അണ്ടർ – 20 ഗുസ്തി ലോക ചാമ്പ്യൻഷിപ്പ്: സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത ആൻറിം പംഗൽ

അണ്ടർ – 20 ഗുസ്തി ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ഹരിയാനക്കാരി ആൻറിം പംഗൽ. ബൾഗേറിയ ആതിഥ്യമരുളിയ ചാമ്പ്യൻഷിപ്പിൽ രാജ്യത്തിന്റെ യശസ്സ് വാനോളം ഉയർത്തിയ ആൻറിമിന് ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്.

2004 ഓഗസ്റ്റിൽ ഹിസാർ ജില്ലയിലെ ഭഗാന ഗ്രാമത്തിലായിരുന്നു ആൻറിമിന്റെ ജനനം. ആദ്യ മൂന്ന് മക്കളും പെൺ മക്കളായതിനാൽ ഇനി ഒരു പെൺകുട്ടിയും ഉണ്ടാകരുതെന്ന പ്രാർത്ഥനയോടെയാണ് രാംനിവാസ് – കൃഷ്ണകുമാരി ദമ്പതികൾ മകൾക്ക് അവസാനം എന്നർത്ഥം വരുന്ന ആൻറിം എന്ന പേരിട്ടത്.

എന്നാൽ ആ മകൾ ലോക ചാമ്പ്യൻഷിപ്പിലെ സ്വർണ മെഡൽ നേട്ടത്തിലൂടെ തന്റെ മാതാപിതാക്കൾക്കും രാജ്യത്തിനും അഭിമാനമായി മാറിയിരിക്കുന്നു.വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ കസാക്കിസ്ഥാന്റെ അൽറ്റിൻ ഷഗയേവയെ 8-0ന് തോൽപ്പിച്ചാണ് ഇന്ത്യയുടെ ആൻറിം പംഗൽ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത്.

കഴിഞ്ഞ വർഷം ഗുസ്തി ലോക കാഡറ്റ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ആൻറിം ഇക്കഴിഞ്ഞ ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിലെ സ്വർണ മെഡൽ ജേതാവാണ്. വികാസ് സിഹാഗാണ് ആന്റിം പംഗലിന്റെ പരിശീലകൻ. ആൻറിമിന്റെ സ്വപ്ന തുല്യമായ നേട്ടത്തിൽ അഭിമാനം കൊള്ളുകയാണ് ഹരിയാനയിലെ ബഗാന ഗ്രാമം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here