ്പെടാനാഗ്രഹിക്കാതെ അർപ്പണബോധത്തോടു കൂടി ഒരു സമുദായത്തിന്റെയും സമൂഹത്തിന്റെയും സാമൂഹിക മുന്നേറ്റത്തിന് പ്രവർത്തിക്കുന്ന സർവ്വസാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ ആത്മാർത്ഥതയും ആത്മീയതയും ചൂഷണം ചെയ്തു കള്ളത്തരങ്ങളും, പൊള്ളത്തരങ്ങളും നടത്തുന്ന നേതൃത്വത്തെ തിരുത്താൻ തയ്യാറായിട്ടില്ലെങ്കിൽ വരാൻ പോകുന്നത് ദുരന്തത്തെ തടഞ്ഞുനിർത്തൻ സാധ്യമായെന്ന് വരില്ല. അതുകൊണ്ടുതന്നെ
ലിംഗ സമത്വം ചർച്ചചെയ്യുന്നതിന്നപ്പുറം ലീഗിൽ സമത്വമുറപ്പിക്കുന്ന ഒരു സെക്രട്ടറിയെ നിയമിക്കണമെന്ന അഭ്യർത്ഥന മാത്രം.

അതേസമയം, ഹരിത വിവാദത്തിലായിരുന്നു പി പി ഷൈജലിനെതിരായ എം എസ് എഫിന്റെ നടപടി. ഹരിതയുടെ പരാതി കൈകാര്യം ചെയ്ത് വഷളാക്കിയത് പിഎംഎ സലാമാണെന്ന് ലീഗ് ദേശീയ നേതൃത്വത്തിന് കത്തുകൊടുത്ത എട്ട് എംഎസ്എഫ് നേതാക്കളില്‍ ഒരാളാണ് പി പി ഷൈജൽ.

ഹരിത വിഷയത്തില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിനും പിന്നീട് ഈ വിഷയത്തില്‍ നവാസിനെ പിന്തുണച്ച ലീഗ് നേതാക്കള്‍ക്കുമെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചതിനെത്തുടര്‍ന്നായിരുന്നു ഷൈജലിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News