Niyamasabha:വേമ്പനാട് കായല്‍ സംരക്ഷണം വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സാധ്യമാക്കും;കെ. ബാബുവിന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിയുടെ മറുപടി

(Vembanad)വേമ്പനാട് കായല്‍ സംരക്ഷണം വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭയില്‍ കെ ബാബുവിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വേമ്പനാട് കായല്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള കായല്‍ കയ്യേറ്റങ്ങള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് വിവിധ വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു കമ്മിറ്റി രൂപീകരിച്ച് സമഗ്രമായ പഠനം നടത്തണമെന്ന് നിയമസഭാ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായും ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലേയും ഉദ്യോഗസ്ഥര്‍ അംഗങ്ങളായും ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

കായല്‍ കയ്യേറ്റങ്ങള്‍ കണ്ടെത്തി അവ ഒഴിപ്പിക്കുന്നതിനും കായലിന്റെ അതിര്‍ത്തി തിട്ടപ്പെടുത്തുന്നതിനുമായി റവന്യൂ, സര്‍വ്വെ, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ സംയുക്തമായി ഊര്‍ജ്ജിത നടപടി സ്വീകരിച്ചുവരികയാണ്. കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാന വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച 2019 ലെ CRZ വിജ്ഞാപന പ്രകാരം വേമ്പനാട് കായലിനെ ഗുരുതരമായ ആപത് ഭീഷണിയുള്ള തീരദേശ മേഖല പ്രദേശമായാണ് പരിഗണിച്ചിട്ടുള്ളത്. സുസ്ഥിരമായ ഉപജീവനത്തിനായി തീരദേശ വിഭവങ്ങളെ ആശ്രയിക്കുന്ന മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിന്റെ പങ്കാളിത്തത്തോടെ വേണം ഈ മേഖല പരിപാലനം ചെയ്യേണ്ടതെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

വേമ്പനാട് കായല്‍ സംരക്ഷണം വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മാത്രമെ സാധ്യമാവുകയുള്ളൂ. വേമ്പനാട് കായല്‍ അതോറിറ്റി രൂപീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുന്നതാണ്. വേമ്പനാട് കായലിന്റെ ജലസംഭരണ ശേഷി ചെളിയും എക്കലും അടിഞ്ഞതുമൂലം ഗണ്യമായി കുറഞ്ഞതായി ഡോ. എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇവ നീക്കം ചെയ്യുന്നതിന് പ്രാഥമിക പ്രവൃത്തി എന്ന നിലയില്‍ 10 കി.മീറ്റര്‍ ചുറ്റളവുള്ള ‘ആര്‍ – ബ്ലോക്ക്’ പാടശേഖരത്തില്‍ എക്കലും ചെളിയും ഉപയോഗിച്ച് പുറംബണ്ട് നിര്‍മ്മിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. സര്‍ക്കാരും പാടശേഖര സമിതിയും ചേര്‍ന്നുള്ള പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ഇത് നടപ്പാക്കാനുള്ള നിര്‍ദേശം പരിശോധിച്ചു വരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News