പന്നി മാംസം ക‍ഴിക്കാം; നഷ്ടപരിഹാരം മാത്രം പോര, വാക്സിനും വേണമെന്ന് കര്‍ഷകര്‍

“നഷ്ടപരിഹാരം ആശ്വാസമാണ്. എന്നാല്‍ വാക്സിന്‍
മാത്രമാണ് ശാശ്വത പരിഹാരം” – തൃശ്ശൂരിലെ പന്നിഫാം
ഉടമയായ മേജോ ഫ്രാന്‍സിസിന്‍റെ അഭിപ്രായമാണിത്
തൃശ്ശൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പക്ഷെ കേരളത്തിലെ എല്ലാ പന്നികര്‍ഷകരേയും പോലെ
മേജോ ഫ്രാന്‍സിസിനേയും ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ചു

വയനാട് മാനന്തവാടിയിലെ കണിയാരത്തിലെ ജിനിഷാജിയുടെ
ഫാമില്‍ നിന്നായിരുന്നു എല്ലാറ്റിന്‍റേയും തുടക്കം.
ജിനി 14 വര്‍ഷമായി പന്നികളെ വളര്‍ത്തുന്നു.
ജൂണ്‍ ആദ്യത്തില്‍ ചില മാറ്റങ്ങള്‍ പ്രകടമായി.
ഒരു പന്നി തീറ്റ നിര്‍ത്തി. തളര്‍ച്ച ബാധിച്ചു.
അധികം താമസ്സിക്കാതെ തളര്‍ന്ന് വീണു.
മരണ കാരണം അറിയാനായി പൂക്കോട് വെറ്റിനറി
കോ‍ളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.റിസല്‍ട്ട് വരുമ്പോ‍ഴേക്കും
ഫാമിലെ 43 പന്നികളും ചത്തിരുന്നു.
ഭോപ്പാലില്‍ നിന്നുളള വിദഗ്ധര്‍ ഉള്‍പ്പെടെ നിരവധി
സംഘങ്ങള്‍ ജിനിഷാജിയുടെ ഫാം സന്ദര്‍ശിച്ചു
ജൂണ്‍17ന് ജിജി പത്രത്തില്‍ ഒരു വാര്‍ത്തവായിച്ചു
-ജിന്നി ഷാജിയുടെ പന്നികള്‍ ചത്തത് ആഫ്രിക്കന്‍
പന്നിപ്പനി ബാധിച്ച്….”

” അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് എനിക്കുണ്ടായത്.
എന്നാല്‍ ഒരു പൈസപോലും നഷ്ടപരിഹാരം ലഭിച്ചില്ല.
എന്‍റെ പന്നികളെല്ലാം ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച്
ചത്തൊടുങ്ങുകയായിരുന്നു.ദയാവധം ചെയ്ത പന്നികളുടെ
ഉടമസ്ഥര്‍ക്ക് മാത്രമേ മാനദണ്ധപ്രകാരം
നഷ്ടപരിഹാരം ലഭിക്കൂ”

കേന്ദ്ര സര്‍ക്കാരിന്‍റെ മാനദണ്ധമാണ് ജിജിക്ക് തിരിച്ചടിയായത്.
എന്നാല്‍ വിഷയത്തില്‍ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്
ഇടപെട്ടു. ജിജിക്കുണ്ടായ നഷ്ടം കണക്കിലെടുത്ത്
ഉടന്‍ അര്‍ഹമായ നഷ്ടപരിഹാരം കൈമാറും.
ഇതിന്‍റെ ചെലവ് പൂര്‍ണ്ണമായും സംസ്്ഥാന സര്‍ക്കാര്‍
വഹിക്കും.

‍വയനാട് ജില്ലയിലെ തവിഞ്ഞാല്‍ പഞ്ചായത്തിലെ
പന്നിഫാം ഉടമയാണ് മുല്ലപ്പറമ്പില്‍ എം പി വിന്‍സന്‍റ്.
360 പന്നികള്‍ ഉണ്ടായിരുന്നു.ഒരു ദിവസം രണ്ട്
പന്നികള്‍ തമ്മില്‍ കടികൂടി. രണ്ടും അവശരായി
രോഗം ബാധിച്ച് കിടപ്പിലായി.വെറ്റിനറി ഡോക്ടര്‍
പരിശോധിച്ചു.സാമ്പിളുകള്‍ ശേഖരിച്ചു.ഭോപ്പാലിലെ
ലാബില്‍ പരിശോധനയ്ക്കയച്ചു
ജൂണ്‍ 18ന് ഫലം വന്നു- “ആഫ്രിക്കന്‍ പന്നിപ്പനി”
പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കുക എന്നതല്ലാതെ
മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. മൃഗസംരക്ഷണ വകുപ്പിലെ
ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പന്നികളെ കൂട്ടത്തോടെ
ദയാവധം ചെയ്തു.

