വാദങ്ങളെ അണ്ണാക്ക് തൊടാതെ വിഴുങ്ങിയ പ്രതിപക്ഷ നേതാവിന് വിധി വിനയപുരസ്സരം സമർപ്പിക്കുന്നു; പ്രതികരണവുമായി കെ ടി ജലീൽ

ഗൂഢാലോചന, കലാപാഹ്വാന കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളിയതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുൻ മന്ത്രി കെ ടി ജലീൽ .കോടതിവിധി സ്വപ്നയ്ക്കേറ്റ തിരിച്ചടിയാണെന്നും മുഖ്യമന്ത്രിയെയും കുടുംബത്തെയും അപമാനിക്കുകയായിരുന്നു സ്വപ്നയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മീഡിയാ റൂമിലിരുന്ന് ആക്രോശിച്ചട്ടഹസിക്കുകയും എന്നെ ഒറ്റ തിരിഞ്ഞ് വേട്ടയാടുകയും ചെയ്ത കോട്ടിട്ട ചാനൽ അവതാരകർക്കും അന്തിച്ചർച്ചകളിലെ സ്ഥിര ന്യായീകരണ തൊഴിലാളികൾക്കും അവരുടെ വാദങ്ങളെ അണ്ണാക്ക് തൊടാതെ വിഴുങ്ങിയ പ്രതിപക്ഷ നേതാവിനും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധി വിനയപുരസ്സരം സമർപ്പിക്കുന്നുവെന്ന് കെ ടി ജലീൽ തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരണം നടത്തിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

സ്വർണ്ണക്കടത്തുമായോ ഡോളർ കടത്തുമായോ പുലബന്ധം പോലുമില്ലാത്ത ജൽപനങ്ങൾ വിളിച്ച് കൂവി ആദരണീയനായ മുഖ്യമന്ത്രിയേയും കുടുംബത്തെയും ഇടതുപക്ഷ സർക്കാരിനെയും വിനീതനായ എന്നെയും അപമാനിക്കാനും താറടിക്കാനും ഇറങ്ങിത്തിരിച്ച “ഡിപ്ലോമാറ്റിക്ക് സ്വർണ്ണക്കടത്തു” കേസിലെ പ്രതികൾക്കെതിരെ ഞാൻ പോലീസിൽ പരാതി നൽകിയിരുന്നു. അത് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട കക്ഷി നൽകിയ ഹർജി ഹൈക്കോടതി തള്ളി. പ്രസ്തുത പരാതിയിൻമേൽ പോലീസിന് അന്വേഷണം തുടരാം.

ഞാൻ നൽകിയ പരാതിയെ പരിഹസിക്കുകയും അതിലെ വരികൾ മുടിനാരിഴകീറി അപഗ്രഥിച്ച് പുച്ഛിക്കുകയും എനിക്ക് വിവരമില്ലെന്ന് മീഡിയാ റൂമിലിരുന്ന് ആക്രോശിച്ചട്ടഹസിക്കുകയും എന്നെ ഒറ്റ തിരിഞ്ഞ് വേട്ടയാടുകയും ചെയ്ത കോട്ടിട്ട ചാനൽ അവതാരകർക്കും അന്തിച്ചർച്ചകളിലെ സ്ഥിര ന്യായീകരണ തൊഴിലാളികൾക്കും അവരുടെ വാദങ്ങളെ അണ്ണാക്ക് തൊടാതെ വിഴുങ്ങിയ പ്രതിപക്ഷ നേതാവിനും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധി വിനയപുരസ്സരം സമർപ്പിക്കുന്നു.

അതേസമയം,കെ ടി ജലീല്‍ എം എല്‍ എയുടെയും അഡ്വക്കറ്റ് സി പി പ്രമോദിന്‍റെയും പരാതിയില്‍  തനിക്കെതിരെ തിരുവനന്തപുരത്തും പാലക്കാട്ടും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി സ്വപ്നസുരേഷ് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി വിശദമായ വാദം കേട്ട് തള്ളിയത്.കേസ് റദ്ദാക്കരുതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച കോടതി നിലവില്‍ നടക്കുന്ന അന്വേഷണം തടയാനാവില്ലെന്ന് ചൂണ്ടിക്കാട്ടി.അന്വേഷണ ഘട്ടമായതിനാല്‍ എഫ് ഐ ആര്‍ റദ്ദാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷം ആവശ്യമെങ്കില്‍ പ്രതിക്ക് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് സിയാദ് റഹ്മാന്‍ ഉത്തരവില്‍ പറഞ്ഞു.സര്‍ക്കാരിന്‍റെയും മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും പ്രതിഛായ തകര്‍ക്കാന്‍ വേണ്ടി സ്വപ്നയും കൂട്ടരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി കെ ടി ജലീല്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പോലീസാണ് കേസെടുത്തത്.

അഡ്വ സി പി പ്രമോദിന്‍റെ  പരാതിയില്‍ പാലക്കാട് കസബ പോലീസും സ്വപ്നക്കെതിരെ കലാപശ്രമം,ഗൂഢാലോചന,വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു.ഇതെത്തുടര്‍ന്നാണ് കേസുകള്‍ റദ്ദാക്കണമെനാവശ്യപ്പെട്ട് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്.പ്രതികാര നടപടികളുടെ ഭാഗമായാണ് തനിക്കെതിരെ കേസെടുത്തതെന്നായിരുന്നു സ്വപ്നയുടെ വാദം.എന്നാല്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തി നാട്ടില്‍ കലാപമുണ്ടാക്കാന്‍ സ്വപ്ന ബോധപൂര്‍വ്വം ശ്രമം നടത്തിയതിന് തെളിവുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ സംസ്ഥാനത്ത് അരമണിക്കൂറിനുള്ളില്‍ വലിയ തോതില്‍ കലാപവും കൊള്ളിവെപ്പും അരങ്ങേറിയെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.ഈ വാദങ്ങള്‍ അംഗീകരിച്ചാണ് സ്വപ്നയുടെ ഹര്‍ജി കോടതി തള്ളിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here