Governor : ഗവര്‍ണറുടെ പ്രതികാര നടപടി ; മികച്ച സർവകലാശാലയ്ക്കുള്ള ചാൻസലേ‍ഴ്സ് അവാർഡ് പ്രഖ്യാപിച്ചില്ല

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്. മികച്ച സർവകലാശാലയ്ക്കുള്ള ചാൻസലേ‍ഴ്സ് അവാർഡ് പ്രഖ്യാപിക്കാതെ ഗവർണർ (Governor) ആരിഫ് മുഹമ്മദ് ഖാൻ. ഇതിലൂടെ തെരെഞ്ഞെടുക്കപ്പെടുന്ന സർവകലാശാലയ്ക്ക് നഷ്ടമായത് 5 കോടി രൂപയുടെ ഫണ്ട്. 2022 മാർച്ച് മാസത്തിൽ ഡോ. സി.എൻ.ആർ റാവു അധ്യക്ഷനായ കൗൺസിൽ നൽകിയ ശുപാർശയാണ് തീരുമാനമെടുക്കാതെ ഗവർണർ വൈകിപ്പിച്ചത്.

2015ൽ അന്നത്തെ കേരള ഗവർണർ ജസ്റ്റിസ് പി സദാശിവമാണ് മികച്ച സർവകലാശാലയ്ക്കുള്ള ചാൻസലേ‍ഴ്സ് അവാർഡിന് തുടക്കം കുറിച്ചത്. ആദ്യ അവാർഡ് തീരുമാനിച്ചത് രാജ്ഭവനിൽ നിന്നാണെങ്കിൽ പിന്നീട് അത് ഗവർണർ തീരുമാനിച്ച പ്രത്യേക കൗൺസിൽ ചേർന്ന് ഗവർണർക്ക് ശുപാർശ നൽകുന്ന രീതിയിലേക്ക് മാറ്റി.

2021 – 22 വർഷത്തെ ചാൻസലേ‍ഴ്സ് അവാർഡാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രഖ്യാപിക്കാതെ അനിശ്ചിതത്വത്തിലാക്കിയത്. ഇതിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന സർവകലാശാലയ്ക്ക് നഷ്ടമായത് 5 കോടി രൂപയുടെ ഫണ്ടാണ്. സർവകലാശാലയുടെ സമഗ്ര വികസനത്തിന് ഉപയോഗിക്കാൻ സാധിക്കുന്ന ഫണ്ടാണ് ഉപയോഗ ശൂന്യമായത്.

2022 മാർച്ച് മാസത്തിലാണ് ഡോ. സി.എൻ.ആർ റാവു അധ്യക്ഷനായ കൗൺസിൽ ഗവർണർക്ക് ശുപാർശ നൽകിയത്. മൂന്ന് മുതൽ നാല് വരെ ദിവസങ്ങൾക്കുള്ളിലാണ് സാധാരണ ഗതിയിൽ ഗവർണർ തീരുമാനം എടുത്തിരുന്നത്. എന്നാൽ ഇത്തവണ മാർച്ച് 31നകം പ്രഖ്യാപിക്കാത്തതിനെ തുടർന്നാണ് ഫണ്ട് ലാപ്സായത്.

നവംബറിൽ 2022-23 വർഷത്തെ ചാൻസലേ‍ഴ്സ് അവാർഡിന് വേണ്ടിയുള്ള സർവകലാശാലയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ കൗൺസിൽ ആരംഭിക്കും. മൂന്ന് മാസം നീളുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ശേഷമാണ് കൗൺസിൽ മാർച്ചിൽ ഗവർണർക്ക് ശുപാർശ നൽകുന്നത്.

2018-19ലും 2019-20ലും കൃത്യമായി ഗവർണർ അവാർഡ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ എന്തുകൊണ്ട് ഇത്തവണ ചാൻസലേ‍ഴ്സ് അവാർഡ് പ്രഖ്യാപിച്ചില്ല എന്നത് ഇപ്പോ‍ഴും മറുപടി ലഭിക്കാത്ത ചോദ്യമായി അവശേഷിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here