നിരവധി അധ്യായങ്ങള്‍ കുറിക്കപ്പെട്ടതാണ് ഇന്ത്യയിലെ സ്വാതന്ത്ര്യ പോരാട്ടം: മുഖ്യമന്ത്രി പിണറായി വിജയന്‍

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന ഘട്ടത്തില്‍ അതില്‍ കേരളാ നിയമസഭയും പങ്കാളിയാവുകയാണ്.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യം കൈമുതലായിരുന്ന ഒരു രാജ്യത്തിന്റെ ആധിപത്യത്തിനെതിരായി ഇന്ത്യയിലെ ജനത വ്യത്യസ്തമായ വഴികളിലൂടെ ഒരേ ലക്ഷ്യത്തിനുവേണ്ടി പൊരുതിയതിന്റെ ഫലമായിക്കൂടിയാണ് സ്വാതന്ത്ര്യം നമുക്ക് ലഭ്യമായത്.

ലോകത്തെമ്പാടും നടന്ന സ്വാതന്ത്ര്യ സമരങ്ങളില്‍ നിന്ന് വ്യത്യസ്തമായ നിരവധി അധ്യായങ്ങള്‍ കുറിക്കപ്പെട്ടതാണ് ഇന്ത്യയിലെ സ്വാതന്ത്ര്യ പോരാട്ടം. വിവിധ നാട്ടുരാജ്യങ്ങളായി നിലകൊള്ളുകയും, പരസ്പരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയും ചെയ്തിരുന്ന സാഹചര്യത്തെ ഉപയോഗപ്പെടുത്തിയാണ് സാമ്രാജ്യത്വം ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചത്.

സാമ്രാജ്യത്വത്തിന്റെ ആധിപത്യമാവട്ടെ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെയാകെ ദുരിതപൂര്‍ണ്ണമാക്കി. ഇതിനെതിരായി ഇന്ത്യയിലെ ആദിവാസികളും, കൈത്തൊഴിലുകാരും, കര്‍ഷകരും ചില നാട്ടുരാജാക്കന്മാരും ആദ്യഘട്ടങ്ങളില്‍ തന്നെ ശക്തമായ ചെറുത്തുനില്‍പ്പ് ഉയര്‍ത്തിക്കൊണ്ടുവന്നു. പഴശ്ശിയും, വേലുത്തമ്പിയും, പാലിയത്തച്ഛനും പോലുള്ളവര്‍ ഉയര്‍ത്തിക്കൊണ്ടു വന്ന ചെറുത്തുനില്‍പ്പുകളും മലബാറിലെ കാര്‍ഷിക കലാപത്തില്‍ നേതൃത്വപരമായ പങ്കുവഹിച്ച വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജി തുടങ്ങിയവരെല്ലാം നമ്മുടെ ആദ്യകാല പ്രതിരോധങ്ങളില്‍ സുപ്രധാന അധ്യായങ്ങള്‍ തീര്‍ത്തവരാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നുവന്ന ഇത്തരം ചെറുത്തുനില്‍പ്പുകള്‍ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളുടെ പിന്‍ബലത്തോടെ പിന്നീട് ശക്തിപ്രാപിച്ചു. അങ്ങനെ ദേശീയ തലത്തിലുള്ള വമ്പിച്ച സ്വാതന്ത്ര്യ പോരാട്ടമായി അവ വികസിക്കുകയും ചെയ്തു. ദേശീയ പ്രസ്ഥാനം രൂപപ്പെട്ട് വികസിക്കുന്നതിനോടൊപ്പം തന്നെ തൊഴിലാളികളുടേയും, കര്‍ഷകരുടേയും പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സമരങ്ങളും രാജ്യത്ത് ശക്തിപ്രാപിക്കാന്‍ തുടങ്ങി.

