പതിനെട്ടാമത്തെ വയില്‍ 18 കുട്ടികളുടെ അമ്മ; അറിയാം ലോകം ഇന്ന് ‘മാമാ യൂഗാണ്ട’ എന്ന് വിളിക്കുന്ന മറിയത്തിന്റെ കഥ

അമ്പരപ്പോടെയല്ലാതെ മറിയം നബാതന്‍സിയുടെ ജീവിത കഥ നമുക്ക് വായിക്കാനും അറിയാനുമാകില്ല. പതിനെതട്ടാമത്തെ വസയില്‍ പതിനെട്ട് കുട്ടികളുടെ അമ്മയായ മറിയത്തിന് ഇന്ന് 44 മക്കളുണ്ട്. യുഗാണ്ടക്കാരിയായ മറിയത്തെ ലോകം ഇന്ന് ‘മാമാ യൂഗാണ്ട’ എന്നാണ് വിളിക്കുന്നത് യുഗാണ്ടന്‍ തലസ്ഥാനായ കാമ്പലയില്‍ നിന്ന് 50 കിലോമീറ്റര്‍ ദൂരെയുള്ള ഒരു ഗ്രാമത്തിലാണ് മറിയം നബാതന്‍സിയും കുഞ്ഞുങ്ങളും താമസിക്കുന്നത്.

ലോകത്തിലെ പ്രത്യുത്പാദന ശേഷി കൂടിയ വനിതകളിലൊരാളായാണ് ഇവര്‍ അറിയപ്പെടുന്നത്. ഒരു സ്ത്രീയുടെ അണ്ഡോല്‍പാദനവേളയില്‍ (ovulation) സാധാരണഗതിയില്‍ ഒരു അണ്ഡം മാത്രമേ വിക്ഷേപിക്കപ്പെടുന്നുള്ളൂ. എന്നാല്‍, മറിയത്തിന് അവ രണ്ടും മൂന്നും നാലുമൊക്കെയാണ്. ഒരു തവണ സന്താന നിയന്ത്രണത്തിനായി നടത്തിയ ശ്രമം തന്നെ ആറുമാസം ആശുപത്രിയില്‍ കിടത്തിയെന്നും പിന്നീടതിന് മുതിര്‍ന്നില്ലെന്നും അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറയുന്നു.

36 വയസ്സിനുള്ളില്‍ 15 തവണ അമ്മയായി. അതില്‍ അഞ്ച് തവണ നാല് വീതം കുഞ്ഞുങ്ങള്‍ക്കും അത്രയും തവണകളിലായി മൂന്ന് വീതം കുഞ്ഞുങ്ങള്‍ക്കും ജന്മം നല്‍കി. 44 മക്കളില്‍ ആറുപേര്‍ നേരത്തെ മരണപ്പെട്ടു. തന്റെ അര്‍ധസഹോദരിയുടെ സംരക്ഷണയിലിരിക്കെയാണ് രണ്ട് കുഞ്ഞുങ്ങള്‍ മരണപ്പെട്ടത്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതിനാല്‍ കുടുംബം പുലര്‍ത്താന്‍ തന്നാലാകാവുന്ന തൊഴിലുകളെല്ലാം പരീക്ഷിച്ചാണ് മറിയം ഇന്ന് ജീവിക്കുന്നത്.

മറിയത്തിന്റെ കഥ

മറിയത്തിനു മാസങ്ങള്‍ മാത്രം പ്രായമുള്ളപ്പോള്‍ അമ്മ ഉപേക്ഷിച്ചുപോയി. തുടര്‍ന്ന് വന്ന രണ്ടാനമ്മ, അച്ഛന്‍ സ്ഥലത്തില്ലാത്ത സമയത്ത് ഭക്ഷണത്തില്‍ കുപ്പിച്ചില്ല് കലര്‍ത്തി കഴിക്കാന്‍ നല്‍കി. മറിയം ഒഴികെയുള്ള കുഞ്ഞുങ്ങളെല്ലാം കൊല്ലപ്പെട്ടു. 12 വയസ്സുള്ളപ്പോഴായിരുന്നു വിവാഹം. തന്നെ അച്ഛന്‍ വിവാഹ കമ്പോളത്തില്‍ വില്‍ക്കുകയായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. അദ്ദേഹത്തിന്റെ അഞ്ചാമത്തെ ഭാര്യയാണ് മറിയം. 13-ാം വയസ്സില്‍ നടന്ന ആദ്യ പ്രസവത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ ജനിച്ചു. പിന്നീട് തുടര്‍ച്ചയായ പ്രസവങ്ങള്‍.

