സ്വപ്ന സുരേഷിനെതിരായ കേസ് നിലനിൽക്കുമെന്ന ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായത് വി ഡി സതീശന്

സ്വപ്ന സുരേഷിനെതിരായ കേസ് നിലനിൽക്കുമെന്ന ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായത് പ്രതിപക്ഷ നേതാവായ വി ഡി സതീശന് കൂടിയാണ്. രഹസ്യമൊഴി നൽകിയ സ്വപ്നക്കെതിരെ എടുത്ത കേസ് കോടതിയുടെ വരാന്തയിൽ പോലും നിലനിൽക്കില്ലന്നാനായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ ആരോപണം.

നിയമവ്യവസ്ഥയെ സർക്കാർ അട്ടിമറിക്കുന്നു എന്നുള്ള സതീശൻ്റെ വാദം കൂടിയാണ് കോടതി തള്ളിയത്. സാമാന്യബുദ്ധിയുള്ള ആരും ചെയ്യാത്ത പണി എന്ന് സതീശൻ വിശേഷിപ്പിച്ച സർക്കാർ നടപടി ഹൈക്കോടതി തന്നെ ശരിവച്ചു.

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെതിരെ സർക്കാർ കേസടുത്തതിനു പിന്നാലെയായിരുന്നു സ്വപ്നയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത് എത്തിയത്.

കേസ് കോടതിയുടെ വരാന്തയിൽ പോലും നിലനിൽക്കില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ കണ്ടെത്തൽ. സാമാന്യബുദ്ധിയുള്ള ആരും ചെയ്യാത്ത കാര്യമാണ് മുഖ്യമന്ത്രി ചെയ്തത് എന്നുവരെ പ്രതിപക്ഷ നേതാവ് അന്ന് പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ ഈ ആരോപണത്തിനുള്ള വ്യക്തമായ മറുപടിയായി ഹൈക്കോടതി ഇന്നലെ പുറപ്പെടുവിച്ച 46 പേജുള്ള വിധിന്യായം. ഐപിസിയുടെ ഏതു വകുപ്പ് അനുസരിച്ചാണ് കേസെടുക്കാൻ കഴിയുക എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് ഹൈക്കോടതി തന്നെ ഉത്തരം നൽകിയിട്ടുണ്ട്. സ്വപ്നക്കെതിരെ ചുമത്തിയ വകുപ്പുകൾ എല്ലാം നിലനിൽക്കുമെന്ന് കോടതി അസന്നിഗ്ദ്ധമായി വ്യക്തമാക്കുകയായിരുന്നു.

കോടതിയിൽ രഹസ്യമൊഴി നൽകിയതിന്റെ പേരിൽ സർക്കാർ കേസെടുത്തു എന്ന് പ്രചരിപ്പിക്കാനായിരുന്നു പ്രതിപക്ഷ നേതാവ് അന്ന് ശ്രമിച്ചത്. രഹസ്യ മൊഴിയുടെ പേരിലല്ല, അത് പരസ്യപ്പെടുത്തിയതിന് പിന്നിലെ ഗൂഢാലോചന വ്യക്തമായതോടെയായിരുന്നു കേസ് .

ഇക്കാര്യം മറച്ചു വച്ച് രാഷ്ട്രീയ മുതലെടുപ്പിന് ഇറങ്ങിയ പ്രതിപക്ഷ നേതാവിന് ഹൈക്കാടതി തന്നെ തിരിച്ചടി നൽകി. പിന്നിൽ സംഘപരിവാർ ആണെന്ന് അറിയാതെയായിരുന്നില്ല വി ഡി സതീശൻ സ്വപ്നക്ക് വക്കാലത്തുമായി ഇറങ്ങിയത്.

സ്വർണ്ണക്കടത്ത് കേസിലെ പ്രതിയാണെങ്കിലും പറഞ്ഞത് മുഖ്യമന്ത്രിക്ക് എതിരെ ആയതുകൊണ്ട്  രാഷ്ട്രീയമായി ഉപയോഗിക്കാൻ പ്രതിപക്ഷം തീരുമാനിക്കുകയായിരുന്നു . ചുരുക്കത്തിൽ സ്വപ്നക്ക് വക്കാലത്തുമായി ഇറങ്ങിയ പ്രതിപക്ഷ നേതാവിനുള്ള തിരിച്ചടിയായി മാറി ഹൈക്കോടതി വിധി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News