സൗദിയില്‍ പ്രവര്‍ത്തനം ശക്തമാക്കാനുള്ള പദ്ധതിയുമായി ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ്

സൗദി അറേബ്യയില്‍ പ്രവര്‍ത്തനം ശക്തമാക്കാനുള്ള പദ്ധതിയുമായി മിഡില്‍ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ സേവനദാവായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ്. ആരോഗ്യ മേഖലയിലേത് അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളുമായി കൈകോര്‍ത്തുള്ള വിപുലീകരണ പദ്ധതിയുടെ ഭാഗമായി ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് സൗദി നിക്ഷേപ മന്ത്രാലയവുമായി ധാരണാപത്രം ഒപ്പുവച്ചു. 2030-ഓടെ സൗദിയില്‍ 1 ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.

യുഎഇയിലും ഒമാനിലുമായി 39 ആശുപത്രികളും മെഡിക്കല്‍ സെന്ററുകളുമുള്ള ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ്, സൗദിയിലുടനീളം വിവിധ ആരോഗ്യ സേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും വിപുലീകരിക്കുന്നതിനും സംയുക്ത സംരംഭങ്ങളിലൂടെയും പൊതു- സ്വകാര്യ പങ്കാളിത്ത മോഡലുകളിലൂടെയും നിക്ഷേപാവസരങ്ങള്‍ തേടും. സ്‌പെഷ്യാലിറ്റി മെഡിക്കല്‍ സെന്ററുകള്‍, ഡേ സര്‍ജറി സെന്ററുകള്‍, ഡിജിറ്റല്‍ ആരോഗ്യ സംരംഭങ്ങള്‍, സമഗ്ര സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, ക്ലിനിക്കല്‍ റിസര്‍ച്ച് പദ്ധതികള്‍ എന്നിവ ഇതിലുള്‍പ്പെടും. അര്‍ബുദ പ്രതിരോധം, നിര്‍ണ്ണയം, ചികിത്സ എന്നീ മേഖലകളിലെ ഗവേഷണ പദ്ധതികള്‍ക്കും ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് വിപുലീകരണ പദ്ധതികളില്‍ പരിഗണ നല്‍കും.

ആരോഗ്യ സേവന മേഖലയ്ക്ക് പുറമെ മാനുഷിക സഹായ യജ്ഞങ്ങള്‍, അന്താരാഷ്ട്ര ആരോഗ്യരംഗത്തെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് മന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. വിപുലീകരണ പദ്ധതിയുടെ ഭാഗമായി സൗദിയിലെ സ്വകാര്യ മേഖലയിലെ വിവിധ സേവനദാതാക്കളുമായും പ്രമുഖ പൊതുമേഖലാ ആശുപത്രികളുമായുള്ള ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വരും മാസങ്ങളില്‍ സഹകരണ കരാറുകളില്‍ ഒപ്പുവയ്ക്കാനാണ് ശ്രമം.

ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്ന സുപ്രധാന വിപണിയാണ് സൗദി അറേബ്യയെന്നും നിക്ഷേപ മന്ത്രാലയവുമായുള്ള ഈ ധാരണാപത്രത്തില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്റെ സ്ഥാപകനും സിഇഒയുമായ ഡോ.ഷംഷീര്‍ വയലില്‍ പറഞ്ഞു. ‘സൗദിയിലേക്കുള്ള പ്രവേശനത്തിലെ സുപ്രധാന ചുവടുവയ്പാണിത്. രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ പദ്ധതികളെ പിന്തുണയ്ക്കുന്നതിനും വിഷന്‍ 2030ന്റെ അവിഭാജ്യ ഘടകമായ ആരോഗ്യ മേഖലയിലേക്ക് വൈദഗ്ധ്യം കൊണ്ടുവരുന്നതിനുള്ള നിരവധി അവസരങ്ങളുടെ ഭാഗമാകുന്നതിലും അഭിമാനമുണ്ട്.’

2007-ല്‍ സ്ഥാപിതമായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് അര്‍ബുദ ചികിത്സ, ഓര്‍ത്തോപീഡിക്സ്, ദീര്‍ഘകാല പരിചരണം, പുനരധിവാസം, മാതൃ ശിശു പരിപാലനം, എന്നിവയില്‍ മുന്‍നിരയിലാണ്. ഈ മേഖലയിലെ സമഗ്ര ശേഷി സൗദിയില്‍ ഉപയോഗപ്പെടുത്താനും വികസിപ്പിക്കാനാണ് ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്റെ നീക്കം.

2021 ലെ സാമ്പത്തിക റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവിട്ട ഗ്രൂപ്പ് റെക്കോര്‍ഡ് വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് വിപുലീകരണ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. 2021 സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ വരുമാനം 3,351 ദശലക്ഷം ദിര്‍ഹമാണ്. 2019-2021 കാലയളവില്‍ 18% സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്.

സൗദിയില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനായി ബുര്‍ജീല്‍ ഹോള്‍ഡിംഗ് ഒപ്പുവച്ച കരാര്‍ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് സ്ഥാപകനും സിഇഒയുമായ ഡോ. ഷംഷീര്‍ വയലിലും സൗദി നിക്ഷേപ മന്ത്രാലയം ഡെപ്യൂട്ടി മന്ത്രി ഫഹദ് അല്‍ നയീമും പരസ്പരം കൈമാറുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News