Kairali News Exclusive:കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയിലെ വി സി നിയമനത്തിലും ക്രമക്കേട്;രേഖകളുടെ പകര്‍പ്പ് കൈരളി ന്യൂസിന്

Kairali News Exclusive:കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ്

കാസര്‍ഗോഡ് കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ(Central University) വൈസ് ചാന്‍സലര്‍(Vice Chancellor) നിയമനത്തിലും ക്രമക്കേട് നടന്നതായി പരാതി. സെര്‍ച്ചിംഗ് കം സെലക്ഷന്‍ കമ്മറ്റി ആദ്യം തയ്യാറാക്കിയ പാനല്‍ അട്ടിമറിച്ചാണ് നിലവിലുള്ള വൈസ് ചാന്‍സലര്‍ വെങ്കടേശ്വരലുവിനെ നിയമിച്ചത്. രേഖകള്‍ കൈരളി ന്യൂസിന് ലഭിച്ചു.

വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ചട്ടങ്ങളും മാനദണ്ഡങ്ങളുമെല്ലാം അട്ടിമറിച്ചുവെന്നാണ് വിവരാവകാശ രേഖകളിലൂടെ വ്യക്തമാവുന്നത്. 2019 ജൂണ്‍ 3 നാണ് കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. ബിലാസ്പൂര്‍ ഗുരു ഗാസിദാസ് കേന്ദ്ര സര്‍വകലാശാല ചാന്‍സലറായ ഡോ. അശോക് ഖജാനന്‍ മോഡക് തലവനായി 5 പേരടങ്ങുന്ന സെര്‍ച്ച് കം സെലക്ഷന്‍ കമ്മറ്റി രൂപീകരിച്ചു. 223 പേരാണ് അപേക്ഷിച്ചത്. അപേക്ഷ പരിശോധിച്ച് ബറോഡ സര്‍വകലാശാലയിലെ മലയാളിയായ ഡോ. ടി എസ് ഗിരീഷ് കുമാറുള്‍പ്പെടെയുള്ള 16 പേരുടെ പാനല്‍ 2019 ആഗസ്ത് 9 ന് തയ്യാറാക്കി. ഇവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അഞ്ച് പേരുടെ അന്തിമ പാനല്‍ തയ്യാറാക്കി. അന്തിമ പാനല്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറി. പ്രാഥമിക പരിശോധനയില്‍ തന്നെ അപേക്ഷ തള്ളിപ്പോയ നിലവിലെ വൈസ് ചാന്‍സലര്‍ എച്ച് വെങ്കിടേശ്വരലു രണ്ട് പാനലിലും ഇടം പിടിച്ചില്ല. എന്നാല്‍ സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റിയുടെ അന്തിമ പാനല്‍ പിന്നീട് അസാധാരണ നടപടികളിലൂടെ മന്ത്രാലയം തള്ളി.

അന്തിമ പാനല്‍ രാഷ്ട്രപതി ഭവനിലേക്ക് അയക്കുന്നതിനു പകരം അഞ്ച് പേരും കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ നിയമിക്കാന്‍ യോഗ്യരല്ലെന്ന് റിപ്പോര്‍ട്ട് നല്‍കി. ഭരണ നൈപുണ്യമില്ല, നേതൃപാടവമില്ല, പ്രവൃത്തി പരിചയമില്ല തുടങ്ങിയ വിചിത്രമായ കാര്യങ്ങളാണ് അയോഗ്യതയായി ചൂണ്ടിക്കാണിച്ചത്. സ്വാഭാവികമായും പിന്നീട് പരിഗണിക്കേണ്ടത് 16 പേരുടെ പാനലിലെ അവശേഷിക്കുന്ന 11പേരെയാണ്. എന്നാല്‍ ഇതിന് പകരം പ്രാഥമിക പരിശോധനയില്‍ തള്ളിയ 207 പേരില്‍ നിന്ന് 10 പേരുടെ പുതിയ പാനല്‍ തയ്യാറാക്കി. ഇതില്‍ നിന്ന് അഞ്ച് പേരുടെ അന്തിമ പട്ടിക തയ്യാറാക്കി ഇതില്‍ അവസാന സ്ഥാനത്തുണ്ടായിരുന്ന വെങ്കടേശ്വരലുവിനെ വൈസ് ചാന്‍സലറായി നിയമിക്കുകയായിരുന്നു.

ആന്ധ്രയിലെ ഉന്നത സംഘപരിവാര്‍ നേതാവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം നടത്തിയ ഇടപെടലാണ് ഇതിന് പിന്നിലെന്നാണ് വിവരം.
വെങ്കടേശ്വരലുവിന്റെ അപേക്ഷ കൃത്യമായി സ്‌ക്രീനിംഗ് നടത്താതെയാണ് നിയമനം നടത്തിയതെന്നും ആക്ഷേപമുണ്ട്.
നിയമനത്തിനെതിരെ ആദ്യ പാനലില്‍ ഒന്നാമതുണ്ടായിരുന്ന പ്രൊഫ. ബട്ടു സത്യനാരായണ രംഗത്ത് വന്നതോടെ കര്‍ണാടക കേന്ദ്ര സര്‍വകലാശാലയില്‍ വിസിയാക്കി പ്രശ്‌നം ഒത്തു തീര്‍ക്കുകയായിരുന്നു. വി സി നിയമനത്തിലെ ക്രമക്കേടിന്റെ രേഖകള്‍ ശേഖരിച്ച ഉത്തരാഖണ്ഡ് സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന വിവരാവകാശ പ്രവര്‍ത്തകന്‍ ഡോ. നവീന്‍ പ്രകാശ് നൊട്ടിയാല്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here