Tibetan Colony:ജാതി – മത വേര്‍തിരിവുകളില്ലാതെ എല്ലാവരെയും സ്വാഗതം ചെയ്ത് ടിബറ്റന്‍ കോളനി….

(Delhi)ദില്ലിയിലെ യമുനാ നദിയുടെ തീരത്തുള്ള മജ്‌നു കാ ടിലയില്‍ എത്തിയാല്‍ മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കുകയായി. കൗതുക കാഴ്ചകളാല്‍ നിറഞ്ഞു നില്‍ക്കുന്ന ടിബറ്റന്‍ കോളനി(Tibetan Colony). ഇടുങ്ങിയ പാതകളിലൂടെ കടന്നു ചെല്ലുമ്പോള്‍ ആദ്യം കാണുന്നത് ഒരു ബുദ്ധ ക്ഷേത്രം. ക്ഷേത്രത്തിനു മുന്‍പില്‍ കത്തി നില്‍ക്കുന്ന വിളക്കുകള്‍. ചുവപ്പില്‍ മഞ്ഞകൊണ്ടു മന്ത്രങ്ങള്‍ എഴുതിയ വലിയ പ്രാര്‍ത്ഥന ചക്രങ്ങള്‍ തെരുവിനെ വൈവിധ്യമാക്കുന്നു. പ്രാര്‍ത്ഥനക്കായി ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളും മഞ്ഞ തുണികൊണ്ടു മൂടിയ പ്രാര്‍ത്ഥനാപുസ്തകങ്ങളും ഇവിടുത്തെ പ്രത്യേക കാഴ്ചകളാണ്.

ഒരു സംസ്‌കാരത്തിന്റെ കാഴ്ചകളാണ് ഈ പാതയോരങ്ങളിലെവിടെയും. അതിനിടയില്‍ ഒരു ചെറിയ സ്ഥലം പോലും ഒഴിവാക്കാതെ കെട്ടിടങ്ങള്‍ പണിത് വ്യാപാരത്തിനുതകുന്ന രീതിയില്‍ സജ്ജമാക്കിയെടുത്തിരിക്കുന്ന ഇവിടുത്തെ ആള്‍ക്കാരുടെ കഴിവ് അത്ഭുപ്പെടുത്തുന്നതാണ്. വശങ്ങളിലായി കരകൗശല വസ്തുക്കളുടെ കടകള്‍, വസ്ത്ര കടകള്‍, ആഭരണ കടകള്‍, അങ്ങനെ ടിബറ്റന്‍ സംസ്‌കാരം വിളിച്ചോതുന്ന നിരവധി കടകള്‍.

60 വര്‍ഷം മുമ്പ് 1959 ല്‍ ദലൈ ലാമയ്‌ക്കൊപ്പം അഭയം തേടിയെത്തിയ ടിബറ്റന്‍ വംശജരുടെ ദില്ലിയിലെ പ്രധാന കേന്ദ്രമാണിത്. യമുന നദീതിരത്ത് അവര്‍ താമസമുറപ്പിച്ചു. പതിനാലാം നൂറ്റാണ്ടില്‍ സിക്കന്ദര്‍ ലോധിയുടെ കാലത്ത് മജ്‌നു എന്ന് വിളിപ്പേരുള്ള അബ്ദുള്ള എന്ന സൂഫി വര്യന്റെ സ്മരാണാര്‍ത്ഥം ഗുരു നാനാക് നല്‍കിയ പേരാണ് മജ്‌നു കാ ടില എന്നാണ് വിശ്വാസം. ന്യൂ അരുണ നഗര്‍ കോളനി , ചുങ്ടൗണ്‍ , സാംയേലിംഗ് എന്നും ഈ ടിബറ്റന്‍ കോളനി അറിയപ്പെടുന്നു. ദില്ലിയില്‍ എത്തുന്ന സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി മാറി മജ്‌നു കാ ടില.

വൈവിധ്യങ്ങളുടെ ഭൂമികയിലാണ് ഈ ടിബറ്റന്‍ കേന്ദ്രം. കൗതുകങ്ങളാല്‍ നിറഞ്ഞ് നില്‍ക്കുന്ന ഓരോ കാഴ്ചകളും. ജാതിയുടെയും മതത്തിന്റെയും വേര്‍തിരിവുകളില്ലാതെ ഇവര്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ദേശത്തിന്റെയും ഭാഷയുടെയും അതിര്‍വരമ്പുകളില്ലാതെ അവര്‍ ഈ രാജ്യത്തെയും ചേര്‍ത്തുപിടിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News