Health:വാതരക്തം; രോഗകാരണം ഇതാണ്

ഇന്ത്യയില്‍ ഏറ്റവുമധികം കാണപ്പെടുന്ന സന്ധിരോഗമാണ് വാതരക്തം. കൈകാലുകളിലെ ചെറിയ സന്ധികളില്‍ തുടങ്ങി ക്രമേണ എല്ലാ സന്ധികളിലേക്കും രോഗം വ്യാപിക്കുന്നു. ദീര്‍ഘകാലംകൊണ്ട് കരള്‍, ശ്വാസകോശങ്ങള്‍, ഹൃദയം എന്നിവയെക്കൂടി ബാധിക്കുന്നു. ജനിതകത്തകരാറുകളും വൈറസ് ബാധയും രോഗകാരണങ്ങളില്‍പ്പെടുന്നു. അനാരോഗ്യകരമായ ജീവിതരീതിമൂലം ഉണ്ടാകുന്ന രോഗങ്ങളില്‍ ഒന്നാണ് വാതരക്തം.

ദഹനശക്തി, പ്രായം, ദേഹപ്രകൃതി, കാലാവസ്ഥ തുടങ്ങിയവയില്‍ ശ്രദ്ധിക്കാതെയുള്ള ആഹാരം, വ്യായാമം, ഉറക്കം, ലൈംഗികവൃത്തി എന്നിവ രക്തദുഷ്ടിയുണ്ടാക്കുന്നതിന് പ്രധാന കാരണങ്ങളാണ്. കൂടാതെ തീരെ വ്യായാമം ചെയ്യാതിരിക്കുന്നതും രക്തത്തെ ദുഷിപ്പിക്കുന്നു. ഇങ്ങനെ രക്തദുഷ്ടിയുണ്ടാക്കുന്ന ശീലമുള്ളവയും ആയ ആഹാരവും മറ്റും ശീലിക്കുമ്പോള്‍ വാതം വര്‍ധിക്കുകയും രക്തവുമായി ചേര്‍ന്ന് സ്രോതോരോധമുണ്ടാക്കുകയും ചെയ്യുന്നു.

ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം

രക്തപ്രവാഹത്തില്‍ വരുന്ന തടസംമൂലം പനി, അധികം വിയര്‍പ്പ്, ശ്വേതരക്താണുക്കളുടെ എണ്ണത്തില്‍ വര്‍ധനവ്, ശ്വാസതടസം, സന്ധികളില്‍ വീക്കം, വേദന, ചുവപ്പുനിറം, കുത്തുന്ന നോവ്, തരിപ്പ്, കനം, ചൊറിച്ചില്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയും ശരീരത്തിന് തളര്‍ച്ച, ഭാരക്കുറവ്, പേശീവേദന എന്നിവ അനുഭവപ്പെടുകയും ചെയ്യുന്നു. രാവിലെ ഉണരുമ്പോള്‍ ഏതാനും മണിക്കൂര്‍ നേരത്തേക്ക് സന്ധികള്‍ ബലംപിടിച്ചിരിക്കും.

വാതരക്തത്തിന് ഇടയ്ക്കിടെ സുഖമാവുകയും വീണ്ടും ഉണ്ടാവുകയും ചെയ്യുന്ന സ്വഭാവമാണ് ഉള്ളത്. രോഗത്തിന്റെ പഴക്കം കൂടുന്നതും ചികിത്സ വൈകുന്നതും കാലക്രമത്തില്‍ വിവിധ തരത്തിലുള്ള സന്ധിവൈകല്യങ്ങള്‍ക്ക് കാരണമായിത്തീരുന്നു. ചൊറിച്ചില്‍, തുടിപ്പ്, വേദന, തരിപ്പ് എന്നിവയാണനുഭവപ്പെടുക. ക്രമേണ ഈ പ്രയാസങ്ങള്‍ അധികമാകുകയും കല്ലിപ്പും പഴുപ്പുമുള്ള നീര്‍ക്കെട്ടുകളുണ്ടാവുകയും ചെയ്യും. ശരീര മാസകലമുള്ള അസ്ഥി-മജ്ജകളില്‍ പിളര്‍ക്കുന്നതുപോലുള്ള വേദനയുണ്ടാവും.

കാരണങ്ങള്‍

1. വിരുദ്ധ സ്വഭാവമുള്ള ആഹാരങ്ങള്‍ (ഉദാ: മത്സ്യവും തൈരും ഒന്നിച്ചുപയോഗിക്കുക, പാലും പുളിയുള്ള പഴങ്ങളും ഒന്നിച്ചുപയോഗിക്കുക, തേന്‍, പാല്‍, ഉഴുന്ന്, മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ ഇവയിലേതെങ്കിലും മത്സ്യമാംസങ്ങള്‍ക്കൊപ്പമോ ശര്‍ക്കര, മുള്ളങ്കി, താമര വളയം ഇവയൊന്നിച്ചോ ഉപയോഗിക്കുകവാഴപ്പഴം മോരിന്റെയോ തൈരിന്റെയോ ഒപ്പം ഉപയോഗിക്കുക, പായസവും മദ്യവും ഒന്നിച്ചുപയോഗിക്കുക, തേനും നെയ്യും സമം ചേര്‍ക്കുക, തേന്‍ ചൂടുള്ളവയ്ക്കൊപ്പം ഉപയോഗിക്കുക തുടങ്ങിയവ) പതിവായി ശീലിക്കുന്നവര്‍ക്ക് രക്തദുഷ്ടിയുണ്ടാവുന്നു.

