പാമ്പുമായി വീഡിയോയ്ക്കുവേണ്ടി പ്രദര്‍ശനം; പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

പിടിച്ച പാമ്പിനെ പ്രദര്‍ശിപ്പിക്കുന്നതിനിടെ പാമ്പു പിടിത്തക്കാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് സംഭവം. അയല്‍വാസിയുടെ വീട്ടില്‍ നിന്ന് പിടിച്ച പാമ്പിന്റെ കടിയേറ്റ് ദേവേന്ദ്ര മിശ്ര എന്നയാളാണ് മരിച്ചത്.

മരുജാല ഗ്രാമത്തിന്റെ മുന്‍ ഗ്രാമത്തലവന്‍ കൂടിയാണ് മരിച്ച ദേവേന്ദ്ര മിശ്ര. പാമ്പു പിടിത്തത്തില്‍ വളരെ പ്രശസ്തനാണ് ഇയാള്‍. ഗ്രാമത്തില്‍ നിന്ന് 200-ലധികം പാമ്പുകളെ ഇതിനോടകം മിശ്ര പിടിച്ചിട്ടുണ്ട്.

ഇയാളുടെ അയല്‍ക്കാരനായ രവീന്ദ്ര കുമാറിന്‍റെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് മിശ്ര പാമ്പിനെ തന്റെ കഴുത്തില്‍ ചുറ്റി ഗ്രാമത്തിലുടനീളം നടന്ന് പ്രദര്‍ശനം നടത്തി. ഇതിന്റെ വീഡിയോയും ചിത്രീകരിച്ചിരുന്നു.

പുറത്തുവന്ന വീഡിയോയില്‍ ഇയാള്‍ അഞ്ചുവയസ്സിന് താഴെ പ്രായം തോന്നിക്കുന്ന ഒരു കുട്ടിയുടെ കഴുത്തിലും പാമ്പിനെ ചുറ്റുന്നത് കാണാം. പാമ്പിനെ പിടികൂടി രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് മിശ്രയ്ക്ക് കടിയേറ്റതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കടിയേറ്റ ശേഷം ആശുപത്രിയില്‍ പോകാനും തയ്യാറായില്ല. വിവിധ ഔഷധ സസ്യങ്ങള്‍ ഉപയോഗിച്ച് സ്വയം ചികിത്സ നടത്തിയെങ്കിലും മരിക്കുകയായിരുന്നെന്ന് ഗ്രാമീണര്‍ പറഞ്ഞു.

മിശ്ര പാത്രത്തിനുള്ളില്‍ സൂക്ഷിച്ച പാമ്പിനേയും മണിക്കൂറുകള്‍ക്കകം ചത്ത നിലയില്‍ കണ്ടെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here