V N Vasavan: ബാങ്കിംഗ് മേഖലയിലെ മാറ്റത്തിന് കേരള ബാങ്ക് കാരണക്കാരായി : വി.എന്‍. വാസവന്‍

സംസ്ഥാനത്തെ ബാങ്കിംഗ് മേഖലയില്‍ മാറ്റത്തിന് കേരള ബാങ്കിന്റെ(Kerala Bank) രൂപീകരണം കാരണമായിട്ടുണ്ടെന്ന് സഹകരണ രജിസ്‌ട്രേഷന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍(V N Vasavan). കേരളത്തിലെ 13 ജില്ലകളിലും ജില്ലാ ബാങ്കുകള്‍ കേരള ബാങ്കിന്റെ ഭാഗമായതോടെ നിലവില്‍ കുറഞ്ഞ പലിശയില്‍ അവര്‍ക്ക് വായ്പ കൊടുക്കാന്‍ കഴിയുന്നുണ്ട്. കാര്‍ഷിക വായ്പ , വ്യാവസായിക വായ്പ , ഗോള്‍ഡ് ലോണ്‍ എന്നിങ്ങനെ വായ്പകളുടെ പലിശയില്‍ വലിയ കുറവാണ് കേരളബാങ്ക് രൂപീകരണത്തിന് ശേഷം ഉണ്ടായിരിക്കുന്നത്. 2022ലെ കേരള സഹകരണ രണ്ടാം ഭേദഗതി ബില്ലില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് ബാങ്കിംഗ് മേഖലയിലെ സേവനങ്ങള്‍ ഏറ്റവും ഗുണകരമായി ലഭിക്കുന്നതിന് വേണ്ടിയാണ് കേരളബാങ്ക് രൂപീകരിച്ചതെന്നും അത് ഏറ്റവും മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മറ്റു ജില്ലകള്‍ പൊതു സമൂഹത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ മലപ്പുറം ജില്ലയിലെ ജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കണം എന്നതാണ് ഈ ഭേദഗതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളബാങ്ക് രൂപീകരണത്തിന് ശേഷം ബാങ്കിംഗ് മേഖലയില്‍ നിലവില്‍ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ലാഭത്തിലാണ് പ്രവര്‍ത്തനം. ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്കിനുള്ള പുരസ്‌കാരം ലഭിച്ചു കഴിഞ്ഞു .

രൂപീകരണ സമയത്ത് കേരളത്തിലെ ജില്ലാ ബാങ്കുകളില്‍ 9 എണ്ണം നഷ്ടത്തിലായിരുന്നു, ആ സ്ഥിതി മാറി സഞ്ചിത നഷ്ടം കുറച്ചു വരുന്നു. അങ്ങനെ മുന്നേറ്റ പാതയിലാണ് ബാങ്ക്. കേരളബാങ്ക് കേരളത്തിലെ സഹകരണ മേഖലയിലെ ബാങ്കായി തന്നെ നിലനില്‍ക്കുമെന്നു ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്കവേണ്ടന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി. ലയന സമയത്ത് റിസര്‍വ് ബാങ്ക് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങളെ സഹായിക്കുന്ന കാര്യത്തില്‍ മുന്‍പ് ജില്ലാ ബാങ്കുകള്‍ ഇടപെട്ടിരുന്ന പോലെ തന്നെ കേരള ബാങ്കിന്റെ കരുതല്‍ ഉണ്ടാകും. കേരള ബാങ്കിന്റെ ശാഖകള്‍ തമ്മിലുള്ള കോര്‍ ബാങ്കിങ്ങ് സംവിധാനം പ്രവര്‍ത്തനം ഭാഗികമായി ആരംഭിച്ചു. നിലവില്‍ തിരുവനന്തപുരവും കോട്ടയവും തമ്മില്‍ ബന്ധം സ്ഥാപിച്ചു കഴിഞ്ഞു. മറ്റിടങ്ങളിലേക്കുള്ളത് വേഗത്തില്‍ പൂര്‍ത്തികരിക്കും ഡിസംബറോടെ സാധ്യമാവുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ നീക്കുന്നത്. സഹകരണ വകുപ്പിലെ സ്ഥലം മാറ്റങ്ങള്‍ ഓണ്‍ ലൈന്‍ സംവിധാനത്തിലൂടെ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിനകം അതിന് തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചര്‍ച്ചയ്ക്ക് ശേഷം ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here