Tim Page:വിഖ്യാത വിയറ്റ്‌നാം ഫോട്ടോഗ്രാഫര്‍ ടിം പേജ് അന്തരിച്ചു

ലോകത്തെ വിയറ്റ്‌നാം യുദ്ധത്തിന്റെ മുറിവുകള്‍ അറിയിച്ച വിഖ്യാത ഫോട്ടോഗ്രാഫര്‍ ടിം പേജ്(Tim Page) അന്തരിച്ചു. 78 വയസായിരുന്നു. ആസ്‌ട്രേലിയയിലെ ന്യൂ സൗത് വെയില്‍സില്‍ ആയിരുന്നു മരണം. സഹ ഫോട്ടോഗ്രാഫറായ ബെന്‍ ബോഹന്‍ ആണ് മരണവിവരം സ്ഥിരീകരിച്ചത്. അര്‍ബുദബാധിതനായിരുന്നു പേജ്. യുദ്ധത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തവെ നിരവധി തവണ പരിക്കേറ്റിട്ടുണ്ട് ഇദ്ദേഹത്തിന്. ഒരിക്കല്‍ മുറിവേറ്റവരെ കയറ്റാന്‍ ഹെലികോപ്റ്ററില്‍ നിന്ന് ചാടിയപ്പോള്‍ മുന്നിലുണ്ടായിരുന്നയാള്‍ കുഴിബോംബില്‍ ചവിട്ടി. ബോംബ് പൊട്ടി പേജിന് പരിക്കേറ്റു. ആശുപത്രിയിലെത്തുമ്പോള്‍ മരണാസന്നനായിരുന്നു. മേജര്‍ ന്യൂറോ ശസ്ത്രക്രിയതന്നെ വേണ്ടി വന്നു രക്ഷപ്പെടുത്താന്‍.

ലോകമെമ്പാടുമുള്ള പത്രങ്ങളിലും മാഗസിനുകളിലും പേജിന്റെ കാമറയില്‍ പതിഞ്ഞ യുദ്ധക്കെടുതികളുടെ ചിത്രങ്ങള്‍ നിറഞ്ഞു. വിയറ്റ്‌നാം യുദ്ധ സിനിമയായ ‘അപ്പോക്കലിപ്‌സ് നൗ’ എന്ന ചിത്രത്തിലെ ഡെന്നിസ് ഹോപ്പര്‍ അവതരിപ്പിച്ച ഫോട്ടോ ജേണലിസ്റ്റിന്റെ പ്രചോദനവും പേജായിരുന്നു. സിനിമയുടെ തിരക്കഥാകൃത്ത് മൈക്കല്‍ ഹെര്‍, 1977-ല്‍ യുദ്ധത്തെക്കുറിച്ചുള്ള തന്റെ നിരൂപക പ്രശംസ നേടിയ ‘ഡിസ്പാച്ചസ്’ എന്ന പുസ്തകത്തില്‍ പേജിനെക്കുറിച്ച് എഴുതിയിട്ടുണ്ട്.

നിര്‍ഭയനും സ്വതന്ത്ര മനസിന്റെ ഉടമയുമായ പേജ് ഫോട്ടോഗ്രാഫിയുടെ അതിരുകള്‍ ഭേദിച്ചു. യുദ്ധത്തിന്റെ ഗതിമാറ്റാന്‍ സഹായിച്ച പോരാട്ടത്തിന്റെ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ കാമറ ഒപ്പിയെടുത്തത്. യുദ്ധത്തില്‍ നിന്ന് ഗ്ലാമര്‍ വശങ്ങള്‍ ഒപ്പിയെടുക്കാന്‍ പറ്റില്ലേ എന്ന ഒരു പബ്ലിഷറുടെ ചോദ്യത്തിന് പൊട്ടിത്തെറിച്ച ചരിത്രവും പേജിനുണ്ട്. വലിയ മനുഷ്യ സ്‌നേഹിയായിരുന്നു ഇദ്ദേഹമെന്നും നിരൂപകര്‍ വാഴ്ത്തിയിട്ടുണ്ട്.ഇംഗ്ലണ്ടിലെ ടേണ്‍ബ്രിഡ്ജ് വെല്‍സില്‍ 1944 മേയ് 25നാണ് ജനനം. എ.എഫ്.പിയുടെയും യു.പി.ഐയുടെയും ഫോട്ടോഗ്രാഫറായി ജോലി ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News