Rain: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി അതിരൂക്ഷം

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി അതിരൂക്ഷമായി തുടരുന്നു. രണ്ട് ദിവസത്തെ തുടര്‍ച്ചയായ മഴയില്‍ മരിച്ചവരുടെ എണ്ണം 50 ആയി. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് മഴക്കെടുതി രൂക്ഷമായിട്ടുള്ളത്.

തുടര്‍ച്ചയായ മഴയിലും വെള്ള പൊക്കത്തിലും ഹിമാചലില്‍ മാത്രം മരിച്ചത് 27 പേര്‍. ഹിമാചലിലെ മാണ്ഡി ജില്ലയില്‍ വെള്ളപ്പൊക്കത്തില്‍ കാണാതായ ആറുപേരെ കണ്ടെത്താനായിട്ടില്ല. കാന്‍ഗ്ര, ചമ്പ ജില്ലകളിലും വ്യാപക നാശനഷ്ടമുണ്ടായി. കാന്‍ഗ്രയില്‍ ചക്കി നദിക്ക് കുറുകെയുള്ള റയില്‍പ്പാലം തകര്‍ന്നതില്‍ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു.

ഒഡീഷയില്‍ മഴക്കെടുതിയില്‍ 11 പേര്‍ മരിച്ചു. മയൂര്‍ഭഞ്ച്, കേന്ദ്രപാര, ബാലസോര്‍ തുടങ്ങിയ ജില്ലകളിലാണ് മഴ ദുരിതം കൂടുതല്‍. 763 ഗ്രാമങ്ങളിലായി 5 ലക്ഷത്തോളം പേരാണ് ദുരിതത്തിലായത്. ജാര്‍ഖണ്ഡില്‍, കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളിലെയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പശ്ചിമ സിംഗ്ഭും ജില്ലയില്‍ വീടിന്റെ മണ്‍ഭിത്തി തകര്‍ന്ന് ഒരു സ്ത്രീ മരിച്ചു. രാംഗഢ് ജില്ലയില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു. രണ്ടുപേരെ കാണാതായി. ഉത്തരാഖണ്ഡില്‍ 10 പേരെ മണ്ണിടിച്ചിലില്‍ കാണാതായി. പശ്ചിമ മധ്യപ്രദേശിലും കിഴക്കന്‍ രാജസ്ഥാനിലും വരുന്ന ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here