വിന്‍സന്‍റ് വയനാട്ടില്‍ നിന്ന് പന്നികളെ അങ്കമാലി പന്നിമാര്‍ക്കറ്റില്‍
കൊണ്ടുപോയാണ് വിറ്റിരുന്നത്.പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നതിന്
മുമ്പുളള വിപണി വിലയനുസരിച്ച് 360 പന്നികള്‍ക്ക് 75 ലക്ഷം
രൂപ വിലകിട്ടുമായിരുന്നു. സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരമായി
19 ലക്ഷം രൂപ ലഭിച്ചു

ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍
ഇനി ആറ് മാസങ്ങള്‍ക്ക് ശേഷം മാത്രമേ പന്നി ഫാം
പുനരാരംഭിക്കാനാകൂ.അതും നേരത്തെ ഉണ്ടായിരുന്നതിന്‍റെ
10%പന്നികളെ മാത്രമേ വളര്‍ത്താനാകൂ.ജില്ലയ്ക്ക് പുറത്ത്
പന്നികളെ കടത്താനാകില്ല. നിയന്ത്രണങ്ങള്‍ പലതുമുണ്ട്
ആഫ്രിക്കന്‍ പന്നിയെ ഉന്മൂലനം ചെയ്താലും മടക്കം എളുപ്പമല്ല.

കൃഷി നശിച്ചപ്പോള്‍ ആശ്രയം പന്നികൃഷി
—————————————————
വിന്‍സന്‍റിനെപ്പോലെ വയനാട്ടില്‍ അഞ്ഞൂറോളം
പന്നികര്‍ഷകര്‍ ഉണ്ട്. ഇവരില്‍ വന്‍കിടക്കാരും ഇടത്തരക്കാരുമെല്ലാം
ഉള്‍പ്പെടും. .വയനാട്ടിലെ മൂന്ന് ഫാമുകളില്‍ മാത്രമാണ്
ആഫ്രിക്കന്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തത് .എന്നാല്‍
പ്രോട്ടോകോള്‍ പ്രകാരം ഒരു കിലോമീറ്റര്‍ ചുറ്റ‍ളവിലുളള
എല്ലാ പന്നികളേയും കൊലപ്പെടുത്തണം.വയനാട്ടിലെ
7 കര്‍ഷകരുടെ 702 പന്നികളെ ദയാവധത്തിന് വിധേയരാക്കി.
എന്നാല്‍ നഷ്ടം സംഭവിച്ചത് ഈ കര്‍ഷകര്‍ക്ക് മാത്രമല്ല.
വയനാട്ടിലെ പന്നികര്‍ഷകര്‍ എല്ലാം കെടുതിയിലാണ്.
ആഫ്രിക്കന്‍ പന്നിപ്പനി സ്ഥരീകരിച്ച പ്രദേശത്തിന്‍റെ
പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ എവിടെയും പന്നികളോ
പന്നിയിറച്ചിയോ വില്ക്കാനാവില്ല. ജില്ലയുടെ
പുറത്തേക്കോ സംസ്ഥാനത്തിന്‍റെ പുറത്തേക്കോ
പന്നികളെ കൊണ്ടുപോകരുത്..പന്നിയിറച്ചിയുടെ
വില കുത്തനെ കുറഞ്ഞു. കര്‍ഷകരും കച്ചവടക്കാരുമെല്ലാം
പ്രതിസന്ധിയിലായി.