ദേശീയ തലത്തിലും, അന്തര്‍ദേശീയ തലത്തിലും രൂപപ്പെട്ടുവന്ന വിമോചന കാഴ്ചപ്പാടുകള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് വലിയ സ്വാധീനം ചെലുത്തി. കര്‍ഷകരുടേയും, തൊഴിലാളികളുടേയും നേതൃത്വത്തിലുയര്‍ന്നുവന്ന സമരങ്ങള്‍ ദേശീയ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യങ്ങളത്തന്നെ സ്വാധീനിക്കുന്ന നിലയില്‍ വളര്‍ന്നുവരാന്‍ തുടങ്ങി. റഷ്യയിലെ സോഷ്യലിസ്റ്റ് വിപ്ലവം പോലുള്ളവ ജവഹര്‍ലാല്‍ നെഹ്റുവിനെപ്പോലുള്ള ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളിലും സ്വാധീനം ചെലുത്തി. അതിന്റെ പശ്ചാത്തലത്തില്‍ സ്വരാജ് എന്ന മുദ്രാവാക്യം പൂര്‍ണ്ണ സ്വാതന്ത്ര്യത്തിന്റേതായി 1930-ലെ ലാഹോര്‍ കോണ്‍ഗ്രസ്സില്‍ പ്രഖ്യാപിക്കുന്ന തലത്തിലേക്ക് ഇത് വളര്‍ന്നുവന്നു.

ഇന്ത്യയിലെ വ്യത്യസ്തമായ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ധാരകള്‍ ഒന്നാകെ ചേര്‍ന്ന് മഹാ പ്രവാഹമായി ഉയര്‍ന്നുവരികയായിരുന്നു. സത്യാഗ്രഹ സമരത്തിന്റെ വഴികളിലൂടെ നീങ്ങിയ ഗാന്ധിജിയുടേയും, കഴുമരത്തില്‍ ജീവനൊടുക്കേണ്ടിവന്ന ഭഗത് സിങ്ങിന്റേതുള്‍പ്പെടേയുള്ള പാരമ്പര്യങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനമെന്നത് കാണണം.

ലോക രാഷ്ട്രീയ രംഗത്തെ മാറ്റങ്ങളും സ്വാതന്ത്ര്യ പ്രസ്ഥാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ഫാസിസത്തിന് ലോകത്തുണ്ടായ പരാജയവും സോഷ്യലിസ്റ്റ് റഷ്യയുടെ കുതിപ്പും പുതിയ ഒരു സാഹചര്യം ലോകത്തുണ്ടാക്കി. ആ പശ്ചാത്തലം ലോകത്തെമ്പാടുമുള്ള വിമോചന പോരാട്ടങ്ങള്‍ക്ക് കരുത്തായി മാറി. നിരവധി രാഷ്ട്രങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ വഴികളിലേക്ക് നീങ്ങുന്ന നില അന്നത്തെ ആഗോള രാഷ്ട്രീയം സൃഷ്ടിച്ചു.
സാമ്രാജ്യത്വത്തിന്റെ ആധിപത്യത്തിനെതിരായ സമരങ്ങള്‍ നടക്കുമ്പള്‍ തന്നെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ജന്മിത്വം അവസാനിപ്പിക്കണമെന്നും, സാമൂഹ്യ നീതി പുലരണമെന്നുമുള്ള ആവശ്യങ്ങളുയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രക്ഷോഭങ്ങളും കര്‍ഷക – തൊഴിലാളി പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇത്തരം സമരങ്ങള്‍ സജീവമായി കൂടുതല്‍ ശക്തി പ്രാപിച്ചു.

ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ സവിശേഷമായ സ്ഥാനം അവകാശപ്പെടാവുന്ന ഇടപെടലുകള്‍ പലതും കേരളത്തിലുണ്ടായിട്ടുണ്ട്. ശ്രീനാരായണ ഗുരുവും, ചട്ടമ്പി സ്വാമികളും, അയ്യങ്കാളിയുമെല്ലാം മുന്നോട്ടുവെച്ച നവോത്ഥാന കാഴ്ചപ്പാടുകളെ സ്വാതന്ത്ര്യ പ്രസ്ഥാനം ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോയി. ദേശീയ ശ്രദ്ധയാകര്‍ഷിച്ച വൈക്കം സത്യാഗ്രഹം ഇത്തരത്തില്‍ സവിശേഷമായ ഒരു ധാരയെ പ്രതിനിധാനം ചെയ്യുന്നതാണ്. തുടര്‍ന്ന് ആ പിന്തുടര്‍ച്ച ഗുരുവായൂര്‍ സത്യാഗ്രഹത്തിലും, പിന്നീട് പാലിയം സമരത്തിലൂടെയും മുന്നോട്ടുപോയി. സ്വാതന്ത്ര്യ പ്രസ്ഥാനവും, നവോത്ഥാന ധാരകളും തമ്മിലുള്ള ഈ ബന്ധം കേരളത്തിന്റെ സവിശേഷതയാണ്.
കേരളത്തിലെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മറ്റൊരു പ്രധാന സവിശേഷത സാമ്രാജ്യത്വ സഹായികളായി വര്‍ത്തിച്ച ജന്മിത്വത്തിനെതിരായുള്ള ശക്തമായ പോരാട്ടമായിരുന്നു. കയ്യൂര്‍, കരിവെള്ളൂര്‍, കാവുമ്പായി പോലുള്ള സമര ഭൂമികളില്‍ ഉയര്‍ന്നുവന്നത് ഇത്തരത്തിലുള്ള പ്രക്ഷോഭമായിരുന്നു.

ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ നമ്മുടെ സംസ്ഥാനം മൂന്ന് ഭാഗങ്ങളായി കിടക്കുകയായിരുന്നു. സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുന്ന ഘട്ടത്തില്‍ നാട്ടുരാജ്യങ്ങള്‍ക്ക് സ്വതന്ത്രമായി നിലപാടെടുക്കാമെന്ന സമീപനമാണ് ബ്രിട്ടീഷുകാര്‍ സ്വീകരിച്ചത്. സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന കാഴ്ചപ്പാട് ഉയര്‍ന്നുവന്നു. ഇതിനെതിരെ ആലപ്പുഴയിലെ തൊഴിലാളികളുടെ നേതൃത്വത്തില്‍ വലിയ ചെറുത്തുനില്‍പ്പ് ഉയര്‍ന്നുവന്നു. പുന്നപ്ര വയലാറില്‍ നടന്ന ഇത്തരം പോരാട്ടമാണ് കേരളത്തെ ഇന്ത്യാ രാജ്യത്തിന്റെ ഭാഗമായി മാറ്റുന്നതിന് ഇടയാക്കിയത് എന്ന യാഥാര്‍ഥ്യവും ഈ അവസരത്തില്‍ നമുക്ക് ഓര്‍ക്കാതിരിക്കാനാകില്ല.

സ്വാതന്ത്ര്യ സമരത്തില്‍ ത്യാഗത്തിന്റെ അധ്യായങ്ങള്‍ രചിച്ച നമ്മുടെ നാടിന്റെ വീര പുത്രന്മാരേയും, പുത്രികളേയും നമുക്ക് ഓര്‍ക്കാതിരിക്കാനാകില്ല. ഉപ്പ് സത്യാഗ്രഹ ഘട്ടത്തില്‍ കടുത്ത മര്‍ദ്ദനമേല്‍ക്കുമ്പോഴും ത്രിവര്‍ണ്ണ പതാക കൈവിടാതെ നിന്ന പി കൃഷ്ണപിള്ള, സ്വാതന്ത്ര്യം ലഭിക്കുമ്പോഴും ജയിലറയില്‍ കഴിയേണ്ടിവന്ന എ.കെ.ജി, ഏറെ ജയില്‍വാസം അനുഭവിച്ച മുഹമ്മദ് അബ്ദുറഹ്മാന്‍, ഐ.എന്‍.ഐയുടെ പോരാട്ടത്തില്‍ നേതൃത്വപരമായ പങ്കുവഹിച്ച ക്യപ്റ്റന്‍ ലക്ഷ്മി, കേരള ഗാന്ധിയെന്ന് വിളിക്കപ്പെടുന്ന കെ കേളപ്പന്‍, കൈകുഞ്ഞുമായി ജയിലിലേക്ക് പോകേണ്ടിവന്ന എ.വി കുട്ടിമാളു അമ്മ, സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ സവിശേഷമായ ഇടപെടല്‍ നടത്തിയ അക്കമ്മ ചെറിയാന്‍ അങ്ങനെ എത്രയോ എത്രയോ പേര്‍.

