നൂറ്റി മൂന്നു കോടി രൂപ കെഎസ്ആര്‍ടിസിക്ക് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശമ്പള വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി 103 കോടി രൂപ കെ എസ് ആര്‍ ടി സി ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന്
ഹൈക്കോടതി. സെപ്തം 1 ന് മുന്‍പ് തുക നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഫെസ്റ്റിവല്‍ അലവന്‍സും ഈ തുക ഉപയോഗിച്ച് വിതരണം ചെയ്യണമെന്ന് കെ എസ് ആര്‍ സി യോട് കോടതി നിര്‍ദ്ദേശിച്ചു. ശമ്പള വിതരണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ശമ്പളം യഥാസമയം ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും മറ്റും സമര്‍പ്പിച്ച ഏതാനും ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും ശമ്പളം യഥാസമയം നല്‍കാന്‍ കഴിയാത്ത സാഹചര്യമാണെന്നും കെ എസ് ആര്‍ ടി സി അധികൃതര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. ജൂലൈ ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം പൂര്‍ണ്ണമായി നല്‍കാന്‍ 103 കോടി രൂപ ആവശ്യമാണെന്നും കെ എസ് ആര്‍ ടി സി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് തുക നല്‍കാന്‍ സര്‍ക്കാരിന് കഴിയുമോ എന്ന് കോടതി ചോദിച്ചത്.

സര്‍ക്കാര്‍ 10 ദിവസം സാവകാശം തേടിയെങ്കിലും അടുത്ത മാസം 1 വരെ മാത്രം കോടതി സമയം അനുവദിക്കുകയായിരുന്നു. സെപ്തം 1 നകം 103 കോടി രൂപ ധനസഹായം സര്‍ക്കാര്‍ കെ എസ് ആര്‍ ടി സി ക്ക് കൈമാറണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ജൂലൈ , ഓഗസ്റ്റ് മാസങ്ങളിലെ ജീവനക്കാരുടെ ശമ്പളവും ഫെസ്റ്റിവല്‍ അലവന്‍സും ഈ തുക ഉപയോഗിച്ച് വിതരണം ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു . കെ എസ് ആര്‍ ടി സി യില്‍ ശമ്പള വിതരണത്തിന് നടപടി ആരംഭിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 250 കോടിയുടെ നവീകരണ പാക്കേജ് പരിഗണനയിലാണെന്നും സര്‍ക്കാര്‍ അറിയിച്ചു. പദ്ധതിയുമായി മുന്നോട്ട് പോകാവുന്നതാണെന്ന് കോടതി വ്യക്തമാക്കി. അടുത്ത മാസം ഒന്നിന് കേസ് വീണ്ടും പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News