കേരളത്തില്‍ ഏറ്റവുമധികം പന്നികര്‍ഷകരുളള ജില്ലയാണ്
വയനാട്.പന്നിഫാം ഉടമകളിലെ മിക്കവരും നേരത്തെ
കൃഷി ഉപജീവനമാര്‍ഗ്ഗമാക്കിയവരായിരുന്നു. എന്നാല്‍
കൃഷി ആദായകരമല്ലാതായി. കാലാവസ്ഥാവ്യതിയാനം
ഉള്‍പ്പെടെയുളള വിഷയങ്ങള്‍ കാര്‍ഷിക മേഖലയുടെ
നട്ടെല്ല് തകര്‍ത്തു. ബദലുകള്‍ തേടിയിറങ്ങിയ പല കര്‍ഷകരും
ആശ്രയമായി കണ്ടത് പന്നികൃഷിയെയാണ്.കേരള
ലൈവ്സ്റ്റോക് അസോസിയേഷന്‍ സംസ്ഥാന
വൈസ് പ്രസിഡന്‍റ് കെ എസ് രവീന്ദ്രന്‍ കാരണങ്ങള്‍
വിശദീകരിച്ചതിങ്ങനെ

” മറ്റ് വളര്‍ത്തുമൃഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍
പന്നികൃഷിക്ക് ചെലവ് കുറവാണ്..വളര്‍ത്തുമൃഗങ്ങളുടെ
തീറ്റക്കാണ് ഏറ്റവും ചെലവ് വരാറുളളത്. എന്നാല്‍
ഹോട്ടല്‍ഭക്ഷണ മാലിന്യങ്ങള്‍ തന്നെ ഇവയ്ക്ക് തീറ്റയായി കൊടുക്കാം.
കേരളത്തില്‍ പന്നിയിറച്ചിക്ക് ഏറെ ആവശ്യക്കാര്‍ ഉണ്ട്.
അതുകൊണ്ടുതന്നെ കര്‍ഷകര്‍ക്ക് നല്ല വിലയും ലഭിച്ചിരുന്നു”

കെ എസ് രവീന്ദ്രന്‍ മാനന്തവാടിയിലെ തവിഞ്ഞാല്‍ കാളിന്ദി
പിക് ഫാം ഉടമകൂടിയാണ്.വില്കാന്‍ പാകമായ 450 പന്നികള്‍
രവീന്ദ്രന്‍റെ ഫാമിലുണ്ട്. എന്നാല്‍ ആഫ്രിക്കന്‍ പന്നിപ്പനി റിപ്പോര്‍ട്ട്
ചെയ്തതിന്‍റെ പത്ത് കിലോമീറ്റര്‍ പരിധിക്കകത്താണ് ഫാം
സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ പന്നികളെ വില്ക്കാനാകില്ല.
അവയെ പരിപാലിച്ചേ തീരൂ. അവയ്ക്ക് തീറ്റകൊടുക്കണം.
ഫാമിലെ പണിക്കാര്‍ക്ക് കൂലി കൊടുക്കണം. ഇത്തരം
പ്രതിസന്ധികളില്‍ അകപ്പെട്ടിരിക്കുന്നത് വയനാട്ടിലെ അഞ്ഞൂറോളം
പന്നി കര്‍ഷകരാണ്.

മനുഷ്യര്‍ക്ക് പടരില്ല; പന്നികള്‍ ചത്തൊടുങ്ങും
———————————————–

ആഫ്സി ജനുസ്സില്‍പ്പെട്ട അസ്ഫാര്‍ വൈറിഡേ കുടുംബത്തിലെ
ഡി എന്‍ എ വൈറസ്സുകളാണ് ആഫ്രിക്കന്‍ പന്നിപ്പനി പടര്‍ത്തുന്നത്.
ഓര്‍ണിത്തോ ഡോറസ് എന്ന ജനുസിലെ ചെളളുകടിയില്‍ നിന്നാകാം
വൈറസ്സിന്‍റെ ഉത്ഭവമെന്നാണ് അനുമാനം. വൈറസ് മനുഷ്യര്‍ക്ക് പകരുമെന്ന ആശങ്ക വേണ്ടെന്ന് മൃഗസംരക്ഷണ വകുപ്പിലെ മുന്‍ ജോയന്‍റ് ഡയറക്ടര്‍ ഡോ എന്‍ അജയന്‍ ചൂണ്ടിക്കാട്ടുന്നു

” ആഫ്രിക്കന്‍ പന്നിപനി തടയാന്‍ ഇതുവരെ വാക്സിനോ മരുന്നോ
കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഈ രോഗം മനുഷ്യര്‍ക്കോ മറ്റ്
മൃഗങ്ങള്‍ക്കോ പടരില്ല.എന്നാല്‍ പന്നികള്‍ക്കിടയില്‍ വളരെ പെട്ടെന്ന്
പടരും. അവ കൂട്ടത്തോടെ ചത്തൊടുങ്ങും”

