പാറമടക്കുളത്തില്‍ കുളിച്ച ദളിത് കുടുംബത്തിനു നേരെ പാറമടയുടമയുടെ അക്രമണം

എറണാകുളം പെരുമ്പാവൂരില്‍ പാറമടക്കുളത്തില്‍ കുളിച്ച ദളിത് കുടുംബത്തെ പാറമടയുടമ ആക്രമിച്ചതായി പരാതി. മുടക്കുഴ ചുണ്ടക്കുഴി കാഞ്ഞിരക്കോട് എസ് സി കോളനി നിവാസികളായ രതീഷ് , ഭാര്യ ശാലു എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരേയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ശനിയാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. പാറമടക്കുളത്തില്‍ കുളിച്ചു കൊണ്ടിരിക്കെ പാറമടയുടമ വടിയുമായെത്തി ഇരുവരേയും ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. തുടര്‍ന്ന് ചുണ്ടക്കുഴി സ്വദേശി വര്‍ഗീസിനെതിരെ കോടനാട് പൊലീസില്‍ ദമ്പതികള്‍ പരാതി നല്‍കി. ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്നതു കണ്ട് തടയാനെത്തിയ എസ് സി പ്രൊമോട്ടറായ ശാലുവിനെ മര്‍ദ്ദിച്ചതിന് ശേഷം കഴുത്തിലെ മാല പൊട്ടിച്ചതായും ഇവരുടെ പരാതിയില്‍ പറയുന്നു.

എസ് സി കോളനിയിലെ 20 കുടുംബങ്ങള്‍ വര്‍ഷങ്ങളായി കുളിക്കുന്ന കുളമാണിത്. ജലക്ഷാമം രൂക്ഷമായ പ്രദേശത്തെ ജനങ്ങളുടെ ഏക ആശ്രയവും പാറമടക്കുളമാണ്. സംഭവത്തില്‍ പട്ടികജാതി ക്ഷേമ സമിതി പെരുമ്പാവൂര്‍ ഏരിയ കമ്മറ്റി പ്രതിഷേധിച്ചു. ദലിത് കുടുംബത്തെ ക്രൂരമായി മര്‍ദിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മുടക്കുഴ എസ് സി പ്രമോട്ടര്‍ കൂടിയായ ശാലുവിന്റെ കൈയ്യില്‍ കടിച്ച് ആഴത്തില്‍ മുറിവ് ഏല്‍പ്പിക്കുകയും മുടിക്കുത്തില്‍ പിടിച്ച് വലിക്കുകയും ചെയ്ത സംഭവത്തില്‍ പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് പട്ടികജാതി ക്ഷേമ സമിതി ആവശ്യപ്പെട്ടു.

അതേ സമയം പെരുമ്പാവൂരിലെ സി പി ഐ എം നേതാക്കളായ സി എം അബ്ദുല്‍ കരീം,കെ വി ബിജു എന്നിവര്‍ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News