Governor : ഗവർണർ പ്രവർത്തിക്കേണ്ടത് ആർക്കുവേണ്ടി….?

ഗവർണർ (Governor) പ്രവർത്തിക്കേണ്ടത് ആർക്കുവേണ്ടി….? ഈ ഒരു ചോദ്യം ചോദിക്കേണ്ടി വന്ന സാഹചര്യം കേരള ജനതയ്ക്ക് നന്നായി അറിയാം. പിണറായി സർക്കാർ വീണ്ടും അധികാരത്തിലെത്തിയതും ഇടതുപക്ഷത്തിന് ലഭിക്കുന്ന ജനപിന്തുണയും സഹിക്കവയ്യാത്ത ചിലർ നടത്തുന്ന ചരടുവലികളാണ് ഇതിന് പിന്നിലെന്ന് നമുക്ക് നിസ്സംശയം പറയാം.കേരളത്തിലേക്ക് കാലുകുത്തിയ​ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ചില വ്യക്തിതാൽപ്പര്യങ്ങളുണ്ട്. അതിന് സർക്കാർ കൂട്ടുനിന്നില്ല.

ഇഷ്ടപ്പെട്ട മാധ്യമ പ്രവർത്തകനെ കൂടെ കൂട്ടണം,പിന്നെ സവാരിക്ക് ആഢംബരക്കാറു വേണം .ഇങ്ങനെ ചെറുതും വലുതുമായ ഒട്ടേറെ ആവശ്യങ്ങളുണ്ടായിരുന്നു ​ഗവർണർക്ക്.തന്റെ ഇഷ്ടത്തിന് കീഴ്പ്പെടുന്നയാളല്ല കേരളം ഭരിക്കുന്നത് എന്നു മനസ്സിലാക്കിയ ​ഗവർണർ നയപ്രഖ്യാപനത്തിന് പോലും വരില്ലെന്ന അഭ്യൂഹം ഉണ്ടാക്കി സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചു.

ഓലപ്പാമ്പ് കാട്ടിയാലൊന്നും പേടിക്കുന്നവരല്ല മുഖ്യനും ടീംസുമെന്ന് ​ഗവർണർക്ക് ബോധ്യപ്പെട്ടു.ഇപ്പോൾ പുതിയ നമ്പറുമായാണ് ​ഗവർണർ കളത്തിലിറങ്ങിയിരിക്കുന്നത്.ഈ അവസരത്തിൽ പറയാതെ വയ്യാത്ത ഒരു കാര്യമുണ്ട്. ​ഗവർണറെ കേരളത്തിലേയ്ക്കയച്ച മോദി സർക്കാരിന്റെ അജണ്ട.അത് വിശദീകരിക്കേണ്ട ആവശ്യമേയില്ലല്ലോ..

ഇപ്പോൾ കണ്ണൂർ സർവ്വകലാശാലാ നിയമനവുമായി ബന്ധപ്പെട്ടാണ് ​ഗവർണർ ഇടഞ്ഞുനിൽക്കുന്നത്. കേരളത്തിലെ വിവിധ സർവകലാശാലകളിലായി കഴിഞ്ഞ 6 വർഷക്കാലയളവിൽ ആയിരത്തോളം നിയമനങ്ങളാണ് വിവിധ അധ്യാപക തസ്തികയിൽ ന‌ടത്തിയിട്ടുള്ളത്. ആ നിയമനങ്ങളിൽ സ്വാഭാവികമായും സിപിഐഎമ്മുമായി ബന്ധപ്പെട്ട കുടുംബാം​ഗങ്ങൾ ഉണ്ടാകുമെന്നതിൽ അസ്വാഭാവികത ഒന്നുമില്ല.യുഡിഎഫ് ഭരണത്തിലിരിക്കുന്ന കാലത്തും ഇടതുനേതാക്കളുടെ കുടുംബാം​ഗങ്ങൾ പല സന്ദർഭങ്ങളിലും മെറിറ്റിൽ കടന്നുവന്നിട്ടുണ്ട്.

ഏതെങ്കിലും തരത്തിലുള്ള അഴിമതിയുണ്ടെങ്കിൽ ഇടപെടാൻ ലോകായുക്തയുണ്ട്, ഹൈക്കോടതിക്ക് ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ സാധിക്കും.ഇതൊന്നുമല്ല ഇവിടുത്തെ പ്രശ്നം, തന്റെ അധികാരം എങ്ങനെ പ്രയോ​ഗിക്കണമെന്ന വിവേകമില്ലായ്മയാണ് ​ഗവർണർ കാണിക്കുന്നത്.

ഒരു പരാതി വന്നാൽ ആദ്യം ചെയ്യേണ്ടതെന്താണ് ? ആരെയാണോ ബാധിക്കാൻ ഇടയാകുക അവർക്ക് നോട്ടീസ് നൽകുക….ഇതൊന്നും ചെയ്യാതെ ചില വലതുപക്ഷ മാധ്യമങ്ങളെയും ഇടതുവിരോധികളേയും കൂടെ ചേർത്ത് ​ഗവർണർ കാണിക്കുന്നതിനെ എന്ത് പറഞ്ഞ് വിശേഷിപ്പിക്കാൻ പറ്റും.

എൽ.ഡി.എഫ്. ഭരണത്തെ അട്ടിമറിക്കാനാണ് ബി.ജെ.പിയും മോദി ഭരണവും പരിശ്രമിക്കുന്നത്. ഇതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ തുറന്നുവിട്ടിരിക്കുന്നു. മറ്റൊരു ഭാഗത്ത് ഗവർണറെ ഉപയോഗിച്ച് സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ നോക്കുന്നു.

ജനങ്ങൾ തിരഞ്ഞെടുത്ത ജനകീയ സർക്കാരിനെ ഗവർണറെ ഉൾപ്പെടെ ഉപയോഗിച്ച് വളഞ്ഞ വഴികളിലൂടെ വരിഞ്ഞുമുറുക്കാനും ശ്വാസം മുട്ടിക്കാനും അട്ടിമറിക്കാനുമാണ് ചിലർ നോക്കുന്നത്.ഇതല്ല ഇതിനപ്പുറവും ചാടിക്കടന്ന് വിജയക്കൊടി പാറിച്ചവരാണ് കേരളം ഭരിക്കുന്നതെന്ന് ഇക്കൂട്ടർ ഇനി എന്നാണാവോ മനസ്സിലാക്കുക…………….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here