Praggnanandha:വിജയത്തിന്റെ പടവുകള്‍ വെട്ടി പ്രജ്ഞാനന്ദ, കരുത്തായി അമ്മ നാഗലക്ഷ്മി…

ഇന്ത്യന്‍ ചെസിലെ പുതിയ സൂപ്പര്‍താരമാണ് ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍ പ്രജ്ഞാനന്ദ(R Praggnanandha). കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അത്ഭുതകരമായ നേട്ടങ്ങളാണ് ഈ കൗമാരക്കാരന്‍ സൃഷ്ടിച്ചത്. ലോക ഒന്നാംനമ്പര്‍ താരമായ മാഗ്നസ് കാള്‍സണെ മൂന്നുതവണ തോല്‍പ്പിച്ച് തമിഴ്നാട്ടുകാരന്‍ പ്രജ്ഞാനന്ദ ചരിത്രംകുറിക്കുമ്പോള്‍ അത് അച്ഛന്‍ രമേശ് ബാബുവിനും അമ്മ നാഗലക്ഷ്മിക്കും അഭിമാന നേട്ടം തന്നെയാണ്.

പോളിയോ ബാധിതനായ പിതാവ് രമേഷ് ബാബുവും അമ്മ നാഗലക്ഷ്മിയുമാണ് പ്രജ്ഞാനന്ദയുടെ ശക്തിയും പിന്തുണയും. മക്കള്‍ രണ്ടുപേരും ചെസ്സ് ചാമ്പ്യന്‍സാണ്. വീട്ടില്‍ ചെസ് കളിക്കാന്‍ പ്രജ്ഞാനന്ദയോടൊപ്പം സഹോദരി വൈശാലിയുമുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഉള്‍പ്പെടെ നിരവധി റെക്കോര്‍ഡുകളാണ് വൈശാലിയും സ്വന്തമാക്കിയിരിക്കുന്നത്. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയുള്ള സഹോദരി വൈശാലി രമേശ്ബാബുവാണ് പ്രജ്ഞാനന്ദയെ ചെസ്സ് ലോകത്തേക്ക് കൈപിടിച്ചുനടത്തിയത്.

ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച പ്രജ്ഞാനന്ദ, വിജയത്തിന്റെ ഓരോ പടവുകള്‍ കയറുമ്പോഴും അമ്മ നാഗലക്ഷ്മി നിഴല്‍ പോലെ ഒപ്പമുണ്ടായിരുന്നു. മൂത്തമകള്‍ വൈശാലിക്ക് ടി വി നിരന്തരം കാണുന്ന ശീലമുണ്ടായിരുന്നു. അതില്‍ നിന്ന് ഒരു മാറ്റത്തിനായാണ് മകളെ അടുത്തുള്ള ചെസ് ക്ലാസില്‍ ചേര്‍ക്കാന്‍ അമ്മ നാഗലക്ഷ്മിയും അച്ഛന്‍ രമേശ് ബാബുവും തീരുമാനിച്ചത്. ആ കുട്ടിയില്‍ നല്ല മാറ്റം കാണാന്‍ അച്ഛനും അമ്മക്കും സാധിച്ചു. പിന്നീട് ചേച്ചിയോടൊപ്പം ചെസ് കളിക്കാന്‍ താത്പര്യം കാണിക്കുന്ന കുഞ്ഞു പ്രജ്ഞാനന്ദയെയാണ് അവര്‍ കണ്ടത്. താന്‍ പോളിയോ ബാധിതനായതിനാല്‍ ഭാര്യ നാഗലക്ഷ്മിയാണ് മക്കളെ രണ്ട് പേരെയും പഠിക്കാനായി ഒറ്റയ്ക്ക് യാത്ര ചെയ്ത് കൊണ്ടാക്കിയിരുന്നതെന്ന് രമേശ് ബാബു പറയുന്നു.

