Maharashtra:ഭാര്യയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍(arrest). മഹാരാഷ്ട്രയിലെ(Maharashtra) പാല്‍ഘര്‍ ജില്ലയിലെ വസായ് റോഡ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. മുപ്പത്കാരനായ യുവാവാണ് ഭാര്യയെ ഓടുന്ന ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ അനുസരിച്ച്, പുലര്‍ച്ചെ 4.10 ഓടെയാണ് സംഭവം നടന്നത്. ഭാര്യയെ ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി പ്ലാറ്റ്ഫോമിന്റെ അരികിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി ഓടുന്ന ട്രെയിനിന്റെ മുന്നിലേക്ക് തള്ളുകയായിരുന്നു. പ്രതിയെ താനെ പൊലീസ് അറസ്റ്റ് ചെയ്തു.

അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ രണ്ട് കുട്ടികളോടൊപ്പം ഉറങ്ങുകയായിരുന്ന യുവതിയെ ഭര്‍ത്താവ് വിളിച്ചുണര്‍ത്തിയ ശേഷമാണ് കടുംകൈ ചെയ്തത്. ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായിരുന്നു. അവധ് എക്സ്പ്രസിന് മുന്നിലേക്കാണ് യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് റെയില്‍വേ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഭാജിറാവു മഹാജന്‍ പറഞ്ഞു. സംഭവസ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചുവെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം ഇയാള്‍ രണ്ട് കുട്ടികളെ ബാഗുമായി കൂട്ടി പ്ലാറ്റ്ഫോമില്‍ നിന്ന് രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നീട് ഇയാള്‍ മുംബൈയിലെ ദാദറിലേക്കും അവിടെ നിന്ന് താനെയിലെ കല്യാണിലേക്കും ട്രെയിനില്‍ കയറുന്നത് ശ്രദ്ധയില്‍പ്പെട്ടു. താനെയിലെ ഭിവണ്ടി ടൗണില്‍ നിന്നാണ് രാത്രിയോടെ പൊലീസ് ഇയാളെ പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ യുവതി തന്റെ ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം രണ്ട് ദിവസത്തേക്ക് പുറത്ത് പോയിരുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. ഇതാണ് ഇയാളെ പ്രകോപിതനാക്കിയതും വഴക്കുണ്ടാകാന്‍ കാരണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭാര്യയുടെ സ്വഭാവത്തില്‍ ഇയാള്‍ക്ക് സംശയം തോന്നിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രാഥമിക അന്വേഷണത്തില്‍ സൂചനയുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 302 (കൊലപാതകം) പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News