Mumbai: മാതാപിതാക്കള്‍ രോഗാവസ്ഥയില്‍; മുംബൈയില്‍ അതിജീവനത്തിനായി പൊരുതുന്ന മലയാളി പെണ്‍കുട്ടി

മഹാരാഷ്ട്രയിലെ ഒരു നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ് മാതാപിതാക്കള്‍ രോഗാവസ്ഥയിലായതോടെ അതിജീവനത്തിനായി പൊരുതുന്നത്. കുടുംബത്തിന്റെ ദയനീയാവസ്ഥക്ക് മുന്നില്‍ പകച്ച് നില്‍ക്കുമ്പോഴും കൈവിട്ടു പോയ ജീവിതം തിരിച്ചു പിടിക്കാനുള്ള നെട്ടോട്ടത്തിലാണ് ഈ മലയാളി പെണ്‍കുട്ടി

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ സാറയുടെ അതിജീവന കഥ നൊമ്പരപ്പെടുത്തുന്നതാണ്. അല്ലലില്ലാതെ ജീവിച്ച് പോന്ന കൊച്ചു കുടുംബത്തിലേക്ക് നിനച്ചിരിക്കാതെയാണ് ദുരിതങ്ങള്‍ ഇരച്ച് കയറിയത്.

ജോലിയുണ്ടായിരുന്ന മാതാപിതാക്കള്‍ രോഗാവസ്ഥയിലായതോടെയാണ് സാറയുടെ സ്വപ്നങ്ങള്‍ ഒന്നൊന്നായി പൊലിഞ്ഞത്. കുടുംബഭാരം മുഴുവനും ചെറിയ പ്രായത്തില്‍ തന്നെഏറ്റെടുക്കേണ്ടി വന്നതോടെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാട് പെടുകയാണ് ഈ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി.

മുംബൈയില്‍ നിന്നും ഏകദേശം 47 കിലോമീറ്റര്‍ അകലെ അംബര്‍നാഥിലാണ് സാറ മാതാപിതാക്കളോടൊപ്പം താമസിക്കുന്നത്. ഇന്ന് ഒറ്റമുറിയുള്ള വാടകവീട്ടില്‍ വിധിയെ പഴിച്ച് കഴിയുമ്പോഴും ഇച്ഛാശക്തിയാണ് സാറയെ മുന്നോട്ട് നയിക്കുന്നത്

നഴ്സായിരുന്ന ‘അമ്മ രോഗാവസ്ഥയിലായതോടെ ജോലിയും നഷ്ടമായി. ഇതോടെ കുടുംബത്തിന്റെ താളം തെറ്റാന്‍ തുടങ്ങി. ചെറിയ കോണ്‍ട്രാക്ട് ജോലികളില്‍ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു അച്ഛന്‍ അലക്‌സ് കുടുംബം പോറ്റിയതും സാറയെ പഠിപ്പിച്ചതും.

എന്നാല്‍ കഴിഞ്ഞ ഏഴു മാസമായി അലക്സും രോഗബാധിതനായി. ശരീരത്തിന്റെ ഒരു ഭാഗം സ്വാധീനമില്ലാതായതോടെ പണിയെടുക്കാന്‍ വയ്യാത്ത അവസ്ഥയില്‍ കിടപ്പിലായി. കോവിഡിനെ തുടര്‍ന്ന് പണിയില്ലാതെ വരുമാനം നിലച്ച അലക്‌സിനെ രോഗവും കൂടി തളര്‍ത്തിയതോടെ കുടുംബത്തിന്റെ ആശ്രയം നഴ്‌സിംഗ് പഠിക്കുന്ന ഏക മകള്‍ സാറായിലേക്ക് ചുരുങ്ങുകയായിരുന്നു.

ചെറിയ പ്രായത്തില്‍ തന്നെ കുടുംബ ഭാരം ഏറ്റെടുത്തതിന്റെ ആശങ്കയിലും മാതാപിതാക്കളെ ചേര്‍ത്ത് പിടിച്ചാണ് ദുരിതക്കയത്തില്‍ നിന്നും കര കയറാനായി സാറ പാട് പെടുന്നത്

ഈ കുടുംബത്തിന്റെ ദുരിതകഥ പെരുമ്പാവൂര്‍ മുന്‍ എം എല്‍ എ സാജു പോളാണ് മുംബൈയിലെ സുഹൃത്തിനെ വിളിച്ചറിയിച്ചത്. തുടര്‍ന്ന് സന്നദ്ധ സംഘടനയായ കെയര്‍ ഫോര്‍ മുംബൈ, സാമൂഹിക പ്രവര്‍ത്തകന്‍ പ്രകാശ് പടിക്കല്‍, അംബര്‍നാഥ് എസ് എന്‍ ഡി പി യോഗം പ്രസിഡന്റ് അജയകുമാര്‍, എന്നിവര്‍ സഹായങ്ങളുമായി മുന്നോട്ട് വന്നതോടെ താല്‍ക്കാലിക ആശ്വാസത്തിലാണ് കുടുംബം.

മാതാപിതാക്കളുടെ ചികിത്സക്കായി ഇനിയും പണം കണ്ടെത്തണം. സുമനസുകളുടെ സഹായം തേടുകയാണ് ഈ മലയാളി പെണ്‍കുട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here