E T Muhammad Basheer | ജെൻഡർ ന്യൂട്രാലിറ്റി : ഉത്തരം പറയാതെ ഒഴിഞ്ഞുമാറി ഇ ടി മുഹമ്മദ് ബഷീര്‍

ജെൻഡർ ന്യൂട്രൽ ചർച്ചകൾ വഴി മാറുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍. വസ്ത്രധാരണം മാറിയത് കൊണ്ട് ലിംഗ സമത്വം ഉണ്ടാവില്ല. ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിന് ആരും എതിരല്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ചർച്ച വഴി തിരിച്ചു വിടുന്നത് അജണ്ടയുടെ ഭാഗമാണെന്ന് പറഞ്ഞ ഇ ടി മുഹമ്മദ് ബഷീര്‍ കഴിഞ്ഞ ദിവസത്തെ എം കെ മുനീറിന്‍റെ വിവാദപരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി. മുനീറിന്റെയും പിഎംഎ സലാമിന്റെയും അഭിപ്രായങ്ങൾക്ക് അവർ തന്നെ വ്യക്തത വരുത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ന വസ്ത്രം തന്നെ ധരിക്കണമെന്ന് പറയുന്നതാണ് പ്രശ്നം. ഇഷ്ടമുള്ള വസ്ത്രം ധരിക്കട്ടെ. ലിംഗനീതിയുമായി ബന്ധപ്പെട്ട ചർച്ചകളാണ് നടത്തേണ്ടത് എന്നും ഇ ടി മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടു.

കെ എ ടി എഫ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിലെ മുനീറിന്‍റെ പ്രസംഗമാണ് വിവാദമായത്. ജൻഡർ ന്യൂട്രാലിറ്റി നടപ്പായാൽ കുട്ടികൾ പീഡിപ്പിക്കപ്പെടാൻ സാധ്യത ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ജൻഡർ ന്യൂട്രാലിറ്റി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടും. ഇതിനെതിരെ പ്രതികരിച്ചത് കൊണ്ടു തന്നെ ഇസ്‌ലാമിസ്റ്റ് ആക്കിയാലും കുഴപ്പമില്ലെന്നും മുനീർ പറഞ്ഞു. ഈ പരാമാര്‍ശം ചര്‍ച്ചയായ സാഹചര്യത്തില്‍ മുനീര്‍ വീശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു.

പ്രസംഗത്തിലെ വാക്കുകൾ വളച്ചൊടിച്ചു. ജൻഡർ ന്യൂട്രാലിറ്റി വന്നാൽ പോക്സോ നിഷ്പ്രഭം ആകുമെന്നാണ് പറഞ്ഞത്.കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം ഉണ്ടായാൽ അത് ജൻഡർ ന്യൂട്രൽ അല്ലേ എന്ന് പറഞ്ഞു രക്ഷപെടാമല്ലോ. പ്രസംഗം മുഴുവൻ കേട്ടാൽ താൻ പറഞ്ഞത് മനസിലാകും. പോക്സോ നിയമത്തിനായി പ്രയത്നിച്ച ആളാണ് താൻ. തെറ്റായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുനീര്‍ പറഞ്ഞു.

അതേസമയം, ലിംഗ സമത്വത്തിന്‍റെ പേരില്‍ വിദ്യാലയങ്ങളിൽ ലിബറലിസം കൊണ്ടു വരാനാണ് സർക്കാർ ശ്രമമെന്നാണ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം കുറ്റപ്പെടുത്തിയത്. ലിംഗ സമത്വ യൂണിഫോമിനോട് എതിർപ്പില്ല. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്നാൽ അപകടമാണ്. ആൺ-പെൺ വ്യത്യാസമില്ലാതെ കുട്ടികളെ ഒരുമിച്ച് ഇരുത്താനുള്ള നീക്കം അംഗീകരിക്കില്ല. ജൻഡർ ന്യൂട്രൽ വിഷയത്തെ മതപരമായല്ല ലീഗ് കാണുന്നത്. ധാർമിക പ്രശ്നമായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ കുട്ടികളുടെ ശ്രദ്ധ പാളിപ്പോകും. ജപ്പാൻ ഇതിന് ഉദാഹരണമാണ്. ജപ്പാനിൽ ഫ്രീ സെക്സും ലിബറലിസവും വന്നതോടെ ജനസംഖ്യ കുറഞ്ഞെന്നും പി എം എ സലാം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News