വിരുദ്ധ സ്വഭാവമുള്ള ആഹാരങ്ങള്‍ കൂട്ടിച്ചേര്‍ത്തുപയോഗിക്കുമ്പോള്‍ ശരീരത്തില്‍ വിഷതുല്യമായി പ്രവര്‍ത്തിക്കുന്നു. ഉള്‍പ്പുഴുക്കത്തെ ഉണ്ടാക്കുന്ന ഉപ്പ്, പുളി, ക്ഷാരം, എരുവ് എന്നിവ കൂടുതലുള്ള ആഹാരസാധനങ്ങളുടെ അമിതോപയോഗം കാലക്രമത്തില്‍ രക്തദുഷ്ടിയുണ്ടാക്കുന്നു. മുതിര, ഉഴുന്ന്, അമരയ്ക്ക, മാസം, കരിമ്പ്, തൈര്, മദ്യം, ശര്‍ക്കര തുടങ്ങിയവ ഈ വിഭാഗത്തില്‍പ്പെടുന്നു.

2. പകലുറക്കം, അലസത, രാത്രി ഉറങ്ങാതിരിക്കുക, പുകവലി എന്നിവ പതിവായുള്ളവര്‍ക്ക് അമിതവണ്ണവും മലബന്ധം തുടങ്ങിയ പ്രയാസങ്ങളും പതിവായിരിക്കും. ഇവര്‍ക്ക് രക്തദുഷ്ടയുണ്ടാകുവാനെളുപ്പമാണ്. വ്യായാമം ചെയ്യാതിരിക്കുമ്പോള്‍ സന്ധികള്‍ക്ക് സ്തബ്ധതയുണ്ടാവും.

3. പുകയിലയില്‍ അടങ്ങിയിട്ടുള്ള നിക്കോട്ടിന്‍ എന്ന വിഷാംശം രക്തത്തില്‍ കലര്‍ന്ന് വിഷസ്വഭാവമുണ്ടാക്കുന്നതുകൊണ്ട് പുകവലിക്കുന്നവരില്‍ ദഹനശക്തി കുറവാകുന്നതിനാല്‍ ആഹാരത്തിന്റെ ശരിയായ പചനവും ആഗിരണവും നടക്കുന്നില്ല. ഇത് രക്തക്കുറവിനും കാരണമാകുന്നു.

ചികിത്സയുണ്ട്

രോഗകാരണം രക്തദുഷ്ടി മൂലമുണ്ടാകുന്ന വാതകോപമാണെന്ന് നാം കണ്ടു. അതിനാല്‍ ദുഷ്ടരക്തം നിര്‍ഹരിക്കുകയെന്നത് പ്രധാന ചികിത്സയാണ്.

വാതരക്തരോഗത്തിന്റെ ആദ്യാവസ്ഥയില്‍ ഔഷധങ്ങള്‍ സേവിക്കുന്നതിനൊപ്പം മരുന്നരച്ചുപുരട്ടുക, (ലേപനം) ഔഷധയുക്തമായ തൈലങ്ങള്‍ അഭ്യംഗം ചെയ്യുക. ധാര തുടങ്ങിയവയും പ്രത്യേകമായി ചെയ്തുവരുന്നു. രോഗത്തിന്റെ പഴക്കം കൂടുന്നതിനനുസരിച്ച് സ്നേഹപാനം, വീരേചനം, വസ്തി തുടങ്ങിയ ചികിത്സകളും ആവര്‍ത്തിച്ചു ചെയ്യേണ്ടി വന്നേക്കും. ഇവയില്‍ത്തന്നെ, വസ്തിചികിത്സ അരക്കെട്ടിലും അതിനു താഴെയുള്ള ഭാഗങ്ങളിലുമുള്ള സന്ധികളിലെ വേദനകളില്‍ ഏറെ ഫലം ചെയ്യും.

വ്യായാമം ഗുണം ചെയ്യും

സന്ധികളിലെ ചലനശേഷി വീണ്ടെടുക്കാനും അനായാസമായി പ്രവൃത്തികള്‍ ചെയ്യുവാനും വ്യായാമം ചെയ്യുന്നത് സഹായകരമാണ്. ഓരോ സന്ധിയുടേയും പ്രവര്‍ത്തനം ശരിയാക്കുന്നതിനുതകുന്ന രീതിയിലുള്ള ഫിസിയോതെറാപ്പിയോ മറ്റു വ്യായമാരീതികളോ വിദഗ്ധോപദേശപ്രകാരം ശീലമാക്കേണ്ടതുണ്ട്.

വ്യായാമം, ആരംഭത്തില്‍ വേദന അല്പം കൂട്ടാമെങ്കിലും തുടര്‍ച്ചയായി ശീലിക്കുമ്പോള്‍ പ്രയാസങ്ങള്‍ കുറഞ്ഞുകിട്ടുകയും ചലനശേഷി കൂടുകയം ചെയ്യും. ആശുപത്രിയില്‍ കിടത്തി ചികിത്സ ചെയ്യുമ്പോള്‍ പിഴിച്ചില്‍, കിഴി തുടങ്ങിയ ചികിത്സകള്‍ക്കൊപ്പം തന്നെ അവയവങ്ങളെ പരിചാരകന്മാര്‍ വേണ്ട തരത്തില്‍ ചലിപ്പിക്കുന്നതുകൊണ്ട് ഈ കാലയളവില്‍ പ്രത്യേകിച്ച് വ്യായാമം ആവശ്യമില്ല.

കടപ്പാട്:
ഡോ. ആര്‍. രവീന്ദ്രന്‍

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News