കന്നിയമ്മാള്‍ വധം;ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും 50000 രൂപ പിഴയും

ശ്രീവരാഹം മുക്കോലയ്ക്കല്‍ എസ്. കെ നിവാസില്‍ വാടകയ്ക്ക് താമസിച്ചിരുന്ന തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാള്‍ (38) നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി ഉത്തരവിട്ടു.
കൊല്ലപ്പെട്ട കന്നിയമ്മാളിന്റെ ഭര്‍ത്താവ് മാരിയപ്പനെയാണ്(45) തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.വിഷ്ണു ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലങ്കില്‍ ഒരു 6 മാസം കൂടി കഠിനതടവ് അനുഭവിക്കണം. പിഴ തുക സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടു.കേസിന്റെ വിചാരണ പൂര്‍ത്തിയായത് വെറും 24 ദിവസം കൊണ്ടാണ്.സംശയ രോഗത്തെ തുടര്‍ന്നാണ് ഭര്‍ത്താവ് മാരിയപ്പന്‍ കന്നിയമ്മയെ വെട്ടിക്കൊന്നത്.

2018 സെപ്തംബര്‍ 23 നായിരുന്നു കേസിന് ആസ്പദമായ സംഭവം. സംഭവ ദിവസം രാത്രി കന്നിയമ്മാളും മാരിയപ്പനും നഗരത്തിലെ തിയേറ്ററില്‍ സിനിമ കാണാന്‍ പോയിരുന്നു. സിനിമ തീയേറ്ററില്‍ വ്ച്ച് പരിചയക്കാരെ കണ്ട് കന്നിയമ്മാള്‍ ചിരിച്ചെന്നാരോപിച്ച് വീട്ടിലെത്തിയ മാരിയപ്പന്‍ വഴക്കുണ്ടാക്കി. ഇതിനിടെ ചുറ്റിക കൊണ്ട് കന്നിയമ്മാളിന്റെ തലയ്ക്ക് അടിച്ച് ബോധം കെടുത്തിയ ശേഷം വെട്ടികൊലപ്പെടുത്തുകയായിരുന്നു.പിന്നീട് തിരുനെല്‍വേലിയ്ക്ക് പോയ മാരിയപ്പനെ മൂന്നാം ദിവസം ഫോര്‍ട്ട് പോലീസ് പിടികൂടി. ഇരുവരുടെയും മക്കളായ മണികണ്ഠനും ഗണേശനുമായിരുന്നു കേസിലെ നിര്‍ണ്ണായക സാക്ഷികള്‍. ഇരുവരും പിതാവിനെതിരെ കോടതിയില്‍ മൊഴി നല്‍കി.

നഗരത്തിലെ പിസാ വിതരണക്കാരനായ മണികണ്ഠന്‍ സംഭവദിവസം രാത്രി 11. 30 മണിയക്ക് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന അമ്മയുടെ മൃതദേഹം കണ്ടത്.വിവാഹിതനായി മറ്റെരിടത്ത് താമസിച്ചിരുന്ന മൂത്തമകന്‍ ഗണേശിനോട് കന്നിയമ്മാള്‍ പലപ്പോഴും മാരിയപ്പന്‍ തന്നെ സംശയത്തിന്റെ പേരില്‍ ഉപദ്രവിയക്കുന്നതായി പറഞ്ഞിട്ടുണ്ടായിരുന്നു.സംഭവ ദിവസം സിനിമ കണ്ട് മടങ്ങി വന്ന കന്നിയമ്മാളും മാരിയപ്പനും വീടിന്റെ മുകള്‍ നിലയിലേയ്ക്ക് കയറി പോകുന്നത് കണ്ടതായി കന്നിയമ്മാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ വീട്ടുടമസ്ഥരായ മോഹന്‍കുമാറും, ഭാര്യ രമണിയും കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കണിയമ്മാളിന്റെ മൃതദേഹത്തിന് സമീപം രക്തത്തില്‍ കണ്ട കാല്‍പ്പാടുകള്‍ മാരിയപ്പന്റേതാണന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത് കേസ്സില്‍ നിര്‍ണ്ണായക തെളിവായി.

ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യതെളിവുകളും, ശാസ്ത്രീയമായതെളിവുകളു മാണ് പ്രോസിക്യൂഷന്‍ ആശ്രയിച്ചത്.പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീന്‍, അഡ്വ.ദീപ വിശ്വനാഥ്, അഡ്വ: വിനു മുരളി,അഡ്വ:മോഹിത മോഹന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി. 27 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 41 രേഖകളും 25 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.ഫോര്‍ട്ട് പോലീസ് അന്വേഷിച്ച കേസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജിചന്ദ്രന്‍ നായരാണ് കുറ്റപത്രം ഹാജരാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here