Kodiyeri Balakrishnan: ഗവര്‍ണറുടെ നീക്കം RSS നേയും BJP യേയും തൃപ്തിപ്പെടുത്താന്‍: കോടിയേരി ബാലകൃഷ്ണന്‍

ഗവര്‍ണര്‍(governor)ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം(cpim) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍(kodiyeri balakrishnan). ഗവര്‍ണറുടെ നീക്കം RSS നേയും, BJP യേയും തൃപ്തിപ്പെടുത്താനെന്നും അദ്ദേഹത്തിന്റെ ലക്ഷ്യം കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരം പടര്‍ത്തലാണെന്നും കോടിയേരി ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ പറയുന്നു.

ആരിഫ് മുഹമ്മദ് ഖാന്‍റെ രാഷ്ട്രീയം ജനങ്ങള്‍ തിരിച്ചറിയുമെന്നും ഗവര്‍ണര്‍ വളയമില്ലാതെ ചാടരുതെന്നും കോടിയേരി ബാലകൃഷ്ണൻ രൂക്ഷമായി വിമർശിച്ചു.

കോടിയേരിയുടെ ലേഖനം 

ഗവർണർ പദവിയും ഇടപെടലുകളും ദേശവ്യാപകമായി അപായകരമായ അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. കേന്ദ്രത്തിലെ മോദി ഭരണത്തിന്റെയും ആർഎസ്എസ്‌– -ബിജെപിയുടെയും രാഷ്ട്രീയ ഇച്ഛ സംസ്ഥാനങ്ങളിൽ നടപ്പാക്കാനുള്ള ഉപകരണമായി ഗവർണർമാരെ മാറ്റിയിരിക്കുകയാണ്. അതായത് ആരിഫ് മൊഹമ്മദ് ഖാൻ എന്ന വ്യക്തിയല്ല, കേന്ദ്രം നിയമിച്ച ഗവർണറാണ് വിഷയം. ഈ രാഷ്ട്രീയ പശ്ചാത്തലത്തിൽ വേണം  ഖാന്റെ കടിഞ്ഞാണില്ലാത്ത നടപടികളെ കാണേണ്ടത്.

കുറച്ചുകാലമായി ഇടയ്ക്കുംമുറയ്ക്കും ഗവർണർ സംസ്ഥാനത്ത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുവെന്നത് തർക്കമറ്റ വസ്തുതയാണ്. ഏറ്റവുമൊടുവിൽ  മന്ത്രിസഭ അംഗീകരിച്ച് സമർപ്പിച്ച ഓർഡിനൻസിൽ ഒപ്പിടാതെ സ്ഥലംവിട്ടു. കേന്ദ്രത്തിലെ ആർഎസ്എസ്- –-ബിജെപി ഭരണത്തെ തൃപ്തിപ്പെടുത്തുന്നതിനും വ്യക്തിപരമായ താൽപ്പര്യങ്ങൾക്കുംവേണ്ടിയാണ് ഇത്. ജനങ്ങൾ തെരഞ്ഞെടുത്ത മന്ത്രിസഭ നിലനിൽക്കെ  സമാന്തരഭരണം അടിച്ചേൽപ്പിക്കാൻ ഗവർണർക്ക് കഴിയില്ല. ജനാധിപത്യകേരളം അത്രമാത്രം കരുത്തുറ്റതാണ്.

പശ്ചിമബംഗാൾ, തമിഴ്‌നാട്, മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഗവർണർമാരും   സർക്കാരുകളുമായി തുറന്നപോരും ഏറ്റുമുട്ടലും ഉണ്ടായിട്ടുണ്ട്. ചില സംസ്ഥാനങ്ങളിൽ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന്‌ ഗവർണറെ നിയമസഭകളോ മന്ത്രിസഭകളോ നീക്കുകയും നിയമഭേദഗതി പാസാക്കുകയും ചെയ്തിട്ടുണ്ട്. ഗവർണർക്കെതിരെ പ്രതിഷേധിച്ച് ചില മുഖ്യമന്ത്രിമാർ പ്രത്യക്ഷസമരം നടത്തിയിട്ടുമുണ്ട്. എന്നാൽ, ഗവർണറും സംസ്ഥാന സർക്കാരും പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുകയെന്ന സമീപനമാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. ഗവർണറുടെ ഭാഗത്തുനിന്ന് സംഭവിക്കാൻ പാടില്ലാത്ത സമീപനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതിനെല്ലാം  സർക്കാരും മുഖ്യമന്ത്രിയും തികഞ്ഞ ക്ഷമാശീലവും സംയമനവും പാലിച്ച് ‘സ്‌ഫോടനാവസ്ഥ’ ഒഴിവാക്കുകയായിരുന്നു.

