ക്യാപ്‌റ്റൻ നിർമ്മലിന്‌ കണ്ണീരോടെ വിട; മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

മധ്യപ്രദേശിൽ പ്രളയത്തിൽ അകപ്പെട്ട്‌ മരിച്ച ക്യാപ്‌റ്റൻ നിർമൽ ശിവരാജിന്‌ നാടിന്റെ വികാര നിർഭരമായ വിട. വെള്ളി പകൽ 3.30ന്‌ കറുകപ്പള്ളിയിലെ വീട്ടിൽ എത്തിച്ച മൃതദേഹം പൊതു ദർശനത്തിന്‌ ശേഷം വൈകിട്ട്‌ അഞ്ചിന്‌ പുർണ്ണ ഔദ്യോഗിക ബഹുമതികളോടെ പച്ചാളം ശ്‌മശാനത്തിൽസംസ്‌കരിച്ചു. മന്ത്രി പി രാജീവ്‌ സംസ്ഥാന സർക്കാരിന്‌ വേണ്ടി റീത്ത്‌ സമർപ്പിച്ചു.

വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ 2.15ന്‌ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹത്തെ ആർമിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ഭാര്യ ഗോപീചന്ദ്രയും രണ്ട്‌ സൈനിക ഓഫീസർമാരും വിമാനത്തിൽ അനുഗമിച്ചു. മൃതദേഹം ഏറ്റുവാങ്ങാൻ അച്ഛൻ പി കെ ശിവരാജനും അമ്മ സുബൈദയും വിമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനത്താവളത്തിൽ തിരുവനന്തപുരം ആർമി റെജിമന്റിലെ ഉദ്യോഗസ്ഥർ ഗാർഡ്‌ ഓഫ്‌ ഓണർ നൽകി. തുടർന്ന്‌ കറുകപ്പള്ളിയിലെ വീടായ പെരുമൂഴിക്കൽ 3.30ന്‌ എത്തിച്ച മൃതദേഹം വൈകിട്ട്‌ അഞ്ചുവരെ പൊതു ദർശനത്തിന്‌ വെച്ചു.

കേന്ദ്രമന്ത്രി ഭഗവന്ത് കുബ നിര്‍മലിന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചു. മേയർ എം അനിൽ കുമാർ, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ടി ജെ വിനോദ്‌, ഉമ തോമസ്‌, അനൂപ്‌ ജേക്കബ് തുടങ്ങിയവരും ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയിരുന്നു. നിർമലിനൊപ്പം സ്‌കൂളിൽ പഠിച്ചവരും നാട്ടുകാരും അടക്കം നിരവധി പേർ അന്ത്യാഞ്ജലി അർപ്പിക്കാൻ കറുകപ്പള്ളിയിലെ വീട്ടിൽ എത്തിയിരുന്നു.

ജബൽപുരിൽ സൈനിക ആശുപത്രിയിൽ നഴ്‌സായ ഭാര്യ ഗോപീചന്ദ്രയെക്കണ്ട്‌ 15ന്‌ രാത്രി പച്‌മഡിയിലുള്ള ആർമി എഡ്യുക്കേഷൻ കോർ സെന്ററിലേക്ക്‌ പോകുമ്പോഴാണ്‌ നിർമലിന്‌ അപകടം സംഭവിച്ചത്‌. പച്‌മഡിയിൽനിന്ന്‌ 80 കിലോമീറ്റർ മാറി വ്യാഴാഴ്‌ച ഉച്ചയോടെ മൃതദേഹം കണ്ടെത്തി.  മഴ കാരണം റോഡിൽ കടുത്ത ഗതാഗതതടസ്സം ഉണ്ടെന്നും മറ്റുവഴി നോക്കുന്നുണ്ടെന്നും ഭാര്യയോട്‌ ഫോണിൽ പറഞ്ഞിരുന്നു. രാത്രി ഒമ്പതോടെ ഫോൺ സ്വിച്ച് ഓഫായി. അപകടം നടന്ന പ്രദേശത്തടക്കം പ്രളയ മുന്നറിയിപ്പ്‌ കണക്കിലെടുത്ത്‌ മൂന്നുദിവസം കലക്‌ടർ അവധി പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം നിർമൽ അറിഞ്ഞില്ലെന്നാണ് കരുതുന്നത്. റോഡിൽ വെള്ളമായിരുന്നതിനാൽ റോഡ്‌ കാണാനാകാതെ സമീപത്തെ പുഴയിലേക്ക്‌ കാർ മറിഞ്ഞതാകാമെന്നാണ്‌ കരുതുന്നത്‌. പുഴയിൽ 25 അടിയിലധികം വെള്ളമുണ്ടായിരുന്നു.

കെഎസ്ഇബിയിലെ റിട്ട. സീനിയർ അക്കൗണ്ടന്റ് പെരുമൂഴിക്കൽ പി കെ ശിവരാജന്റെയും ഇന്ത്യൻ ഓവർസീസ്‌ ബാങ്ക്‌ റിട്ട. ഉദ്യോഗസ്ഥ സുബൈദയുടെയും മകനാണ്‌. ഭാര്യ ഗോപീചന്ദ്ര തിരുവനന്തപുരം സ്വദേശിയാണ്‌. വിവാഹം കഴിഞ്ഞിട്ട്‌ എട്ടുമാസമേ ആയിട്ടുള്ളൂ. സഹാേദരി ഐശ്വര്യ തിരുവനന്തപുരം കോളേജ്‌ ഓഫ്‌ ആർക്കിടെക്‌ച്ചറിൽ അസിസ്റ്റന്റ്‌ പ്രൊഫസറാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here