ഇവന്‍ പുലിയല്ല പുപ്പുലിയാണ്…ഇന്ത്യന്‍ ചെസിലെ പുതിയ സൂപ്പര്‍താരം പ്രഗ്യാനന്ദ

‘എന്തുകൊണ്ടും യോഗ്യനാണ്. അത്ര നല്ല പ്രകടനമായിരുന്നു അവന്റേത്. അപാരമായ കഴിവും ആത്മസമര്‍പ്പണവുമുണ്ട്. അതിയായ സന്തോഷം’ ചെസ് ഇതിഹാസം കാള്‍സന്‍ പ്രഗ്യാനന്ദയെ കുറിച്ചു പറഞ്ഞ വാക്കുകളാണിത്. ഇന്ത്യന്‍ ചെസിലെ പുതിയ സൂപ്പര്‍താരമാണ് ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍ പ്രഗ്യാനന്ദ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൗമാരക്കാരന്‍ കൈവരിച്ച നേട്ടങ്ങള്‍ ചില്ലറയല്ല. കാള്‍സണെ മൂന്നുതവണ തോല്‍പ്പിച്ച് തമിഴ്‌നാട്ടുകാരന്‍ ചരിത്രംകുറിക്കുകയായിരുന്നു. മയാമിയില്‍ നടന്ന എഫ്ടിഎക്‌സ് ക്രിപ്‌റ്റോ കപ്പിലായിരുന്നു അവസാന ജയം. മയാമിയില്‍ കാള്‍സണ്‍ ചാമ്പ്യനായപ്പോള്‍ പ്രഗ്യാനന്ദയ്ക്കായിരുന്നു രണ്ടാംസ്ഥാനം.

കുഞ്ഞു പ്രഗ്യാനന്ദയുടെ ജീവിതം നമ്മള്‍ മാതൃകയാക്കണം. സകല സുഖ സൗകര്യങ്ങളില്‍ നിന്നും അല്ല ആ പയ്യന്‍ വന്നത്. സാധാരണ കുടുംബത്തില്‍ ജനിച്ച പ്രഗ്യാനന്ദയുടെ നേട്ടം കൊയ്തുകൊണ്ടുള്ള യാത്ര ഏവരെയും അമ്പരപ്പിക്കുന്നതാണ്.

എട്ടാംവയസ്സിലാണ് ബുദ്ധിമാന്മാരുടെ കളിയായ ചെസില്‍ പ്രഗ്യാനന്ദയുടെ തേരോട്ടം ആരംഭിക്കുന്നത്. 2013 ല്‍ നടന്ന വേള്‍ഡ് യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ എട്ട് വയസ്സിന് താഴെയുള്ള വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ വിജയിച്ചു കൊണ്ടായിരുന്നു ആ പയ്യന്റെ തുടക്കം.

പിന്നീട് 2016 ല്‍ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര ചെസ് ചാമ്പ്യന്‍ എന്ന നേട്ടം പ്രഗ്യാനന്ദിനെ തേടിയെത്തി. അന്ന് കേവലം 10 വയസ്സ് മാത്രമായിരുന്നു പ്രായം. രണ്ട് വര്‍ഷത്തിന് ശേഷം 12 വയസ്സില്‍ റഷ്യന്‍ താരമായ സെര്‍ജേയ് കര്‍ജ്കിന്നിന് ശേഷം ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്റര്‍ ആയി. പ്രഗ്യാനന്ദയ്ക്ക് വിജയത്തിന്റെ പടവുകള്‍ വെട്ടികൊടുത്തത് അമ്മ നാഗലക്ഷമിയാണ്. പോളിയോ ബാധിതനായ പിതാവ് രമേഷ് ബാബുവാണ് പ്രഗ്യാനന്ദയുടെ ശക്തിയും പിന്തുണയും. വീട്ടില്‍ ചെസ് കളിക്കാന്‍ സഹോദരി ആര്‍ വൈശാലിയുമുണ്ട്.

അന്താരാഷ്ട്ര മത്സരങ്ങളില്‍ ഉള്‍പ്പെടെ നിരവധി റെക്കോര്‍ഡുകളാണ് വൈശാലിയും സ്വന്തമാക്കിയിരിക്കുന്നത്. ചെന്നൈയിലെ ചെസ് ഗുരുകുലത്തില്‍ പരിശീലിക്കുന്ന പ്രഗ്യാനന്ദിന് നിരവധി ബഹുമതികളാണ് ലഭിച്ചിട്ടുള്ളത്. ലോകത്തെ അസാമാന്യ കഴിവുകളുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ഗ്ലോബല്‍ ചൈല്‍ഡ് പ്രൊഡിഗി പുരസ്‌കാരമുള്‍പ്പെടെ ലഭിച്ച സമ്മാനങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്.

ഇത് ഭാഗ്യത്തിന്റെ അട്ടിമറി അല്ല പ്രതിഭാ ശാലിയായ കൗമാരക്കാരന്റെ നിരന്തര അധ്വാനത്തിന്റെ ഫലമാണ്.ജീവിതത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ ശക്തി കൈ വരിക്കുന്നവരെ കാത്ത് ഒരു വലിയ ലോകം നില്‍ക്കുന്നുണ്ട് എന്ന് പ്രഗ്യാനന്ദ നമ്മെ ഓര്‍മിപ്പിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here