ഗവർണർ പദവി ഒരു അജഗളസ്തനമാണെന്നും  അനാവശ്യമായ ഈ സ്ഥാനം ഇല്ലാതാക്കണമെന്നും ഇടതുപക്ഷ പാർടികൾ  മുമ്പേ ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന സംവിധാനമായതുകൊണ്ട്  ഏറ്റുമുട്ടുകയെന്നത് നയമായി എൽഡിഎഫ് സർക്കാർ സ്വീകരിക്കുന്നില്ല. ഗവർണർക്ക് സംസ്ഥാന ഭരണത്തലവനെന്ന വിശേഷണമുണ്ട്. എന്നാൽ, ജനങ്ങൾ തെരഞ്ഞെടുത്ത ഭരണത്തെ മറികടക്കാനുള്ള സ്ഥാനമല്ല ഇത്.

മന്ത്രിസഭയുടെ ഉപദേശത്തോടെ പ്രവർത്തിക്കേണ്ട പദവിയാണ് ഗവർണറുടേത്. അതല്ലാതെ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ മേലോ സ്വന്തം സാമ്രാജ്യമോ സമാന്തരഭരണമോ നടത്താൻ ഗവർണറെ ഭരണഘടന അനുവദിക്കുന്നില്ല. ഇത് മനസ്സിലാക്കുന്നതിൽ ആരിഫ് മൊഹമ്മദ് ഖാന് വലിയ പിഴവ് പറ്റിയിട്ടുണ്ട്. ഓർഡിനൻസിൽ ഒപ്പിടാതെ ബിജെപി-–- ആർഎസ്എസ് രാഷ്ട്രീയ ചേരിയെ ആഹ്ലാദിപ്പിക്കുകയാണ് ഗവർണർ.

ലോകായുക്ത ഉൾപ്പെടെ റദ്ദായ 11 ഓർഡിനൻസ്‌ മന്ത്രിസഭായോഗം വീണ്ടും അംഗീകരിച്ച് ഗവർണറുടെ അനുമതിക്കായി കൈമാറിയെങ്കിലും അദ്ദേഹം ഒപ്പിടാതെ മാറ്റിവച്ചത് അനുചിതമാണ്. അവ  മടക്കി അയക്കാൻ ഗവർണർക്ക് അധികാരമുണ്ട്. അതും ചെയ്തില്ല. മുമ്പ് ഗവർണർ തന്നെ അംഗീകരിച്ച് ഓർഡിനൻസായി പുറത്തുവന്ന നിയമങ്ങളാണ് അംഗീകാരത്തിനുവേണ്ടി എത്തിയത്.

ഈ സാഹചര്യത്തിലാണ് നിയമസഭയുടെ പ്രത്യേക സമ്മേളനം ചേർന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ദിവസം സഭ സമ്മേളിക്കുന്നത് കേരളത്തിലാണ്. ഒരു മാസംമുമ്പാണ് സഭ പിരിഞ്ഞത്. ആറുമാസത്തിൽ ഒരിക്കലെങ്കിലും സമ്മേളനം ചേരണമെന്നതാണ് വ്യവസ്ഥ. എന്നാൽ, ഭരണഘടനാ വ്യവസ്ഥ പാലിക്കുന്നതിനുവേണ്ടി പരമാവധി ദിവസങ്ങൾക്കുവേണ്ടി കാത്തുനിൽക്കാതെയാണ് കേരളനിയമസഭ സമ്മേളിച്ചുവരുന്നത്. ഇത് വിരൽചൂണ്ടുന്നത് എൽഡിഎഫ് ഭരണത്തിൽ തുടരുന്ന ജനാധിപത്യത്തിന്റെ ഔന്നത്യമാണ്.

ലോകായുക്ത ഭേദഗതി ബിൽ നിയമമന്ത്രി പി രാജീവ് അവതരിപ്പിച്ചപ്പോൾ ഇത് ഭരണഘടനാ വിരുദ്ധമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടത്. ഈ വാദം നിരർഥകമാണെന്നും ഭരണഘടനയ്ക്ക് നിരക്കാത്ത വകുപ്പുകൾ ഏതു സമയത്തും നിയമസഭയ്ക്ക് ഭേദഗതി ചെയ്യാൻ അധികാരമുണ്ടെന്നും രാജീവ് മറുപടിയും നൽകി.

