മറ്റ് രാജ്യങ്ങളിലെ സ്ത്രീകള്‍ ശാസ്ത്രത്തിനൊപ്പം ജീവിക്കുമ്പോള്‍ ഇന്ത്യയില്‍ സ്ത്രീകള്‍ ഇന്നും അരിപ്പയിലൂടെ ചന്ദ്രനെ നോക്കുന്നു: ഗോവിന്ദ് റാം മേഘ്വാള്‍

യു.എസിലെയും ചൈനയിലേയും സ്ത്രീകള്‍ ശാസ്ത്രത്തിനൊപ്പമാണ് ജീവിക്കുമ്പോള്‍ ഇന്ത്യയിലെ സ്ത്രീകള്‍ ഇപ്പോഴും അരിപ്പയിലൂടെ ചന്ദ്രനെ നോക്കുന്നതും ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതും ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ ദുരന്തനിവാരണ വകുപ്പ് മന്ത്രിയുമായ ഗോവിന്ദ് റാം മേഘ്വാള്‍.

‘യു.എസിലെയും ചൈനയിലേയും സ്ത്രീകള്‍ ശാസ്ത്രത്തിനൊപ്പമാണ് ജീവിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ സ്ത്രീകള്‍ ഇന്നും അരിപ്പയിലൂടെ ചന്ദ്രനെ നോക്കുന്നതും ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതും ദൗര്‍ഭാഗ്യകരമാണ്. പക്ഷേ ഒരു ഭര്‍ത്താവ് ഒരിക്കലും അരിപ്പയിലൂടെ ഭാര്യയുടെ ദീര്‍ഘായുസ്സിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നില്ല,’ ഗോവിന്ദ് റാം പറഞ്ഞു.

ജയ്പൂരില്‍ നടന്ന ഡിജിഫെസ്റ്റ് എന്ന പരിപാടിയുടെ നന്ദി പ്രസംഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. മുഖ്യമന്ത്രി അശോക് ഗെലോട്ടും സംഭവസമയത്ത് വേദിയിലുണ്ടായിരുന്നു. ജനങ്ങള്‍ മറ്റുള്ളവരെ അന്ധവിശ്വാസങ്ങളിലേക്ക് തള്ളിവിടുകയാണെന്നും മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മില്‍ത്തല്ലിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിന് വേണ്ടി വിവാഹിതരായ ഹിന്ദുസ്ത്രീകള്‍ നടത്തുന്ന ആചാരമാണ് കര്‍വ ചൗത്ത്. ഈ ആചാരപ്രകാരം സ്ത്രീകള്‍ സൂര്യോദയം മുതല്‍ അസ്തമയം വരെ വ്രതമനുഷ്ഠിക്കുകയും ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യും. രാത്രി ചന്ദ്രനുദിക്കുന്നതോടെയാണ് പിന്നീട് വ്രതം അവസാനിക്കുക.

അതേസമയം രാജ്യത്തിന്റെ ഹിന്ദു സ്ത്രീകള്‍ക്കിടയില്‍ നടക്കുന്ന കര്‍വ ചൗത്ത് എന്ന ആചാരത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. മേഘ്വാളിന്റെ വിവാദ പരാമര്‍ശത്തിനെതിരെ നടപടിയെടുക്കാന്‍ ബി.ജെ.പി നേതൃത്വം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് ആവശ്യപ്പെട്ടു.

ഗോവിന്ദ് റാം തന്റെ പ്രസ്താവനയിലൂടെ കോടിക്കണക്കിന് സ്ത്രീകളെയാണ് അപമാനിച്ചത്. സംഭവത്തില്‍ ഗോവിന്ദ് റാം മാപ്പ് പറയണമെന്നും പ്രസ്താവന പിന്‍വലിക്കണമെന്നും ബി.ജെ.പി സംസ്ഥാന വക്താവും എം.എല്‍.എയുമായ രാംലാല്‍ ശര്‍മ പറഞ്ഞു. രാജ്യത്തെ സ്ത്രീകള്‍ അവരുടെ പാരമ്പര്യം പിന്തുടരുന്നവരാണ്. തൊഴിലും വ്യക്തിജീവിതവും തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ അവര്‍ക്കറിയാമെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News