ADVERTISEMENT
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഏതൊരു താരത്തിനും താനാദ്യമായി കളിച്ച വേദി ഏറെ പ്രത്യേകതയുള്ളതാണ്. മലയാളി താരം സഞ്ജു സാംസണെ (Sanju Samson) സംബന്ധിച്ചിടത്തോളം അരങ്ങേറ്റ മത്സരം കളിച്ച സിംബാബ്‌വെയിലെ ഹരാരെ ക്രിക്കറ്റ് ഗ്രൗണ്ട് മധുരമേറിയ ഓര്‍മകളാണ് സമ്മാനിച്ചിട്ടുള്ളത്.
ഹരാരയിലെ സിംബാബ്‌വെക്കെതിരായ പ്ലയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സഞ്ജുവിന് ഉറപ്പായും സ്‌പെഷ്യലാണ്. കരിയറിലെ ആദ്യ പ്ലയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം എന്നതിനപ്പുറത്ത് അത് ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കാന്‍ ഒരു കാരണം കൂടിയുണ്ട്. ഇതാണ് ആ കാരണം.
കാന്‍സറിനോട് പോരാടുന്ന തക്കുന്‍ഡ എന്ന ബാലന് മാച്ച് ബാള്‍ ഒപ്പിട്ട് നല്‍കിയതും അവനെ ചേര്‍ത്ത് പിടിച്ചതുമായ നിമിഷം. ക്യാന്‍സറിനോട് പോരാടുന്ന കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു സിംബാബ്‌ബെ രണ്ടാം ഏകദിനം സമര്‍പ്പിച്ചിരുന്നത്.
അര്‍ബുദം ബാധിച്ച ആറു വയസുകാരന് മത്സരത്തിലെ പന്ത് സമ്മാനിക്കാന്‍ സിംബാബ്‌വെ ബോര്‍ഡ് ക്ഷണിച്ചത് സഞ്ജുവിനെയായിരുന്നു. രണ്ടാം ഏകദിനത്തില്‍ ഉപയോഗിച്ച പന്ത്, സഞ്ജു രോഗബാധിതനായ തക്കുന്‍ഡക്ക് സമ്മാനിച്ചു.
സിംബാബ്‌വന്‍ താരങ്ങള്‍ ഒപ്പിട്ട ജേഴ്‌സിയും, 500 ഡോളറും നല്‍കി. ആ വലിയ കാര്യത്തിന്റെ ഭാഗമാവാന്‍ സഞ്ജുവിനുമായി. തക്കുന്‍ഡക്ക് ബോള്‍ നല്‍കിയതിന് കൈകൂപ്പി തക്കുന്‍ഡ സഞ്ജുവിനോട് നന്ദിയും അറിയിച്ചു.
കരിയറിലെ അമൂല്യ നേട്ടത്തിന് അര്‍ഹനാക്കിയ പന്ത് കുഞ്ഞിന് നല്‍കാന്‍ കഴിഞ്ഞത് ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നുവെന്ന് സഞ്ജു പ്രതികരിച്ചു. അതേസമയം സഞ്ജു ഈ വര്‍ഷം തന്റെ സ്വപ്‌ന ഫോം തുടരുകയാണ്.
ഏകദിനത്തിലും ടി20യിലുമായി 10 മത്സരങ്ങള്‍ കളിച്ചു. പത്തിലും ജയം ഇന്ത്യക്കായിരുന്നു. വിന്‍ഡീസിനെതിരെ ആയിരുന്നു ഈ വര്‍ഷത്തെ ആദ്യ ഏകദിനം. 12 റണ്‍സെടുത്ത് പുറത്തായെങ്കിലും ടീം വിജയിച്ചു. രണ്ടാം മത്സരത്തില്‍ 54 റണ്‍സ് നേടി. മൂന്നാം ഏകദിനത്തില്‍ ആറ് റണ്‍സുമായി പുറത്താവാതെ നിന്നു.
ടി20യില്‍ ശ്രീലങ്കയ്‌ക്കെതിരെ രണ്ട് മത്സരങ്ങളില്‍ 39, 18 എന്നിങ്ങനെ സ്‌കോര്‍ ചെയ്തു. പിന്നീട് അയര്‍ലന്‍ഡിനെതിരെ 77 ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 77 റണ്‍സ് അടിച്ചെടുത്തു. പിന്നീട് വിന്‍ഡീസിനെതിരെ പുറത്താവാതെ 30. അടുത്ത മത്സരത്തില്‍ 15 റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു. ടി20യില്‍ ഈവര്‍ഷം 44.75 ശരാശരിയിലാണ് സഞ്ജു സ്‌കോര്‍ ചെയ്തത്.
2015-ല്‍ ഇന്ത്യയുടെ നീലക്കുപ്പായം ആദ്യമായി അണിഞ്ഞ് സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ സഞ്ജുവിന്റെ മനസ്സില്‍ നിരവധി സ്വപ്‌നങ്ങള്‍ക്ക് മുളപൊട്ടിയിരുന്നു.
ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം അരങ്ങേറ്റം കുറിച്ച അതേ ഹരാരെ ക്രിക്കറ്റ് ഗ്രൗണ്ടില്‍ മികച്ച താരത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ തന്റെ പേരിലുണ്ടായ അരങ്ങേറ്റ മത്സരത്തിലെ പഴികളെല്ലാം സഞ്ജു ഒറ്റ ഇന്നിങ്‌സ് കൊണ്ട് കഴുകിക്കളഞ്ഞു.
സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചുകൊണ്ട് സഞ്ജു വിമര്‍ശകരുടെ വായടപ്പിച്ചു. ഒരിക്കല്‍ പതറിയ അതേ ഗ്രൗണ്ടില്‍ രാജകീയമായ ഉയിര്‍ത്തെഴുന്നേല്‍പ്പ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.