ഇന്ത്യയിൽ അഴിമതി, വിശിഷ്യാ ഭരണത്തിലെ അഴിമതി ഇല്ലാതാക്കാൻ ലോക്പാൽ നിയമത്തിനുവേണ്ടി നിരന്തരം പോരാടിയത്  ഇടതുപക്ഷപ്രസ്ഥാനമാണ്. ഇത്തരം നിയമം കൊണ്ടുവരാതിരിക്കുന്നതിന് പരമാവധി യത്‌നിച്ച കക്ഷിയാണ് ദീർഘകാലം രാജ്യം ഭരിച്ച കോൺഗ്രസ്. ഇപ്പോൾ ഭേദഗതി ചെയ്യുന്ന സംസ്ഥാന ലോകായുക്ത നിയമം കൊണ്ടുവന്നത് നായനാർ സർക്കാരാണ്. ഭരണമെന്നാൽ അഴിമതിക്കുള്ള മൗലികാവകാശമാണെന്ന സിദ്ധാന്തവും പ്രയോഗവും അംഗീകരിച്ച പാർടിയാണ് കോൺഗ്രസ്. ആ കക്ഷി അഴിമതിവിരുദ്ധ നിയമത്തെ എൽഡിഎഫ് സർക്കാർ ചിറകരിയുന്നുവെന്ന ആക്ഷേപം ഉന്നയിക്കുന്നത് ചരിത്രവിരുദ്ധവും ഇരട്ടത്താപ്പുമാണ്.

മോദി സർക്കാരിന്റെ ചട്ടുകമായ ഗവർണറും മതനിരപേക്ഷതയിൽ ഉറച്ചുനിൽക്കുന്ന എൽഡിഎഫ് സർക്കാരും തമ്മിലുള്ള ഭിന്നതയാണ് കാതലായ വസ്തുത

ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട നിയമഭേദഗതികളും സഭയിൽ വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വലിയൊരു പുകമറ സൃഷ്ടിക്കാൻ  പ്രതിപക്ഷം സഭയ്ക്കുള്ളിലും പുറത്തും പരിശ്രമിക്കുന്നു. സഭയ്ക്ക് പുറത്ത് ആക്ഷേപവ്യവസായത്തിൽ കോൺഗ്രസുകാരേക്കാൾ മുന്നിലാണെന്നു വരുത്താൻ ബിജെപിയുമുണ്ട്.

അതിനുവേണ്ടി സർവകലാശാലയിൽ നടക്കുന്ന നിയമനങ്ങളെ വൻക്രമക്കേടായി ചിത്രീകരിക്കാനുള്ള ഗവർണറുടെ നീക്കത്തിന് പ്രതിപക്ഷകക്ഷികൾ താങ്ങ് നൽകുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ വിവിധ സർവകലാശാലകളിലായി കഴിഞ്ഞ 10 വർഷത്തിനിടയിൽ  അയ്യായിരത്തിലധികം നിയമനം നടന്നിട്ടുണ്ട്.

എന്നാൽ, അതിൽ മൂന്നോ നാലോ വേർതിരിച്ചുയർത്തി സിപിഐ എം നേതാക്കളുടെ ബന്ധുക്കൾക്ക് ചട്ടംലംഘിച്ച് നിയമനമെന്ന് ആക്ഷേപം ഉന്നയിക്കുകയാണ്. വിവാദമാക്കുന്ന ഈ നിയമനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഉയർന്ന അക്കാദമിക് യോഗ്യതയും മതിയായ പ്രാഗത്ഭ്യവുമുണ്ട്. എന്നിട്ടും സർവകലാശാലകളെ സിപിഐ എം നേതാക്കളുടെ ഭാര്യമാർക്കുമാത്രം ജോലി കിട്ടുന്ന ഇടമെന്നു സ്ഥാപിക്കാനുള്ള കുത്സിതശ്രമമാണ് നടക്കുന്നത്.

ഇതിലൂടെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് കമ്യൂണിസ്റ്റുവിരുദ്ധ ജ്വരം പടർത്തുകയാണ് ഗവർണറും ചെയ്യുന്നത്. ഇവിടെ ഗവർണറും മുഖ്യമന്ത്രിയോ അല്ലെങ്കിൽ ഏതെങ്കിലും മന്ത്രിമാരോ തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളല്ല ഉള്ളത്. മോദി സർക്കാരിന്റെ ചട്ടുകമായ ഗവർണറും മതനിരപേക്ഷതയിൽ ഉറച്ചുനിൽക്കുന്ന എൽഡിഎഫ് സർക്കാരും തമ്മിലുള്ള ഭിന്നതയാണ് കാതലായ വസ്തുത.

ഗവർണർക്ക് ചൂട്ടുപിടിക്കുകയാണ് കോൺഗ്രസ് പ്രതിപക്ഷമെങ്കിലും ഗവർണർ–-സർക്കാർ ഏറ്റുമുട്ടലിന്റെ രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയും. ഗവർണറുടെ വളയമില്ലാ ചാട്ടത്തിന്റെ രാഷ്ട്രീയവും നിലവാരവും എന്തെന്ന് വ്യക്തമാക്കുന്നതാണ് കണ്ണൂർ വൈസ്ചാൻസലർക്കെതിരായ  ആക്രോശവും ചുവടുവയ്പും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News