ഗാന്ധി ചിത്രം തകർക്കൽ ; കുറ്റക്കാരായ പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ കോൺഗ്രസ്‌ നേതൃത്വം തയ്യാറാകണം | P A Muhammad Riyas

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത കുറ്റക്കാരായ പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ കോൺഗ്രസ്‌ നേതൃത്വം തയ്യാറാകണമെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ( P A Muhammad Riyas ) പറഞ്ഞു. നടപടിയെടുക്കുന്നില്ലെന്നു മാത്രമല്ല, ഇവരെ തോളിലേറ്റി സിന്ദാബാദ്‌ വിളിക്കുന്നു.

കോൺഗ്രസ്‌ നേതാക്കൾ ഒരു ഭാഗത്ത്‌ ഗാന്ധി ചിത്രം തകർക്കുകയും മറുഭാഗത്ത്‌ സവർക്കറുടെ ചിത്രത്തിന് മുന്നിൽ പ്രകാശം പരത്തുകയുമാണ്‌. തൃശൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷ സർക്കാരിനെ മോശപ്പെടുത്താൻ വേണ്ടി മഹാത്മാഗാന്ധിയുടെ ചിത്രം തല്ലിപൊളിക്കുന്നവരുടെ മാനസികാവസ്ഥ ദൗർഭാഗ്യകരവുമാണ്‌. ഗാന്ധി ചിത്രം തകരണം. ഗാന്ധിയുടെ ആശയം തകരണം, ഗാന്ധി വിഭാവനം ചെയ്‌ത രാജ്യ സംവിധാനങ്ങളാകെ തകരണമെന്നെല്ലാം ആഗ്രഹിക്കുന്നത്‌ രാജ്യം ഭരിക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനമാണ്‌.

അവരാഗ്രഹിക്കുന്നതനുസരിച്ച്‌ പ്രവൃത്തിക്കുന്ന കോൺഗ്രസിനെ എവിടേക്ക്‌ എത്തിക്കും. കോൺഗ്രസിലെ മതനിരപേക്ഷ മനസുള്ളവരും ഇത്‌ ചോദിക്കുകയാണ്‌. ഇടതുപക്ഷ സർക്കാരിനെ തകർക്കാൻ എന്തും ചെയ്യാൻ കോൺഗ്രസ്‌ തയ്യാറാവുമെന്നതിന്റെ തെളിവാണ്‌ വയനാട്‌ സംഭവം.

സവർക്കറുടെ പേര്‌ മഹാത്മാഗാന്ധിക്കൊപ്പം സ്വാതന്ത്ര്യദിന ചടങ്ങിൽ പറഞ്ഞപ്പോൾ മതനിരപേക്ഷ ഇന്ത്യ ഞെട്ടിവിറച്ചു. കോൺഗ്രസിലെ സാധാരണ പ്രവർത്തകരും ഞെട്ടി. എന്നാൽ കേരളത്തിലെ ഒരു കോൺഗ്രസ്‌ നേതാവും പ്രതികരിച്ചില്ല. എല്ലാ കാര്യങ്ങളിലും ഇടപ്പെടുന്ന പ്രതിപക്ഷ നേതാവും മിണ്ടിയില്ലെന്നും റിയാസ്‌ പറഞ്ഞു.

അതേസമയം പൊതുമരാമത്ത്‌ വകുപ്പിലെ തെറ്റായ പ്രവണതകളോട്‌ സന്ധിയില്ലെന്ന്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. റോഡ്‌ പണിയിലെ അപാകം മൂലം ചാലക്കുടി മണ്ഡലത്തിലെ മേലൂർ – പാലപ്പള്ളി – നാലുകെട്ട് റോഡിന്റെ കരാറുകാരനെ നീക്കി.

കൊടകര – കൊടുങ്ങല്ലൂർ റോഡിലെ ബിസി പ്രവൃത്തിയിൽ നഷ്‌ടം സംഭവിച്ചതിൽ പൊതുമരാമത്ത്‌ വകുപ്പ്‌ ഇന്റേണൽ വിജിലൻസ്‌ അന്വേഷിക്കും. ജില്ലാ ഇൻഫ്രാസ്‌ട്രക്‌ച്ചർ കോ – ഓർഡിനേഷൻ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൈപ്പിടൽ മൂലം റോഡ്‌ തകർന്ന്‌ കാഞ്ഞാണി – പെരിങ്ങോട്ടുകര റോഡ്‌ വിഷയം ഗൗരവതരമാണ്‌. വാട്ടർ അതോറിറ്റി മന്ത്രിയോട്‌ വിഷയം ചർച്ച ചെയ്‌തു. സമയക്രമം നിശ്‌ചയിച്ച്‌ പണി പുർത്തീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്‌. ഇത്‌ ലംഘിച്ചാൽ കർശന നടപടിയെടുക്കും. ജല അതോറിറ്റിയുടെ പൈപ്പിടൽ പ്രവൃത്തിമൂലം 5 നിയോജക മണ്ഡലങ്ങളിലെ 10 പ്രവൃത്തികൾ പ്രതിസന്ധിയിലാണ്‌. സർവെ പ്രവൃത്തികളുടെ കാലതാമസവും തടസമാവുന്നു.

പൊതുമരാമത്ത്‌ പ്രവൃത്തികൾക്ക്‌ മറ്റു വകുപ്പുകൾ തടസമാവുന്നുണ്ട്‌. അതിനാൽ വകുപ്പുകളുടെ ഏകോപനം ആവശ്യമാണ്‌. അതിനാണ്‌ 14 ജില്ലകളിലും പിഡ്ബ്യൂഡി എക്‌സിക്യൂട്ടീവ്‌ എൻജിനിയർ കൺവീനറും കലക്‌ടർ ചെയർമാനുമായി ഡിഐസിസി രൂപകീരിച്ചത്‌. മാസത്തിൽ കമ്മിറ്റി യോഗം ചേരും. മന്ത്രി പങ്കെടുത്ത്‌ ആറുമാസത്തിലൊരിക്കൽ യോഗം ചേരും. സംസ്ഥാനത്ത്‌ മൂന്നു ലക്ഷം കിലോമീറ്റർ റോഡുണ്ട്‌. അതിൽ 270000 കിലോമീറ്റർറോഡും പിഡ്ബ്യൂഡി റോഡല്ല. പലപ്പോഴും പഴി കേൾക്കേണ്ടി വരുന്നത്‌ പൊതുമരാമത്ത്‌ വകുപ്പാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News