ആറ് മാസത്തിനിടെ കൊച്ചിയിലെത്തിച്ചത് നാലരകിലോ എംഡിഎംഎ; നൈജീരിയന്‍ പൗരന്‍ പിടിയില്‍

കേരളത്തിലേക്ക് എംഡിഎംഎ മയക്കുമരുന്ന് കയറ്റി അയച്ച് വില്‍പ്പന നടത്തുന്നയാള്‍ ബംഗളൂരുവില്‍ അറസ്റ്റിലായി. നൈജീരിയന്‍ പൗരനായ ഒക്കാഫോര്‍ എസേ ഇമ്മാനുവേലിനെയാണ് (36) പാലാരിവട്ടം പൊലീസ് പിടികൂടിയത്. ജൂലൈ 20ന് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം ലിങ്ക് റോഡില്‍നിന്ന് എംഡിഎംഎയുമായി പിടികൂടിയ ഹാറൂണ്‍ സുല്‍ത്താനില്‍നിന്നാരംഭിച്ച അന്വേഷണമാണ് ബംഗളൂരുവിലെ വന്‍ മയക്കുമരുന്ന് മാഫിയയിലേക്ക് എത്തിയത്.

ഹാറൂണിനെ ചോദ്യംചെയ്തതിനുപിന്നാലെ അലിന്‍ ജോസഫ്, നിജു പീറ്റര്‍, അലന്‍ ടോണി എന്നിവരെ വിവിധ ദിവസങ്ങളിലായി പാലാരിവട്ടം പൊലീസ് അറസ്റ്റുചെയ്തു. ഇവരെ ചോദ്യംചെയ്തതില്‍നിന്ന് ബംഗളൂരുവില്‍ താമസിച്ച് വന്‍തോതില്‍ എംഡിഎംഎ കയറ്റിയയക്കുന്ന ഫോര്‍ട്ട്കൊച്ചി സ്വദേശി വര്‍ഗീസ് ജോസഫാണെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇയാളെ അറസ്റ്റുചെയ്ത് ചോദ്യംചെയ്തതില്‍നിന്നാണ് നൈജീരിയന്‍ സ്വദേശിയെക്കുറിച്ച് വിവരം ലഭിച്ചത്.

കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ എറണാകുളം ഭാഗത്തേക്ക് നാലര കിലോഗ്രാം എംഡിഎംഎ കൈമാറ്റം ചെയ്തതായും പ്രതികള്‍ സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് ഒക്കാഫോര്‍ എസേ ഇമ്മാനുവേലിനെ പിടികൂടിയത്. കൂട്ടാളികള്‍ അറസ്റ്റിലായതറിഞ്ഞ് ഇയാള്‍ മൊബൈല്‍ഫോണ്‍ ഓഫാക്കി താമസസ്ഥലം മാറിയിരുന്നു. ഇതോടെ സൈബര്‍ സെല്ലിന്റെയും വാട്ട്‌സ്ആപ്പിന്റെയും സഹായത്തോടെ ബംഗളൂരു കെ ആര്‍ പുരത്തുനിന്ന് പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയയുടെ പ്രധാന കണ്ണിയാണ്.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു. ഇയാളുടെ സംഘമാണ് കേരളത്തിലേക്ക് കൂടുതലായി എംഡിഎംഎ കൈമാറുന്നത്. കൂടുതല്‍ പ്രതികളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. എറണാകുളം എസിപി പി രാജ്കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ എസ് സനല്‍, സനീപ് കുമാര്‍, മാഹിന്‍ അബൂബക്കര്‍, അരുണ്‍ സുരേന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News