കേരള ലൈവ് സ്റ്റോക് ഫാര്‍മേ‍ഴ്സ് അസോസിയേഷന്‍റെ കണക്ക് പ്രകാരം
കേരളത്തില്‍ ചെറുകിട,. ഇടത്തരം , വന്‍കിട മേഖലകളിലായി ഇരുപതിനായിരത്തോളം പന്നികര്‍ഷകരുണ്ട്. ഒരു വര്‍ഷം ശരാശരി രണ്ട് ലക്ഷത്തോളം പന്നികളെ കേരളത്തില്‍ ഉല്പാദിപ്പിക്കുന്നു. കേരളത്തിനാവശ്യമായ പന്നിയുടെ പകുതിയാണിത്. രണ്ട് ലക്ഷത്തോളം പന്നികളെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വര്‍ഷന്തോറും ഇറക്കുമതി ചെയ്യുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പന്നികളിലൂടെയോ ഇറച്ചിയിയിലൂടെയോ ആകാം കേരളത്തിലേയ്ക്ക് ആഫ്രിക്കന്‍ പന്നിപ്പനിയുടെ വൈറസ് എത്തിയതെന്നാണ് കേരള മൃഗസംരക്ഷണ വകുപ്പിന്‍റെ അനുമാനം. മൃഗസംരക്ഷണ വകുപ്പ് വയനാട് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ കെ ജയരാജിന്‍റെ ഇങ്ങനെ വിശദീകരിക്കുന്നു

” 6 മാസംവരെ വൈറസ്സിന് നില നില്ക്കാനാകും.രോഗബാധയുളള
പന്നിയെ സ്പര്‍ശിച്ച മനുഷ്യന് രോഗം പടരില്ല. എന്നാല്‍ രോഗത്തിന്‍റെ
വാഹകരാകാം. രോഗബാധയുളള പന്നിഫാമില്‍ നിന്ന് വരുന്ന
മനുഷ്യന് മറ്റൊരു പന്നിഫാമിലേയ്ക്ക് രോഗം എത്തിക്കാന്‍
സാധിക്കും.രോഗം സ്ഥിരീകരിച്ച ഫാമുകളില്‍ 15 ദിവസം കൂടുമ്പോള്‍
അണുനശീകരണം നടത്തണം. വൈറസ്സിന്‍റെ നശീകരണ കാലാവധിയായ
6 മാസങ്ങള്‍ക്ക് ശേഷം മാത്രമേ പന്നികളെ വീണ്ടും വളര്‍ത്താന്‍
അനുവദിക്കൂ.”

പന്നികര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി സങ്കീര്‍ണ്ണമാണ്. ദയാവധത്തിന്
വിധേയമായ പന്നികളുടെ ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും.
ഇതിനകം 7 പന്നികര്‍ഷകര്‍ക്ക് 37.07ലക്ഷം രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തു ക‍ഴിഞ്ഞു.കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും
സംയുക്തമായി 50:50 അനുപാതത്തിലാണ് നഷ്ടപരിഹാരം
നല്‍കുന്നത് . എന്നാല്‍ നിലവിലുളള കേന്ദ്ര മാനദണ്ധങ്ങള്‍
അനുസരിച്ച് ദയാവധത്തിന് വിധേയമാക്കിയ ഒരു പന്നിക്ക്
ഉടമസ്ഥന് ലഭിക്കുന്ന പരമാവധി നഷ്ടപരിഹാരം 15,000 രൂപയാണ്.
പന്നിപ്പനി ബാധിക്കാത്ത ഫാമുകളുടെ ഉടമസ്ഥരും കെടുതിയിലാണ്.
പന്നികളെ ജില്ലക്ക് പുറത്ത് വില്ക്കാനാകില്ലെന്ന നിയന്ത്രണവും
ജനങ്ങള്‍ക്കിടിയിലെ പരിഭ്രാന്തിയും കര്‍ഷകരെ പ്രതിസന്ധിയിലാക്കി.
പ്രതിസന്ധിക്ക് പരിഹാരം കാണാനുളള ശ്രമങ്ങള്‍ യുദ്ധകാല
അടിസ്ഥാനത്തില്‍ നടക്കുന്നതായി കേരള മൃഗസംരക്ഷണ വകുപ്പുമന്ത്രി
ജെ ചിഞ്ചുറാണി വയനാട്ടിലെ കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു

