ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്:’നാട്ടങ്കം’ ജയിച്ച് പ്രണോയ്

ക്വാര്‍ട്ടര്‍ തേടിയുള്ള ഇന്ത്യന്‍ പോരില്‍ മലയാളിതാരം എച്ച് എസ് പ്രണോയിക്ക് ജയം. ഒരുമണിക്കൂറും 15 മിനിറ്റും നീണ്ട ആവേശക്കളിയില്‍ കൂട്ടുകാരന്‍ ലക്ഷ്യ സെന്നിനെ മറികടന്ന് പ്രണോയ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. സ്‌കോര്‍: 17–21, 21–16, 21–17. ആദ്യ ഗെയിമില്‍ പിന്നിട്ടുനിന്നശേഷമായിരുന്നു തിരുവനന്തപുരം സ്വദേശിയായ മുപ്പതുകാരന്റെ തിരിച്ചുവരവ്. സെമി ലക്ഷ്യമിട്ട് ഇന്ന് ചൈനയുടെ സാവോ ജുന്‍പെങ്ങിനെ നേരിടും.

വനിതകളില്‍ സൈന നെഹ്വാള്‍ പുറത്തായി. തായ്ലന്‍ഡിന്റെ ബുസാനന്‍ ഓങ്ബാംനഫാനോട് 17—21, 21—16, 13—21ന് തോറ്റു. പുരുഷ ഡബിള്‍സില്‍ രണ്ട് ഇന്ത്യന്‍ ടീമുകള്‍ അവസാന എട്ടില്‍ ഇടംപിടിച്ചു. മലയാളിതാരം എം ആര്‍ അര്‍ജുനും ധ്രുവ് കപിലയും മുന്നേറിയപ്പോള്‍ സ്വര്‍ണപ്രതീക്ഷയുള്ള സാത്വിക്സായിരാജ് രെങ്കിറെഡ്ഡി–ചിരാഗ് ഷെട്ടി സഖ്യവും ജയിച്ചു.

രണ്ടുതവണ ലോകചാമ്പ്യനായ കെന്റോ മൊമൊട്ടയെ മറികടന്നെത്തിയ പ്രണോയിക്ക് ലക്ഷ്യക്കെതിരെ തുടക്കം പതറി. ഒന്നാംഗെയിം നഷ്ടമായെങ്കിലും പിന്നീട് വിട്ടുകൊടുത്തില്ല. കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനും നിലവിലെ ലോക വെങ്കലമെഡല്‍ ജേതാവുമായ ലക്ഷ്യയ്ക്ക് അവസരം നല്‍കാതെ കളി പിടിച്ചു. ഈ വര്‍ഷം നാലാംതവണയാണ് ഇരുവരും ഏറ്റുമുട്ടിയത്. രണ്ടുവീതം കളിയില്‍ ഇരുവരും ജയിച്ചു.

അര്‍ജുന്‍–കപില സഖ്യം സിംഗപ്പൂരിന്റെ ടെറി ഹീയെയും ലൊ കീന്‍ ഹീനിനെയുമാണ് കീഴടക്കിയത് (18—21, 21—15, 21—16). ഇന്ന് ക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ മുഹമ്മദ് അഹ്സന്‍–ഹെന്‍ഡ്ര സെതിവാന്‍ കൂട്ടുകെട്ടിനെ നേരിടും. സാത്വിക്കും ചിരാഗും ഡെന്മാര്‍ക്കിന്റെ യെപ്പ ബേ–ലാസെ മൊല്‍ദെ സഖ്യത്തെ വീഴ്ത്തി. ക്വാര്‍ട്ടറില്‍ ജപ്പാന്റെ താകുരോ ഹോകിയെയും -യുഗോ കൊബയാഷിയെും നേരിടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here