Imran khan : ഇമ്രാൻ ഖാനെതിരെ ഭീകരവിരുദ്ധ നിയമം ചുമത്തി ; അറസ്റ്റ് ചെയ്യുമെന്ന് സൂചന

പാക്കിസ്ഥാനില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന. ഷഹബാസ് ഷരീഫ് സര്‍ക്കാര്‍ നേരത്തെ ഇമ്രാന്‍ ഖാനെതിരെ രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തിയിരുന്നു. ഇമ്രാന്‍റെ വീടിനുചുറ്റും പൊലീസ് സുരക്ഷ ശക്തമാക്കി. ഇമ്രാന്‍ അനുകൂലികളും വീടിനുചുറ്റും തമ്പടിച്ചിട്ടുണ്ട്.

2018ല്‍ സൈന്യത്തിന്‍റെ ആശീര്‍വാദത്തോടെ പ്രധാനമന്ത്രിപദത്തിലെത്തിയ ഇമ്രാന്‍ ഖാന്‍ 2022 ഏപ്രിലിലാണ് പാര്‍ലമെന്‍റിലെ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ട് പുറത്തേക്കെത്തിയത്. കസേര നഷ്ടപ്പെട്ടതോടെ ഭരണകൂടത്തിനും സൈന്യത്തിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഇമ്രാന്‍ നടത്തിപ്പോയത്. അതിന്‍റെ ബാക്കിപത്രമെന്നോണമാണ് രാജ്യദ്രോഹക്കുറ്റവും അറസ്റ്റ് ഭീഷണിയും.

അധികാരഭ്രഷ്ടനാക്കപ്പെട്ടതിന് ശേഷവും ക‍ഴിഞ്ഞ ജൂലൈയില്‍ നടന്ന പഞ്ചാബ് പ്രവിശ്യാ തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍റെ പാര്‍ട്ടി പാക്കിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് വന്‍വിജയം നേടിയിരുന്നു. ഇമ്രാന്‍റെ ജനസ്വാധീനത്തിലുള്ള ഭയമാണ് ഷഹബാസ് ഷെരീഫ് ഭരണകൂടം നടത്തുന്ന വേട്ടയാടലായി പുറത്തുവരുന്നതെന്നാണ് വിമര്‍ശനം.

പണപ്പെരുപ്പം 25 ശതമാനം കടന്ന് വിലക്കയറ്റത്തിന്‍റെ മൂര്‍ധന്യത്തിലാണ് പാക്കിസ്ഥാന്‍. ഭക്ഷ്യവസ്തുക്കള്‍ക്കും തീവിലയാകുമ്പോള്‍ ജനകീയ അമര്‍ഷവും കടുക്കുകയാണ്. പ്രതിപക്ഷനേതാവെന്ന നിലയ്ക്ക് ജനങ്ങളുടെ പ്രതിഷേധത്തെ ഏറ്റെടുത്തത് ഇമ്രാന്‍ ഖാനാണ്.

നിരന്തരം സൈന്യത്തിനും ഭരണകൂടത്തിനുമെതിരെ വിമര്‍ശനം മുറുക്കി. സ്വന്തം യുട്യൂബ് ചാനലിലും തെരുവിലും ജനപക്ഷത്ത് നിലകൊണ്ട് പ്രതിഷേധസ്വരമുയര്‍ത്തി. ഭരണകൂടം ഇമ്രാന്‍റെ യുട്യൂബ് ചാനല്‍ നിരോധിച്ചു. ഇമ്രാന്‍റെ പ്രസംഗം ടെലിക്കാസ്റ്റ് ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് നേരെ നിരോധനഭീഷണിയുമുയര്‍ന്നു.

സ്വന്തം സഹായിയെ വരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഘട്ടത്തില്‍ ആശങ്കയിലാണ് ഇമ്രാന്‍ ക്യാമ്പ്. അറസ്റ്റ് തടയാന്‍ കാത്ത് ഇമ്രാന്‍റെ വീടിനുചുറ്റും തമ്പടിച്ചിട്ടുള്ള അനുകൂലികളും ഭരണകൂടത്തിനായി അണിനിരന്നിട്ടുള്ള പൊലീസും തമ്മില്‍ സംഘര്‍ഷത്തിനും സാധ്യതയുണ്ട്.
സൈന്യം തിരിക്കുന്ന പാക് അധികാരത്തിന്‍റെ കടക്കോല്‍ ഇമ്രാന്‍റെ രാഷ്ട്രീയജീവിതത്തെ കലക്കിമറിക്കുമോ എന്ന ജിജ്ഞാസയിലാണ് പാക് ജനത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here