ഇപ്പോള്‍ പ്രജ്ഞാനന്ദയും സഹോദരി വൈശാലിയും ആഹാരം കഴിക്കുന്ന സമയത്ത് മാത്രമേ ടി വി കാണുകയുള്ളൂവെന്ന് അമ്മ നാഗലക്ഷ്മി പറയുന്നു. കുട്ടികള്‍ക്ക് പ്രത്യേകമായി ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമോ അല്ലെങ്കില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ താരമോ അങ്ങനെ താത്പര്യങ്ങളൊന്നുമില്ലെന്ന് അമ്മ നാഗലക്ഷ്മി പറയുന്നു. വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് ഇരുവര്‍ക്കും ഇഷ്ടം. വീട്ടിലുള്ളപ്പോള്‍ മക്കള്‍ ചെസ് കളിക്കും, അല്ലെങ്കില്‍ മറ്റ് ഗെയിംമുകളെ കുറിച്ച് ചര്‍ച്ച ചെയ്യും-അമ്മ നാഗലക്ഷ്മി പറയുന്നു.

ചെന്നൈയിലെ ചെസ് ഗുരുകുലത്തില്‍ പരിശീലിക്കുന്ന പ്രജ്ഞാനന്ദിന് നിരവധി ബഹുമതികളാണ് ലഭിച്ചിട്ടുള്ളത്. ലോകത്തെ അസാമാന്യ കഴിവുകളുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ഗ്ലാബല്‍ ചൈല്‍ പ്രൊഡിഗി പുരസ്‌കാരമുള്‍പ്പെടെ ലഭിച്ച സമ്മാനങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. മയാമിയില്‍ നടന്ന എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പിലായിരുന്നു പ്രജ്ഞാനന്ദ അവസാന ജയം. അഹങ്കാരത്തിന്റെ കൊടുമുടിയില്‍ നിന്ന് ഒരിക്കല്‍ കാള്‍സണ്‍ പറഞ്ഞു.’എനിക്ക് എതിരാളികള്‍ ഇല്ല. മടുത്തു തുടങ്ങിയിരിക്കുന്നു.’വീണ്ടും മാഗ്‌നസ് കാള്‍സനെ തന്റെ കരു നീക്കങ്ങളില്‍ കുരുക്കി നിര്‍ത്തി പ്രജ്ഞാനന്ദ ലോകത്തോട് വിളിച്ചു പറഞ്ഞു ഇത് അട്ടിമറിയല്ല ആധികാരിക വിജയം തന്നെയാണ്. മയാമിയില്‍ കാള്‍സണ്‍ ചാമ്പ്യനായപ്പോള്‍ പ്രഗ്യാനന്ദയ്ക്കായിരുന്നു രണ്ടാംസ്ഥാനം. ചാമ്പ്യന്‍ഷിപ്പിനുശേഷം കാള്‍സനും പ്രജ്ഞാനന്ദയെ പ്രശംസിച്ചു.

കുഞ്ഞു പ്രജ്ഞാനന്ദയുടെ ജീവിതം നമ്മള്‍ മാതൃകയാക്കണം. സാധാരണ കുടുംബത്തില്‍ ജനിച്ച പ്രജ്ഞാനന്ദയുടെ നേട്ടം കൊയ്തുകൊണ്ടുള്ള യാത്ര ഏവരെയും അമ്പരപ്പിക്കുന്നതാണ്. എട്ടാംവയസ്സിലാണ് ബുദ്ധിമാന്മാരുടെ കളിയായ ചെസില്‍ പ്രജ്ഞാനന്ദയുടെ വിജയത്തിന്റെ തേരോട്ടം ആരംഭിക്കുന്നത്.

2013 ല്‍ നടന്ന വേള്‍ഡ് യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ എട്ട് വയസ്സിന് താഴെയുള്ള വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ വിജയിച്ചു കൊണ്ടായിരുന്നു പ്രജ്ഞാനന്ദയുടെ തുടക്കം. 2016 ല്‍ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര ചെസ് ചാമ്പ്യന്‍ എന്ന നേട്ടം പ്രജ്ഞാനന്ദിനെ തേടിയെത്തി. അന്ന് കേവലം 10 വയസ്സ് മാത്രമായിരുന്നു പ്രായം. 12-ാം വയസ്സില്‍ റഷ്യന്‍ താരമായ സെര്‍ജേയ് കര്‍ജ്കിന്നിന് ശേഷം ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്റര്‍ ആയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News