ഗവര്‍ണ്ണറുടെ ആരോപണം തെറ്റ്; ചരിത്ര കോണ്‍ഗ്രസ്സിലെ പ്രതിഷേധം ആസൂത്രിതം എന്ന വാദം പൊളിയുന്നു; ദൃശ്യങ്ങള്‍ പുറത്ത്

ചരിത്ര കോണ്‍ഗ്രസ്സിലെ പ്രതിഷേധം ആസൂത്രിതമെന്ന ഗവര്‍ണ്ണറുടെ ആരോപണം പൊളിയുന്നു.പൗരത്വ നിയമത്തെ അനുകൂലിച്ച് ഗവര്‍ണ്ണര്‍ നടത്തിയ പ്രസംഗത്തെ തുടര്‍ന്ന് പെട്ടെന്നുണ്ടായ പ്രതിഷേധമാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
വേദിയിലുണ്ടായിരുന്ന ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബാണ് ആദ്യം എതിര്‍പ്പുയര്‍ത്തിയത്.

2019 ഡിസംബറിലാണ് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ചരിത്രകോണ്‍ഗ്രസ്സ് നടന്നത്.ഗവര്‍ണ്ണറായിരുന്നു ഉദ്ഘാടകന്‍.എഴുതി തയ്യാറാക്കിയ പ്രസംഗം മാറ്റി വച്ച് ഗവര്‍ണ്ണര്‍ പൗരത്വ നിയമത്തെ അതുകൂലിച്ച് രാഷ്ട്രീയ പ്രസംഗം തുടങ്ങിയപ്പോള്‍ വേദിയിലുണ്ടായിരുന്ന ഇര്‍ഫാന്‍ ഹബീബ് എതിര്‍ത്തു.മൗലാനാ അബ്ദുള്‍ കലാം ആസാദിനെ ഗവര്‍ണ്ണര്‍ തെറ്റായി ഉദ്ധരിച്ചതിനെതിരെയാണ് ചടങ്ങില്‍ അധ്യക്ഷനായ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് പ്രതികരിച്ചത്.

പിന്നാലെ സദസ്സില്‍ ഉണ്ടായിരുന്ന പ്രതിനിധികളില്‍ ചിലരും എഴുന്നേറ്റ് നിന്ന് പ്രതിഷേധിക്കുകയായിരുന്നു.പ്രതിനിധികള്‍ കയ്യിലുണ്ടായിരുന്ന പുസ്തകങ്ങളിലെ പേപ്പര്‍ കീറിയെടുത്ത് പ്രതിഷേധം എഴുതി ഉയര്‍ത്തിക്കാട്ടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.ഗവര്‍ണ്ണര്‍ ആരോപിക്കുന്ന ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ പ്രതിനിധികള്‍ മുന്‍കൂട്ടി തയ്യാറാക്കിയ പ്ലക്കാര്‍ഡുകളുമായി അല്ലേ പ്രതിഷേധത്തിനെത്തുക എന്നാണ് ഉയരുന്ന ചോദ്യം.ഗവര്‍ണ്ണര്‍ക്കെതിരെ ചരിത്ര കോണ്‍ഗ്രസ്സില്‍ ഉണ്ടായത് സ്വാഭാവിക പ്രതികരണമായിരുന്നുവെന്നും 2019 ലെ സംഭവം ഉയര്‍ത്തിക്കാട്ടുന്നത് ദുരുദ്ദേശപരമാണെന്നും സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു

തന്നെ ആക്രമിക്കാന്‍ വൈസ് ചാന്‍സിലര്‍ കൂട്ടുനിന്നുവെന്നും ദില്ലിയില്‍ വച്ച് ഗൂഢാലോചന നടന്നു എന്നുമാണ് ഗവര്‍ണ്ണര്‍ ആരോപിച്ചത്.ഇത് തെറ്റായ ആരോപണമെന്ന് വ്യക്തമാകുന്നതാണ് ചരിത്ര കോണ്‍ഗ്രസ്സിലെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News