‘സലാം ഇനി ബസിലും ട്രെയിനിലും ഫ്‌ലൈറ്റിലുമൊന്നും കയറുന്നുണ്ടാവില്ല അല്ലെ’

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കുന്നത് അപകടകരമെന്ന് പറഞ്ഞ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെ ട്രോളി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ‘സലാം ഇനി ബസിലും ട്രെയിനിലും ഫ്‌ലൈറ്റിലുമൊന്നും കയറുന്നുണ്ടാവില്ല അല്ലെ’ എന്ന് ശിവന്‍കുട്ടി ഫെയ്സ്ബുക്ക് പേജിലെ കുറിപ്പിലൂടെ ചോദിച്ചു.

ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരായ ലീ?ഗ് നേതാക്കളുടെ പ്രസ്താവനയെയും മന്ത്രി ശിവന്‍കുട്ടി വിമര്‍ശിച്ചു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ എന്താണ് പ്രശ്‌നമെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. കുട്ടികള്‍ ഒരുമിച്ചിരിക്കണമെന്ന ഉത്തരവ് നിലവില്‍ സര്‍ക്കാര്‍ ഇറക്കിയിട്ടില്ല. പക്ഷേ അങ്ങനെ ഒരുമിച്ചിരുന്നാല്‍ എന്താണ് പ്രശ്‌നമെന്ന് വി ശിവന്‍കുട്ടി ചോദിച്ചു.

ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പായാല്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടാന്‍ സാധ്യത ഉണ്ടെന്ന വിവാദ പരാമശം നടത്തിയ എം കെ മുനീറിനെയും ശിവന്‍കുട്ടി പരോക്ഷമായി വിമര്‍ശിച്ചു. മുന്‍ മന്ത്രി അടക്കമുള്ളവര്‍ അവരുടെ മാനസികാവസ്ഥ തുറന്ന് കാട്ടുകയാണെന്നും പറയുന്നത് ലീഗിന്റെ പൊതുനിലപാടാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ എ ടി എഫ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെയാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പായാല്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഡോ. എം കെ മുനീര്‍ അഭിപ്രായപ്പെട്ടത്. വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നും ഇതിനെതിരെ പ്രതികരിച്ചത് കൊണ്ടു തന്നെ ഇസ്ലാമിസ്റ്റ് ആക്കിയാലും കുഴപ്പമില്ലെന്നും മുനീര്‍ പറഞ്ഞു. ജെന്‍ട്രല്‍ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിന് വഴിയൊരുക്കുമെന്നാണ് പിഎംഎ സലാം അഭിപ്രായപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here