വൈദ്യുതി നിലയത്തില്‍ നിന്നും താഴ വീണ അതിഥി തൊഴിലാളിയെ രക്ഷിച്ചത് സാഹസികമായി

ഇടുക്കി ചിന്നാര്‍ വൈദ്യുതി നിലയത്തിന്റെ നിര്‍മാണത്തിനിടെ ഡാമിന്റെ മുകളില്‍ നിന്നും കാല്‍ വഴുതി പുഴയില്‍ വീണ അഥിതി തൊഴിലാളിയെ അഗ്‌നി രക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. പശ്ചിമ ബംഗാള്‍ സ്വദേശി നഞ്ചന്‍ ഹജോങ് (20)നെയാണ് അടിമാലി അഗ്‌നി – രക്ഷാ സേന രക്ഷിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു അപകടം. പ്രോജക്റ്റിന്റെ നിര്‍മാണത്തിനിടെ 40 അടി താഴ്ചയില്‍ യുവാവ് പുഴയിലേക്ക് വീണു. വീഴ്ചയില്‍ ഇയാളുടെ കാല്‍ ഒടിയുകയും ചെയ്തു.

പുഴയില്‍ ശക്തമായ ഒഴുക്കുമുണ്ടായിരുന്നു. ഒഴുകി പോകുന്നതിനിടെ ഇയാള്‍ പുഴയുടെ നടുവിലെ പാറയില്‍ പിടിച്ച് കയറി. അവശ നിലയിലായ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഒഴുക്ക് ശക്തമായതിനാല്‍ ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് അഗ്‌നി രക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. അര മണിക്കൂറിനുള്ളില്‍ അടിമാലിയില്‍ നിന്നും അഗ്‌നി രക്ഷാ സേന എത്തി പുഴയ്ക്ക് കുറുകെ വടം കെട്ടി. കയറില്‍ തൂങ്ങി അപകടത്തില്‍പ്പെട്ട തൊഴിലാളിയെ സാഹസികമായി ചുമന്ന് കരയ്ക്ക് കയറ്റി. പരിക്കേറ്റ യുവാവിനെ പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.അടിമാലി അഗ്‌നി രക്ഷാനിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ കെ.റ്റി. പ്രഘോഷിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here