‘ഒരു രാജ്യം ഒറ്റപ്പരീക്ഷ’ കേന്ദ്ര നിലപാട്‌ പ്രദേശിക വൈവിധ്യങ്ങളെ നിരാകരിക്കുന്നു : മുഖ്യമന്ത്രി

ബിജെപി സർക്കാരിന്റെ ‘ഒരു രാജ്യം, ഒറ്റപ്പരീക്ഷ’ നിലപാട്‌ പ്രദേശിക വൈവിധ്യങ്ങളെയും ആവശ്യങ്ങളെയും പരിഗണിക്കാതെയുള്ളതാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. എസ്‌എഫ്‌ഐയുടെ ദക്ഷിണമേഖലാ ജാഥയുടെ സമാപനം നിശാഗന്ധിയിൽ ഉദ്‌‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വിവിധ സ്ഥാപനങ്ങളിലെ പ്രവേശനത്തിന്‌ എല്ലാ സംസ്ഥാനങ്ങൾക്കുംകൂടി ഒറ്റപ്പരീക്ഷ നടത്തുന്നത്‌ ഗുരുതര വീഴ്‌ചയ്‌ക്ക്‌ ഇടയാക്കുന്നതായി നാം കണ്ടുകൊണ്ടിരിക്കുന്നു. ഇത്തരം പരീക്ഷ  സൃഷ്‌ടിക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ എസ്‌എഫ്‌ഐ മുന്നറിയിപ്പ്‌ നൽകിയിട്ടും ഒറ്റപ്പരീക്ഷ മതിയെന്ന നിലപാടുമായി കേന്ദ്രം മുന്നോട്ടുപോകുകയാണ്‌. പ്രദേശിക വൈവിധ്യങ്ങളെയും ആവശ്യങ്ങളെയും നിരാകരിച്ചുള്ള ഇത്തരം പരീക്ഷകൾ ഗുണത്തേക്കാളേറെ ദോഷമാണ്‌ ഉണ്ടാക്കുന്നത്‌.  കേന്ദ്ര സർവകലാശാലകളിലേക്ക്‌ നടത്തിയ പൊതുപരീക്ഷയായ ‘സിയുഇടി’ പ്രശ്‌നങ്ങളെത്തുടർന്ന്‌ പലയിടങ്ങളിലും മാറ്റിവച്ചിരിക്കുകയാണ്‌.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ വിദ്യാഭ്യാസ മേഖലയിൽ കച്ചടവൽക്കരണവും കാവിവൽക്കരണവുമാണ്‌ കേന്ദ്രം നടപ്പാക്കുന്നത്‌.  രാജ്യത്ത്‌ അടച്ചുപൂട്ടുന്ന പൊതുവിദ്യാലയങ്ങളുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണ്‌. കഴിഞ്ഞ വർഷം മാത്രം 5000 സ്‌കൂൾ അടച്ചുപൂട്ടി. സ്വകാര്യ മേഖലയിൽ 12000 സ്‌കൂൾ തുറന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ  19000 സീറ്റാണ്‌ കേന്ദ്രം ഒരുവർഷത്തിനിടെ വെട്ടിക്കുറച്ചത്‌ എന്നാണ്‌ കണക്കുകൾ. സൗജന്യ പൊതുവിദ്യാഭ്യാസത്തിന്‌ അവസരം കുറയ്‌ക്കുകയാണ്‌ കേന്ദ്ര സർക്കാർ. മുമ്പ്‌ കോൺഗ്രസ്‌ പിന്തുടർന്ന നയങ്ങൾ അതിലും തീവ്രമായാണ്‌ ബിജെപി ഭരണത്തിൽ നടപ്പാക്കികൊണ്ടിരിക്കുന്നത്‌.

അതേ  സമയം,  സംസ്ഥാനം കഴിഞ്ഞ ആറ്‌ വർഷത്തിനിടെ പൊതുവിദ്യാഭ്യാസ മേഖലയിൽ വലിയ മുന്നേറ്റം സാധ്യമാക്കി. പൊതുവിദ്യാലയങ്ങളിൽനിന്ന്‌ കുട്ടികൾ കൊഴിഞ്ഞുപോകുന്ന പഴയ രീതി അവസാനിച്ചു. 10 ലക്ഷത്തിലേറെ കുട്ടികളാണ്‌ പൊതുവിദ്യാലയങ്ങളിലേക്ക്‌ അധികമായെത്തിയത്‌. ഉന്നത വിദ്യാഭ്യാസ മേഖലയിലും പരിഷ്‌കാരം ഉടൻ ആരംഭിക്കും. സർക്കാർ നിയോഗിച്ച ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമീഷനുകളുടെ ശുപാർശ സെപ്‌തമ്പറിൽ നടപ്പാക്കി തുടങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News