മൂത്തവര്‍ മൂവരും 25 വയസ്സുകാരായി. ഇളയ കുഞ്ഞിന് അഞ്ച് വയസ്സും. മൂതിര്‍ന്ന മക്കളിലൂടെ പേരമക്കളും ജനിച്ചു തുടങ്ങി. 44 കുഞ്ഞുങ്ങളുടെയും അച്ഛന്‍ മറിയത്തിന്റെ ആദ്യ ഭര്‍ത്താവുതന്നെയാണ്. അദ്ദേഹം ഇടയ്ക്ക് തന്നെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് പോവുകയായിരുന്നു. ഭര്‍ത്താവില്‍ നിന്ന് പലതരത്തിലുള്ള ഉപദ്രവങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. സഹിക്കാന്‍ വയ്യാതാകുമ്പോള്‍ രക്ഷതേടി അച്ഛന്റെയടുത്തേക്കു പോകും.

എന്നാല്‍, വിവാഹവേളയില്‍ അ്ച്ഛന്‍ തന്റെ പേരില്‍ മഹര്‍ ഇനത്തില്‍ കൈപ്പറ്റിയ തുക തിരികെ നല്‍കാന്‍ നിവൃത്തിയില്ലെന്നു പറഞ്ഞ് തിരികെ അയക്കുകയായിരുന്നു പതിവ്. ഒടുവില്‍ വില്ലന്‍ വേഷത്തില്‍ വന്നത് രണ്ടാനമ്മയാണ്. തന്റെ ഭര്‍ത്താവുമായി രണ്ടാനമ്മ ബന്ധം തുടങ്ങി. ഇതോടെ ബന്ധം പിരിഞ്ഞു.

കിലോമീറ്ററുകള്‍ നടന്ന് തന്റെ മുത്തശ്ശിയുടെ അടുത്തെത്തി, അവിടെ താമസമാക്കി. ഇപ്പോള്‍ മക്കളുടെ ഒരു നേരത്തെ വിശപ്പടക്കാന്‍ കഷ്ടപ്പെടുകയാണ് മറിയം. ഭക്ഷണം തേടി മക്കളെയും കൂട്ടി കിലോമീറ്ററുകള്‍ നടന്നിട്ടുണ്ട്. കുഞ്ഞുങ്ങള്‍ വിശന്ന് കരയുന്നത് കാണുമ്പോള്‍, സ്വയം ഇല്ലാതായിപ്പോയെങ്കിലെന്ന് തോന്നും. എന്നാല്‍, താന്‍ പോയാല്‍ തന്റെ കുഞ്ഞുങ്ങള്‍ക്ക് ആരുമില്ലാതാകില്ലേ എന്ന തോന്നല്‍ ജീവിതത്തിലേക്കു തിരിച്ചുവിളിക്കും.

18-ാം വയസ്സില്‍ 18 കുട്ടികള്‍ ആയപ്പോള്‍ പ്രസവം നിര്‍ത്തുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍, അസാധാരണമായ തോതില്‍ അണ്ഡോല്‍പാദനം നടക്കുന്ന താന്‍ പ്രസവിച്ചില്ലെങ്കില്‍ ട്യൂമറിന് ഇടയാക്കുമെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ തിരിച്ചയക്കുകയായിരുന്നുവെന്നും മറിയം ഒരു വ്‌ളോഗര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. മക്കളുടെ എല്ലാവരുടെയും പേരുകള്‍ ക്രമത്തില്‍ പറയാനാകുമോയെന്ന ചോദ്യത്തിന്, ഇവരുടെ അമ്മയാണ് താന്‍, എത്ര കുഞ്ഞുങ്ങള്‍ ഉണ്ടെങ്കിലും അവരോരോത്തരും എനിക്ക് പ്രിയപ്പെട്ടവരാണ് -അവര്‍ പ്രതികരിച്ചു.

മക്കള്‍ക്കെല്ലാവര്‍ക്കും ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കണമെന്നാണ് ആഗ്രഹം. പലപ്പോഴും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് പണം ഉണ്ടാകാറില്ലെങ്കിലും കഴിവിന്റെ പരമാവധി ശ്രമിക്കുകയാണ്. മൂത്ത പെണ്‍കുട്ടികളില്‍ ഒരുവള്‍ പഠിച്ച് നഴ്‌സായി. എന്നാല്‍ തനിക്ക് ഒരു താങ്ങാകുന്നതിന് പകരം വിവാഹം ചെയ്ത് റഷ്യയിലേക്ക് പോവുകയാണുണ്ടായത്.

ഒരു മകന്‍ മെക്കാനിക്കല്‍ എന്‍ജിനീയറായാണ്. താഴെയുള്ള മുതിര്‍ന്ന മക്കളും സര്‍വകലാശാലകളില്‍ പഠിക്കുന്നു. കുട്ടിക്കാലത്തേക്ക് തിരിച്ചുപോയി, വീണ്ടുമൊരു ജീവിതം തുടങ്ങാന്‍ അവസരം ലഭിച്ചാല്‍, എങ്ങനെയായിരിക്കുമെന്ന ചോദ്യത്തിന്, തനിക്കിഷ്ടപ്പെട്ട ഒരു നല്ല ഭര്‍ത്താവിനെ തിരഞ്ഞെടുക്കുമെന്നായിരുന്നു മറുപടി. ഈ മക്കളെല്ലാം തന്റെ കുഞ്ഞുങ്ങളായി ജനിക്കണമെന്നും അവര്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News