വ്യത്യസ്തമായ വഴികളിലൂടെ ഒരേ ലക്ഷ്യത്തിനായി പൊരുതിയ മഹാ പ്രസ്ഥാനമായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സത്യഗ്രഹ സമരം തൊട്ട് ബ്രിട്ടീഷുകാരുമായി മുഖാമുഖം ഏറ്റുമുട്ടിയ പോരാട്ടങ്ങള്‍ വരെ അതില്‍ കാണാവുന്നതാണ്. അവയെ എല്ലാം നമ്മുടെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉള്‍ക്കൊള്ളുവാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. എന്ത് ഭിന്നതകളുടെ പേരിലായാലും അത്തരം പോരാളികളെ അടര്‍ത്തിമാറ്റാനുള്ള ശ്രമങ്ങളെ കൂട്ടായി പ്രതിരോധിക്കുക എന്നത് നമ്മുടെയെല്ലാം ഉത്തരവാദിത്വമാണ്.

ദേശീയ സ്വാതന്ത്ര്യ സമരം മുന്നോട്ടുവെച്ച വ്യത്യസ്ത ധാരകളെ ഉള്‍ക്കൊണ്ടുകൊണ്ടാണ് നമ്മുടെ ഭരണഘടന രൂപംകൊണ്ടത്. മതനിരപേക്ഷതയും, ഫെഡറലിസവും, സമത്വവും, സ്വാതന്ത്ര്യവുമെല്ലാം സ്വാതന്ത്ര്യ പോരാളികളുടെ ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നുവെന്ന് നാം വിസ്മരിക്കരുത്. അത്തരം മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും അവയുടെ സംരക്ഷണത്തിനായി ശക്തമായി പൊരുതുകയും ചെയ്യേണ്ട സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിട്ടുള്ളത്.

സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ സജീവമായി നിറഞ്ഞുനിന്ന നിരവധി പോരാളികള്‍ ഇരുന്ന സഭയാണിത്. ദേശീയ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച കൃഷിഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്താന്‍ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള നിയമസഭയ്ക്ക് കഴിഞ്ഞു എന്നത് നമുക്കെല്ലാം അഭിമാനിക്കാവുന്നതാണ്.

സ്വാതന്ത്ര്യ സമരം ഉയര്‍ത്തിക്കൊണ്ടുവന്ന മഹത്തായ രാഷ്ട്രീയ മൂല്യമാണ് അഴിമതി രഹിതമായ സംശുദ്ധ രാഷ്ട്രീയമെന്നത് നാം വിസ്മരിക്കരുത്. എല്ലാ മതക്കാര്‍ക്കും അവരുടെ വിശ്വാസങ്ങളുമായി ജീവിക്കാനും, അല്ലാത്തവര്‍ക്ക് അങ്ങനേയും ജീവിക്കാന്‍ പറ്റുന്ന നാടായി ഈ രാജ്യത്തെ മാറ്റാനാണ് സ്വാതന്ത്ര്യ പോരാളികള്‍ പരിശ്രമിച്ചത്. അവ കാത്ത് സൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് നാം എന്ന് പ്രഖ്യാപിക്കാനുള്ള അവസരം കൂടിയായി ഈ 75-ാം വാര്‍ഷികത്തെ മാറ്റിയെടുക്കേണ്ടതുണ്ട്.

കുമാരനാശാന്‍ പാടിയതുപോലെ
”സ്വാതന്ത്യം തന്നെ അമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം”

മൃതിയേക്കാള്‍ ഭയാനകമെന്ന കുമാരനാശാന്‍ വിശേഷിപ്പിച്ച അവസ്ഥ രാജ്യത്ത് സംഭവിക്കാതിരിക്കാനുള്ള ജാഗ്രത കാലം ആവശ്യപ്പെടുന്നുണ്ട് എന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് നിര്‍ത്തട്ടെ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here