Mumbai: പ്രതിഷേധം കനത്തു; മുംബൈയില്‍ പുതിയ എ സി ലോക്കല്‍ ട്രെയിനുകള്‍ പിന്‍വലിച്ചു

മുംബൈയില്‍ ദീര്‍ഘ ദൂരമുള്ള ജോലിസ്ഥലങ്ങളില്‍ ചുരുങ്ങിയ ചിലവില്‍ പോയി വരാന്‍ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് ലോക്കല്‍ ട്രെയിനുകളാണ്. അത് കൊണ്ട് തന്നെ നഗരത്തിന്റെ ജീവനാഡിയാണ് ലോക്കല്‍ ട്രെയിനുകള്‍.

എന്നാല്‍ അടുത്തിടെ സാധാരണ ലോക്കല്‍ ട്രെയിനുകള്‍ ഒഴിവാക്കി പകരം ശീതികരിച്ച ലോക്കല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ തുടങ്ങിയതോടെ വലിയൊരു വിഭാഗം യാത്രക്കാരെ ദുരിതത്തിലായി

രാവിലെയും വൈകീട്ടും തിരക്കേറിയ ഓഫീസ് സമയങ്ങളില്‍ സാധാരണക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്ന പതിവ് ലോക്കല്‍ ട്രെയിനുകള്‍ക്ക് പകരമാണ് ടിക്കറ്റ് നിരക്ക് പത്തിരട്ടിയില്‍ കൂടുതലുള്ള 56 ഏ സി ട്രെയിനുകള്‍ അവതരിപ്പിച്ചത്.

ഓരോ തവണയായി ഏ സി സര്‍വീസുകള്‍ ഉള്‍പ്പെടുത്തുമ്പോള്‍ അത്രയും നോണ്‍ ഏ സി സേവനങ്ങള്‍ ഒഴിവാക്കുന്നതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. ഏറ്റവും ഒടുവില്‍ 10 നോണ്‍ എ സി ട്രെയിനുകള്‍ക്ക് പകരമായി ശീതികരിച്ച ലോക്കല്‍ ട്രെയിനുകള്‍ അവതരിപ്പിച്ചതോടെയാണ് പ്രതിഷേധം കനത്തത്.

സൗകര്യമുള്ള സമയങ്ങളില്‍ സേവനം ലഭ്യമല്ലാത്തതും സര്‍വീസുകള്‍ക്കിടയിലെ സമയ ദൈര്‍ഘ്യവുമാണ് എ സി ലോക്കല്‍ ട്രെയിന്‍ സേവനങ്ങളുടെ പ്രധാന അപാകതയായി സന്ദീപ് കുല്‍ക്കര്‍ണി ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ 43 വര്‍ഷമായി ലോക്കല്‍ ട്രെയിനുകളെ ആശ്രയിക്കുന്ന കുല്‍ക്കര്‍ണി ടിക്കറ്റ് നിരക്കും താങ്ങാനാകുന്നതെല്ലെന്ന് പരാതിപ്പെട്ടു.

പൂര്‍ണമായും ശീതികരിക്കാതെ കുറച്ച് ബോഗികള്‍ സാധാരണയായി നിലനിര്‍ത്തിയിരുന്നെങ്കില്‍ ഇത്രയേറെ പ്രതിഷേധം ഉണ്ടാകുമായിരുന്നില്ലെന്നാണ് ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഗോപികുമാര്‍ പ്രതികരിച്ചത്.

തിരക്കുള്ള സമയത്ത് ഒരു നോണ്‍ ഏ സി ലോക്കല്‍ ട്രെയിനില്‍ അയ്യായിരത്തിലധികം പേരാണ് യാത്ര ചെയ്യുന്നത് . ഈ വണ്ടി ഒഴിവാക്കി ഏ സി ലോക്കല്‍ ഓടിക്കുമ്പോള്‍ നിലവില്‍ ആയിരം പേര്‍ മാത്രമാണ് യാത്ര ചെയ്യുന്നത്. ബാക്കി നാലായിരത്തോളം പേര്‍ മറ്റു ട്രെയിനുകളെ ആശ്രയിക്കേണ്ടി വരുന്നു.

ഇതോടെ യാത്രക്കാരെ കുത്തി നിറച്ച് വരുന്ന ട്രെയിനുകളില്‍ കയറാന്‍ കഴിയാതെ വലിയൊരു വിഭാഗമാണ് ബുദ്ധിമുട്ടിലായത് . അതെ സമയം ശീതികരിച്ച ട്രെയിനുകളില്‍ പാസ്സ് എടുക്കാന്‍ പണമില്ലാത്തവരെ നോക്കുകുത്തികളാക്കി യാത്രക്കാരില്ലാതെ കടന്നു പോകുന്ന ഏ സി ട്രെയിനുകള്‍ സ്ഥിരം കാഴ്ചയായി. ഇതാണ് പലരെയും ചൊടിപ്പിച്ചത്. പ്രതിഷേധം കനത്തതോടെ അടിയന്തിര നടപടിയായി പത്ത് ഏ സി ലോക്കല്‍ ട്രെയിനുകള്‍ റദ്ദാക്കി സാധാരണ സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ ഉത്തരവായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here