Gopika Teacher: അവയവദാനത്തിലൂടെ മാര്‍ഗദീപം തെളിയിച്ച് ഗോപിക ടീച്ചര്‍; മരണത്തിലും തോൽക്കാതെ മൂന്നുപേർക്ക് ജീവനായി

അവയവദാനത്തിലൂടെ മാര്‍ഗദീപം തെളിയിച്ച് ഗോപിക ടീച്ചര്‍. ടീച്ചറുടെ അവയവങ്ങളിലൂടെ ഏഴ് പേര്‍ക്കാണ് പുതു ജീവന്‍ ലഭിക്കുന്നത്. കരള്‍, വൃക്കകള്‍, ഹൃദയ വാല്‍വ്, കണ്ണുകള്‍ എന്നിവയാണ് ടീച്ചര്‍ ദാനം ചെയ്തത്. ഭര്‍ത്താവ് പ്രവീണും മകന്‍ പ്രാണും തീരാവേദനയ്ക്കിടയിലായിരുന്നു ഈ തീരുമാനം കൈക്കൊണ്ടത്.

ഒരു അധ്യാപികയെന്നതിനപ്പുറം സ്‌നേഹത്തിന്റെ നിറകുടമായ വ്യക്തി. അതായിരുന്നു ഗോപിക ടീച്ചര്‍. ഒരാഴ്ച മുമ്പ് തലച്ചോറില്‍ രക്തസ്രാവം ഉണ്ടായി പക്ഷാഘാതമുണ്ടായതിനെ തുടര്‍ന്നാണ് ഗോപിക ടീച്ചറെ ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായി തുടരുകയും ബുധനാഴ്ച മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയുമായിരുന്നു.

കേരളാ സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ടാണ് ബന്ധുക്കള്‍ അവയവദാനത്തിന് തീരുമാനിച്ചത്. തീരുമാനത്തെ ആശുപത്രി അധികൃതര്‍ അത്യന്തം ആദരവോടെ സ്വീകരിച്ചു. ഭര്‍ത്താവ് പ്രവീണ്‍കുമാറും മകന്‍ പ്രാണ്‍ പ്രവീണും ബന്ധുക്കളുമെല്ലാം ചേര്‍ന്ന് ഏകകണ്ഠമായെടുത്ത തീരുമാനം ഏഴ് പേര്‍ക്കാണ് പുതു ജീവന്‍ നല്‍കുന്നത്.

കരള്‍, വൃക്കകള്‍, ഹൃദയ വാല്‍വ്, കണ്ണുകള്‍ എന്നിവയാണ് വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് ദാനം ചെയ്തത്. കരള്‍ കിംസ് ആശുപത്രിയിലും വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പുഷ്പഗിരി മെഡിക്കല്‍ കോളേജിലും ഹൃദയ വാല്‍വ് ശ്രീ ചിത്രയിലെ രണ്ടു പേര്‍ക്കും കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലും ചികിത്സയിലുള്ള രണ്ടു രോഗികള്‍ക്കുമായാണ് നല്‍കിയത്.

ഒരു അധ്യാപികയെന്ന നിലയില്‍ കുട്ടികളില്‍ സഹജീവികളോടുള്ള സ്‌നേഹം, മനുഷ്യത്വം, ദയ തുടങ്ങിയ സദ്ഗുണങ്ങള്‍ നിര്‍ലോഭം പകര്‍ന്നു നല്‍കുന്ന ടീച്ചറുടെ ജീവിതസന്ദേശം മരണശേഷവും തുടരണം. അതായിരുന്നു ബന്ധുക്കളുടെ തീരുമാനത്തിന് പിന്നില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News