Veena George | ഹൃദയം തുറക്കാതെ വാൽവ് മാറ്റിവക്കൽ ശസ്ത്രക്രിയ : എറണാകുളം ജനറൽ ആശുപത്രിക്ക് അഭിനന്ദനവുമായി മന്ത്രി വീണ ജോർജ്

ഹൃദയം തുറക്കാതെ വാൽവ് മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തി ചരിത്രം കുറിച്ച എറണാകുളം ജനറൽ ആശുപത്രിക്ക് അഭിനന്ദനവുമായി മന്ത്രി വീണ ജോർജ് . പങ്കാളികളായ എല്ലാ ആരോഗ്യ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്നാണ് മന്ത്രി കുറിച്ചത് . സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ വീണ്ടും അഭിമാനകരമായ നേട്ടം എന്നും മന്ത്രി പറഞ്ഞു .പോസ്റ്റ് ഇങ്ങനെ …

സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ വീണ്ടും അഭിമാനകരമായ നേട്ടം.
ഹൃദയം തുറക്കാതെ വാൽവ് മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തി ചരിത്രം കുറിച്ച് എറണാകുളം ജനറൽ ആശുപത്രി. ഇതിൽ പങ്കാളികളായ എല്ലാ ആരോഗ്യ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

ഹൃദയത്തിന്റെ അയോർട്ടിക് വാൽവ് ചുരുങ്ങിയത് മൂലം ഹൃദയ പരാജയം സംഭവിച്ച പെരുമ്പാവൂർ സ്വദേശിയായ 69 കാരനാണ്‌ 20 -8 -2022 നു ശസ്ത്രക്രിയക്ക് വിധേയനായത് . ഇന്ത്യയിൽ ഇതാദ്യമാണ് ഒരു ജില്ല തല സർക്കാർ ആശുപത്രിയിൽ ഈ നൂതന ചികിത്സ രീതി അവലംബിക്കുന്നത് . ശ്രീ ചിത്തിര ഉൾപ്പെടെ വളരെ അപൂർവം സർക്കാർ കേന്ദ്രങ്ങളിൽ മാത്രമേ TAVR (Transcatheter Aortic Valve Replacement) ഇതുവരെ ലഭ്യമായിരുന്നുള്ളു. നെഞ്ചോ ഹൃദയമോ തുറക്കാതെ കാലിലെ രക്തകുഴലിൽ ഉണ്ടാക്കുന്ന വളരെ ചെറിയ മുറിവുലൂടെ കത്തീറ്റർ കടത്തിവിട്ടാണ് വാൽവ് മാറ്റിവക്കുന്നത്. രോഗിയെ പൂർണമായും മയക്കാതെ ചെറിയൊരളവിൽ സെഡേഷൻ മാത്രം നൽകിക്കൊണ്ടാണ് ഈ ഓപ്പറേഷൻ പൂർത്തിയാക്കിയത്. ശസ്ത്രക്രിയക്ക് ശേഷം രണ്ടു ദിവസത്തിനകം രോഗിയെ ഡിസ്ചാർജ് ചെയ്യാമെന്നും പ്രതീക്ഷിക്കുന്നു. കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി , കാർഡിയാക് അനസ്‌തേഷ്യ വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമമാണ് ഈ ചികിത്സ സുഗമമായി പൂർത്തിയാക്കാൻ കാരണമായത്. കാർഡിയോളജി വിഭാഗം ഡോക്ടർമാരായ Dr ആശിഷ് കുമാർ , Dr പോൾ തോമസ്, Dr വിജോ ജോർജ്, ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ Dr ജോർജ് വാളൂരാൻ , കാർഡിയാക് അനസ്തേഷ്യ വിഭാഗത്തിലെ Dr ജിയോ പോൾ , Dr ദിവ്യ ഗോപിനാഥ് എന്നിവർ നേതൃത്വം കൊടുത്ത ശസ്ത്ര ക്രിയയിൽ Dr സ്റ്റാൻലി ജോർജ് , Dr ബിജുമോൻ , Dr ഗോപകുമാർ , Dr ശ്രീജിത് എന്നിവരും പങ്കെടുത്തു.

നാളിതുവരെ എറണാകുളം ജനറൽ ആശുപത്രിയിൽ ഇരുപത്തിനായിരത്തോളം രോഗികൾക്ക് ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി , പേസ്‌മേക്കർ ചികിത്സകൾ ഇതിനോടകം ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്. ഈ ചികിത്സകൾ എല്ലാം തന്നെ 90 ശതമാനം രോഗികൾക്കും സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് , കാരുണ്യ പദ്ധതികളിലൂടെ പൂർണമായും സൗജന്യമായിട്ടാണ് നൽകി വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here