മുംബൈയില്‍ തട്ടിപ്പ് കേസില്‍ മലയാളി ജ്വല്ലറി ഉടമ അറസ്റ്റില്‍; ബി.എം.ഡബ്ല്യു കാറും 2.9 കോടി രൂപയും പിടിച്ചെടുത്തു

മുംബൈ കേന്ദ്രമാക്കി സ്വര്‍ണ വ്യാപാരം നടത്തിയിരുന്ന മലയാളിയാണ് അറസ്‌റിലായത്. നിക്ഷേപകരില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത് മുങ്ങിയ എസ് കുമാര്‍ ജ്വല്ലേഴ്‌സ് ഉടമ ശ്രീകുമാര്‍ പിള്ള നാടകീയമായാണ് മുംബൈ ഉപനഗരമായ ഡോംബിവ്ലിയില്‍ നിന്ന് അറസ്റ്റിലാകുന്നത്. ദക്ഷിണ മുംബൈയിലെ ലോകമാന്യ തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനിലെ ഒരു സംഘമാണ് ഡോംബിവ്ലിയില്‍ നിന്ന് ശ്രീകുമാര്‍ ശങ്കരപിള്ളയെ പിടി കൂടിയത് . ബി.എം.ഡബ്ല്യു കാറും കാറില്‍ ഒളിപ്പിച്ചിരുന്ന 2.9 കോടി രൂപയും പ്രതിയില്‍ നിന്ന് പിടിച്ചെടുത്തു.

സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയില്‍ വന്‍ തുക പലിശ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. 4.22 കോടി രൂപ തട്ടിയെടുത്തെന്ന് കാണിച്ച് താനെയിലെ 11 ഹോള്‍സെയില്‍ സ്വര്‍ണ്ണ, ഡയമണ്ട് കച്ചവടക്കാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

സാധാരണക്കാരായ നിക്ഷേപകര്‍ കൂടാതെ ഹോള്‍സെയില്‍ സ്വര്‍ണ്ണ ആഭരണ നിര്‍മ്മാതാക്കളും പിള്ളയുടെ തട്ടിപ്പിന് ഇരയായിരുന്നു.

സ്വര്‍ണ്ണക്കട നടത്തുകയാണെന്ന് വിശ്വസിപ്പിച്ച് ഹോള്‍സെയില്‍ നിര്‍മാതാക്കളില്‍ നിന്ന് സ്വര്‍ണം തട്ടിയെടുക്കുന്നതായിരുന്നു ശ്രീകുമാര്‍ പിള്ളയുടെ രീതിയെന്നാണ് പോലീസ് പറഞ്ഞത്. തുടക്കത്തില്‍ കൃത്യമായി പണം നല്‍കി വിശ്വാസ്യത നേടിയ ശേഷം വന്‍ തുകയ്ക്കുള്ള സ്വര്‍ണം വാങ്ങി കബളിപ്പിച്ചുവെന്നാണ് പരാതികള്‍. മുംബൈ സാവേരി ബസാറില്‍ മാത്രം പിള്ളയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേരാണ്.

ശ്രീകുമാര്‍ പിള്ള പിടിയിലായ ഡോംബിവ്ലിയിലെ കെട്ടിടത്തിന് സമീപമാണ് ആഡംബര കാര്‍ ഉണ്ടായിരുന്നത്. പിടികൂടുന്ന സമയത്ത് കാറിന്റെ കീ ഒളിപ്പിക്കാന്‍ പിള്ള ശ്രമിച്ചതായി പൊലീസ് പറഞ്ഞു. പിന്നീട് കീ കണ്ടെത്തി പരിശോധിച്ചപ്പോഴാണ് കാറിനുള്ളില്‍ നിന്ന് ബാഗുകളില്‍ സൂക്ഷിച്ച പണം കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News