” കര്‍ഷകരില്‍ നിന്ന് നേരിട്ട് പന്നികളെ ഏറ്റെടുത്താല്‍ മാത്രമേ
ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കു. ഈ ദൗത്യം
സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. ആദായകരമായ വില നല്‍കി
കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ സ്ഥാപനമായ മീറ്റ് കോര്‍പ്പറേഷന്‍
ഓഫ് ഇന്ത്യ ഉടനെ പന്നികളെ ഏറ്റെടുക്കും. നഷ്ടപരിഹാര തുകയുടെ
പകുതി കേന്ദ്ര സര്‍ക്കാരാണ് വഹിക്കേണ്ടത്. കേന്ദ്ര വിഹിതം
ലഭിക്കാന്‍ കാല താമസ്സം വരും. ഈ സാഹചര്യത്തില്‍
ആ തുക കൂടി സംസ്ഥാനം വഹിച്ചാണ് മു‍ഴുവന്‍ നഷ്ടപരിഹാരവും
കര്‍ഷകര്‍ക്ക് കൈമാറുന്നത്”

സര്‍ക്കാരിന്‍റെ സഹായഹസ്തത്തെ അഭിനന്ദിക്കുമ്പോള്‍ തന്നെ
കര്‍ഷകര്‍ മുന്നോട്ട് വെയ്കുന്ന ആശങ്കകള്‍ മറ്റ് പലതുമാണ്.
വായ്പയെടുത്താണ് പല കര്‍ഷകരും പന്നിഫാമുകള്‍ ആരംഭിച്ചിരികുന്നത്.
പ്രതിസന്ധിയിലായതോടെ മിക്കവരും തിരിച്ചടയ്ക്കാനാകാത്ത
അവസ്ഥയിലാണ്.ഒരു വര്‍ഷത്തേക്കെങ്കിലും വായ്പകള്‍ക്ക്
മൊറൊട്ടോറിയം വേണമെന്നതാണ് കര്‍ഷകരുടെ പ്രധാന
ആവശ്യങ്ങളിലൊന്ന്.

ആഫ്രിക്കന്‍ പന്നിപനിയുടെ വ്യാപനം തടയാനായി സര്‍ക്കാര്‍
നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍
നിന്നുളള കടത്ത് നിയന്ത്രിക്കാനായി അതിര്‍ത്തികളില്‍ ആരംഭിച്ച
പരിശോധന ഇപ്പോ‍ഴും തുടരുകയാണ്. എന്നാല്‍ നിയന്ത്രണങ്ങള്‍കൊണ്ട്
തടയാവുന്നതിലും അപ്പുറത്താണ് കാര്യങ്ങളെന്ന് കേരള ലൈവ്സ്റ്റോക്
ഫാര്‍മേ‍ഴ്സ് അസോസിയേഷന്‍റെ സംസ്ഥാന സെക്രട്ടറി പാപ്പച്ചന്‍
പറയുന്നു

” കേരളത്തിലെ പല ഫാമുകളിലും ആഫ്രിക്കന്‍ പന്നിപ്പനി
ഉണ്ടാകാനുളള സാധ്യത ഏറെയാണ്.അതിര്‍ത്തികളിലൂടെയുളള
കടത്ത് തടയുക ഒട്ടും എളുപ്പമല്ല.വാക്സിന്‍ കണ്ടെത്തി വിതരണം
ചെയ്യുക എന്നതാണ് ശാശ്വതപരിഹാരം.”

ആഫ്രിക്കന്‍ പന്നിപ്പനിക്കെതിരെ ഫലപ്രദമായ വാക്സിനുകളൊന്നും
ഇന്ത്യ അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മൃഗസംരക്ഷണ വകുപ്പിന്‍റെ
പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുക എന്നത് മാത്രമാണ്
ഏക മാര്‍ഗ്ഗം.ക‍ഴിഞ്ഞ ഒരാ‍ഴ്ച്ചയായി പുതിയ കേസുകള്‍ ഒന്നും
റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നത് ആശ്വാസകരമാണ്.
എങ്കിലും ജാഗ്രത തുടരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News