എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വിശാലമായ അധികാരങ്ങള്‍ ശരിവച്ച ഉത്തരവ് പുനഃപ്പരിശോധിക്കും: സുപ്രീം കോടതി|SC

(ED)എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വിശാലമായ അധികാരങ്ങള്‍ ശരിവച്ച ഉത്തരവ് പുനഃപ്പരിശോധിക്കുമെന്ന് സുപ്രീം കോടതി(Supreme Court). ഉത്തരവിലെ രണ്ട് സുപ്രധാന കാര്യങ്ങളില്‍ പുനപ്പരിശോധന വേണമെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം നല്‍കിയ പുനപ്പരിശോധനാ ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അധികാരങ്ങള്‍ ശരിവച്ച ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജാമ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട കര്‍ശന വ്യവസ്ഥകളും, അന്വേഷണത്തിന്റെ ഭാഗമായി ഇഡി തയാറാക്കുന്ന പ്രഥമ വിവര റിപ്പോര്‍ട്ട് ആരോപണം നേരിടുന്ന വ്യക്തിക്കോ പ്രതിക്കോ നല്‍കേണ്ടതില്ല എന്ന നിര്‍ദേശവും പുനഃപരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

നിരപരാധിത്വം തെളിയിക്കാനുള്ള ബാധ്യത ആരോപിതനില്‍ നിക്ഷിപ്തമാക്കുന്ന വ്യവസ്ഥയും പുന:പരിശേധിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഇഡിക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വ്യവസ്ഥകളുടെ ഭരണഘടനാസാധുത കഴിഞ്ഞ മാസമാണ് സുപ്രീം കോടതി അംഗീകരിച്ചത്.ഇതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നതിന് പുതിയൊരു ബെഞ്ച് രൂപീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പുനഃപരിശോധനാ ഹര്‍ജി നല്‍കിയവര്‍ക്ക് സുപ്രീം കോടതി നോട്ടിസ് അയച്ചു.

അതേസമയം പുനഃപ്പരിശോധനാ ഹര്‍ജിയെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. വിധിയില്‍ ഗുരുതരമായ വസ്തുതാ പിഴവ് ഉണ്ടെങ്കില്‍ മാത്രമേ പുനഃപരിശോധന നടത്താവൂ എന്ന് അദ്ദേഹം വാദിച്ചു.ഇ.ഡിക്ക് പരമാധികാരം നല്‍കുന്ന വിധി ജൂലായ് 27-ന് പ്രസ്താവിച്ചത് ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ്. ഇതില്‍ ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ വിരമിച്ചു.

ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ബെഞ്ചിന്റെ ഭാഗമായത്. ചീഫ് ജസ്റ്റിസ് എന്‍.വി. രമണയ്ക്ക് പുറമെ, ജസ്റ്റിസ് മാരായ ദിനേശ് മഹേശ്വരി, സി. ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജി ഇന്ന് പരിഗണിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News