ഗാന്ധി കുടുംബം കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് മാറി നില്‍ക്കണം: ആനന്ദ് ശര്‍മ്മ

ഗാന്ധി കുടുംബം കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന നിലപാട് പരസ്യമാക്കി ആനന്ദ് ശര്‍മ്മ. കോണ്‍ഗ്രസില്‍ റിബല്‍ നീക്കമല്ല, മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് ജി-23 നേതാക്കള്‍ നടത്തുന്നതെന്നും ആനന്ദ് ശര്‍മ്മ വ്യക്തമാക്കി. ഹിമാചല്‍പ്രദേശിലെ തെരഞ്ഞെടുപ്പ് സമിതിയില്‍ നിന്ന് രാജിവെച്ച ശേഷമായിരുന്നു ആനന്ദ് ശര്‍മ്മയുടെ പ്രതികരണം

സോണിയാഗാന്ധി മാറുമ്പോള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി അല്ലെങ്കില്‍ പ്രിയങ്ക ഗാന്ധി. അതല്ലാതെ മറ്റൊരു പേര് ചര്‍ച്ചക്കെടുക്കാന്‍ പോലും കഴിയാത്തതാണ് ഇന്ന് കോണ്‍ഗ്രസ് നേരിടുന്ന എറ്റവും വലിയ പ്രതിസന്ധി. ഗാന്ധികുടുംബം നയിക്കുന്ന നേതൃത്വത്തിന് അപ്പുറത്തേക്ക് പോകാന്‍ കോണ്‍ഗ്രസിന് സാധിക്കണമെന്നാണ് ഹിമാചല്‍പ്രദേശിലെ തെരഞ്ഞെടുപ്പ് സമിതിയില്‍ നിന്ന് രാജിവെച്ച ശേഷം മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ്മ നടത്തിയ പ്രതികരണം. മുതിര്‍ന്ന നേതാക്കളെ നേതൃത്വം അവഗണിക്കുകയാണ്. ഏകപക്ഷീയ തീരുമാനങ്ങള്‍ എടുക്കുന്നു.

മാറ്റം ആഗ്രഹിക്കുമ്പോഴും അതിനായി യാതൊരു നീക്കവും ഉണ്ടാകുന്നില്ല. ജി 23 നേതാക്കള്‍ നടക്കുന്നത് വിമത നീക്കമല്ല മറിച്ച് കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണെന്നും ആനന്ദ് ശര്‍മ്മ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ ഉറച്ച നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് രണ്ട് വര്‍ഷം മുമ്പ് ജി 23 നേതാക്കള്‍ സോണിയാഗാന്ധിക്ക് കത്ത് നല്‍കിയിരുന്നു. കത്തില്‍ പറഞ്ഞ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ആനന്ദ് ശര്‍മ്മ ഉള്‍പ്പടെയുള്ള നേതാക്കള്‍. എഐസിസി തീരുമാനം തള്ളി ജമ്മുകശ്മീരിലെ സമിതികളില്‍ നിന്ന് രണ്ട് ദിവസം മുമ്പ് ഗുലാംനബി ആസാദ് രാജിവെച്ചിരുന്നു. ബിജെപിയല്ല ലക്ഷ്യമെന്ന് ഇരുനേതാക്കളും വ്യക്തമാക്കുമ്പോള്‍ ബിജെപിയുമായി ഈ നേതാക്കള്‍ രഹസ്യചര്‍ച്ചകള്‍ നടത്തുന്നതായുള്ള സൂചനകളുണ്ട്. ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദയുമായി ആനന്ദ് ശര്‍മ്മ കൂടിക്കാഴ ്ച നടത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡി യാത്ര കന്യാകുമാരിയില്‍ നിന്ന് ആരംഭിക്കാനിരിക്കെയാണ് കോണ്‍ഗ്രസില്‍ വീണ്ടും കലാപം ഉയരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News