Cyber Attack: മൃതദേഹത്തിന് മുന്നില്‍ നിന്ന് ചിരിച്ചുകൊണ്ട് ഫോട്ടോ; സൈബര്‍ ആക്രമണത്തിന് പിന്നാലെ കുടുംബത്തിന്റെ വിശദീകരണം

മരണവീട്ടില്‍ മൃതദേഹത്തിന്(Dead body) മുന്നില്‍ നിന്ന് ചിരിച്ചുകൊണ്ട് എടുത്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍(Social media) പങ്കുവെച്ചതിന് പിന്നാലെ കുടുംബക്കാര്‍ക്കെതിരെ സൈബര്‍ ആക്രമണം. ‘മരണവീട്ടില്‍ ചിരിച്ചുകൊണ്ടിരിക്കാമോ, പിറന്നാള്‍ വീടല്ല, മരണവീടാണ് എന്ന ബോധമുണ്ടാവണം’ എന്ന തരത്തിലാണ് ഫോട്ടോയ്ക്കും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നത്.

കോട്ടയം മല്ലപ്പള്ളി സ്വദേശി മറിയാമ്മയാണ് നിര്യാതയായത്. 95 വയസ്സായിരുന്നു. പരേതനായ വൈദികന്‍ പി.ഒ വര്‍ഗീസിന്റെ ഭാര്യയാണ് മറിയാമ്മ. കുടുംബാംഗങ്ങള്‍ക്കൊപ്പം അന്നെടുത്ത ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

ക്രിസ്ത്യന്‍ വിശ്വാസമനുസരിച്ച് മരിച്ചയാള്‍ സ്വര്‍ഗത്തില്‍ പോകുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. അങ്ങനെ പോകുന്നതിന് സന്തോഷകരമായ യാത്രയയപ്പ് കൊടുക്കാം എന്നാണ് തീരുമാനിച്ചതെന്ന് കുടുംബാംഗമായ ഡോക്ടര്‍. ഉമ്മന്‍ പി. നൈനാന്‍ ദ ക്യുവിനോട് പ്രതികരിച്ചു.

ഉമ്മന്‍ പി. നൈനാന്റെ വാക്കുകള്‍

അമ്മച്ചി മരിച്ചതിന്റെ അടക്കത്തിന് മുമ്പ് തലേദിവസം മൂന്ന് മണിവരെ എല്ലാവരും ഒരുമിച്ച് ഉണ്ടായിരുന്നു. 11 മണി വരെ ഒക്കെ ആളുകള്‍ കാണാന്‍ വന്നിരുന്നു. അത് കഴിഞ്ഞ് ഞങ്ങള്‍ കുടുംബക്കാര്‍ മാത്രമേ ഉണ്ടായിരുന്നു.കുടുംബക്കാര്‍ മാത്രമുണ്ടാകുമ്പോള്‍ പ്രാര്‍ത്ഥനയും പാട്ടും ഒക്കെ ഉണ്ടായിരിക്കും. ക്രിസ്ത്യന്‍ വിശ്വാസമനുസരിച്ച് മരിച്ചയാള്‍ സ്വര്‍ഗത്തില്‍ പോകുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. അങ്ങനെ പോകുന്നതിന് സന്തോഷകരമായ യാത്രയയപ്പ് കൊടുക്കാം എന്നാണ് തീരുമാനം ഉണ്ടായിരുന്നത്. അത് പബ്ലിക് ആക്കാനൊന്നും കരുതിയിരുന്നില്ല. അങ്ങനെ സംഭവിച്ചു പോയതാണ്.

അവിടെയിരിക്കുമ്പോള്‍ അമ്മച്ചിയുടെ നാല് തലമുറയിലുള്ളവര്‍ അവിടെ ഇരിപ്പുണ്ട്. അമ്മച്ചിയുടെ തലമറയും അമ്മച്ചിയ്ക്ക താഴെയുള്ള ഞങ്ങളുടെ തലമുറയും ഞങ്ങളുടെ മക്കളും അവരുടെ മക്കളും ഉണ്ട്. ആ സമയത്ത് അമ്മച്ചി ഞങ്ങളെ പണ്ട് വഴക്ക് പറഞ്ഞതും ഓരോ കാര്യങ്ങള്‍ പഠിപ്പിച്ച് തന്നതും, അമ്മച്ചി കുട്ടികളോട് എങ്ങനെയായിരുന്നു എന്ന കാര്യങ്ങള്‍ ഒക്കെ സംസാരിക്കുകയായിരുന്നു. മൂന്ന് മണിവരെ ഞങ്ങള്‍ ഇങ്ങനെ സംസാരിക്കുകയായിരുന്നു. ചിലര്‍ വിങ്ങിപ്പൊട്ടി, ചിലര്‍ ചിരിച്ചു. അടുത്ത ദിവസം അടക്കിന് നേരത്തെ ആളുകള്‍ എത്തും എന്നുള്ളതുകൊണ്ട് പിരിയാം എന്ന് പറഞ്ഞു. അപ്പോള്‍ എല്ലാവരും ഉണ്ടായിരുന്നത് കൊണ്ട് ഒരു ഫോട്ടോ എടുക്കാം എന്ന് പറയുകയായിരുന്നു. ഫോട്ടോ എടുത്ത മോന്‍ തന്നെയായിരുന്നു പറഞ്ഞത് ആരും കരയരുത്, പറ്റുമെങ്കില്‍ ചിരിക്കാന്‍. ഫോട്ടോ എടുത്ത മോന്‍ തന്നെയായിരുന്നു പറഞ്ഞത് ആരും കരയരുത്, പറ്റുമെങ്കില്‍ ചിരിക്കാന്‍.

സൈക്കോളജിക്കലി ചിന്തിച്ചാല്‍ അറിയാം, മോശമായി പ്രതികരിക്കുന്നത് അവരുടെ സാഹചര്യം, അവര്‍ കടന്നുപോയ സാഹചര്യം അത്തരത്തില്‍ ആയതുകൊണ്ട് ആയിരിക്കാം. പലരും വിളിച്ചു ചോദിക്കുകയൊക്കെ ചെയ്തു. നിങ്ങള്‍ എന്തിനാണ് ഇങ്ങനെ ചെയ്തത് എന്ന്. ചോദിച്ചപ്പോള്‍ സങ്കടം വന്നു, പക്ഷെ അവരോട് ദേഷ്യമൊന്നുമില്ല. അവര്‍ക്ക് അവരുടെ സാഹചര്യങ്ങളും ഇഷ്ടത്തിനും മുന്നോട്ട് പോകാന്‍ പറ്റില്ല എന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here