Kasargod:കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാലയില്‍ വീണ്ടും സംഘപരിവാറിന്റെ വഴിവിട്ട നിയമനങ്ങള്‍

(Kasargod Central University)കാസര്‍ഗോട്ടെ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ വഴി വിട്ട നിയമനങ്ങള്‍ തുടര്‍ക്കഥയാവുന്നു. (ABVP)എ ബി വി പി നേതാവിന് യുജിസി യോഗ്യതയില്ലാതെ നിയമനം നല്‍കിയതില്‍ ഹൈക്കോടതി സര്‍വ്വകലാശാലക്ക് നോട്ടീസയച്ചതിനു പിന്നാലെ മറ്റൊരു ഉദ്യോഗാര്‍ത്ഥി കൂടി കോടതിയെ സമീപിച്ചു.

എ ബി വി പി തമിഴ്‌നാട് മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന എം. നാഗലിംഗത്തെ സോഷ്യല്‍ വര്‍ക്ക് വകുപ്പില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച നടപടിയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പില്‍ നിയമനം ഹര്‍ജിയിലെ തുടര്‍ ഉത്തരവുകള്‍ക്ക് വിധേയമായിരിക്കുമെന്ന് പറയുന്നു. നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സര്‍വ്വകലാശാലക്ക് നോട്ടീസയച്ചു. കേരള കേന്ദ്ര സര്‍വകലാശാലയിലെ അസി.പ്രൊഫസര്‍ ഡോ. ലക്ഷ്മി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് യു.ജി.സി. സ്‌കെയിലില്‍ എട്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും യു.ജി.സി അംഗീകരികരിച്ച ഏഴ് പ്രസിദ്ധീകരണങ്ങളും വേണം. നാഗലിംഗത്തിനു യുജിസി സ്‌കെയിലില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം മാത്രമാണുള്ളത്. മതിയായ പ്രസിദ്ധീകരണങ്ങളുമില്ല. പബ്ലിക് അഡ്മിനിസ്‌ട്രേഷനിലെ നിയമനത്തിനെതിരായ ഹര്‍ജിയും ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. 12 വര്‍ഷമായി ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി ജോലി ചെയ്യുന്ന ഡോ. സോണി കുഞ്ഞപ്പനാണ് ഹര്‍ജി നല്‍കിയത്.

ഗുജറാത്തിലെ ഭരണത്തെ വാഴ്ത്തി ഗവേഷണം നടത്തിയ ദുര്‍ഗ്ഗാറാവുവിന് നിയമനം നല്‍കിയതിനെതിരെയാണ് പരാതി. നിയമനം ലഭിച്ചയാള്‍ക്ക് മതിയായ യോഗ്യതയില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. സര്‍വ്വകലാശാല നിയമനങ്ങളില്‍ വ്യാപകമായ ക്രമക്കേടാണ് നടക്കുന്നതെന്ന് എസ് എഫ് ഐ ജില്ല സെക്രട്ടറി ബിപിന്‍ രാജ് പായം പറഞ്ഞു

സോഷ്യല്‍ വര്‍ക്ക് വകുപ്പില്‍ രാജേന്ദ്ര ബൈക്കടിയെ ഓണ്‍ലൈന്‍ അഭിമുഖം വഴി അസി. പ്രൊഫസറായി നിയമിച്ചത് ചട്ടവിരുദ്ധമാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് വകുപ്പിലും വ്യാപകമായി രാഷ്ട്രീയ നിയമനങ്ങള്‍ നടന്നതായി പരാതിയുണ്ട്. അസിസ്റ്റന്റ് – അസോസിയേറ്റ് – പ്രൊഫസര്‍ തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള മൂന്നാം ഘട്ട ഇന്റര്‍വ്യൂ നടക്കാനിരിക്കുമ്പോള്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നതായാണ് പരാതി ഉയരുന്നത്. യോഗ്യതയുണ്ടായിട്ടും തഴഞ്ഞ് യു ജി സി മാനദണ്ഡമനുസരിച്ചുള്ള യോഗ്യതയില്ലാത്തവരെ വിവിധ വകുപ്പുകളില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News